കിക്ക്ഓഫ് പരിശീലന പദ്ധതിക്ക് തുടക്കമായി
എരുമപ്പെട്ടി: കുട്ടികളില്‍ നിന്നും ഫുട്‌ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുക എന്ന ദൗത്യത്തിനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന കിക്ക്ഓഫ് ഗ്രാസ് റൂട്ട് ഫുട്‌ബോള്‍ പരിശീലന പദ്ധതിക്ക് എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. സെലക്ഷന്‍ ക്യാംപില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം കുട്ടികള്‍ പങ്കെടുത്തു.
ഫുട്‌ബോള്‍ ലോകറാങ്കിങില്‍ ഇന്ത്യയുടെ നിലവാരം ഉയര്‍ത്തുന്നതിനായി കേരളത്തിലെ നഗര-ഗ്രാമ പ്രദേശങ്ങളിലേയും അവികസിത ഗിരിവര്‍ഗ കടല്‍ത്തീര മേഖലകളിലെയും കുട്ടികളില്‍ നിന്നും ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം നല്‍കുക എന്നതാണ് കിക്ക് ഓഫ് എന്ന പദ്ധതി കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച 25 ആണ്‍കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത് പരിശീലനം നല്‍കുക. സിഗ്‌സാഗ്, ടു വേഴ്‌സസ് ടു, സ്പീഡ് എന്നീ മൂന്ന് ടെസ്റ്റുകളില്‍ മികവ് പുലര്‍ത്തിയ അന്‍പത് കുട്ടികള്‍ക്കാണ് പ്രിലിമിനറി ട്രയല്‍സില്‍ സെലക്ഷന്‍ ലഭിച്ചിരിക്കുന്നത്. ഫൈനല്‍ സെലക്ഷന് വേണ്ടിയുള്ള നാല് ദിവസത്തെ പ്രിപ്പറേറ്ററീവ് ക്യാംപില്‍ ഇവര്‍ക്ക് പരിശീലനം നല്‍കും.
ഫൈനലില്‍ കിക്കിങ് ബാക്ക്, ഷൂട്ടിങ്ങ് എന്നീ ടെസ്റ്റുകളില്‍ കൂടി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന 25 പേരേയാണ് കിക്കോഫ് ഗ്രാസ് റൂട്ട് പരിശീലന പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുക്കുക.
എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് തൃശൂര്‍ ജില്ലയിലെ പരിശീല കേന്ദ്രം. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ അംഗീകാരമുള്ള കോച്ചുകളാണ് പരിശീലനത്തിന് നേതൃത്വം നല്‍കുക. വിദേശ കോച്ചുകളുടെ സാങ്കേതികസഹായവും ക്യാംപുകളില്‍ ലഭിക്കും.
കോഡിനേറ്റര്‍ മാരായ പി.കെ കുഞ്ഞിക്കോയ, എ.എം റഫീക്ക് സെലക്ഷന്‍ ക്യാംപിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."