തെരുവുവിളക്കുകളുടെ പരിപാലനം ഇനി തദ്ദേശസ്ഥാപനങ്ങള്‍ക്ക്
കണ്ണൂര്‍: തെരുവുവിളക്കുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണവും പരിപാലനവും ഇനിമുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നേരിട്ടു നടത്താമെന്നു സര്‍ക്കാര്‍ ഉത്തരവ്. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് സെക്രട്ടറി എം.കെ മോഹനകുമാറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. തെരുവുവിളക്കുകളുടെയും ഉപകരണങ്ങളുടെയുംപരിപാലനവും പ്രവൃത്തിയും കെല്‍ട്രോണ്‍ ക്രൂസ്, യുനൈറ്റഡ് ഇലക്ട്രിക്കല്‍സ് എന്നീ സ്ഥാപനങ്ങളെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ ഈ സ്ഥാപനങ്ങള്‍ പ്രവൃത്തികള്‍ യഥാസമയം നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തുന്നുവെന്നും ലഭ്യമാക്കുന്ന സാധനങ്ങളുടെ വില മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതലാണെന്നും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നു പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു സര്‍ക്കാര്‍ നടപടി. പരാതികളില്‍ കഴമ്പുണ്ടെന്നു സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ സമിതിക്കു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു തദ്ദേശസ്ഥാപനങ്ങള്‍ക്കു നേരിട്ടു ചുമതല നല്‍കിയത്.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ ടെന്‍ഡര്‍ നടപടിയിലൂടെ വാങ്ങുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. വാങ്ങുന്ന സാധനങ്ങള്‍ക്കു ടെന്‍ഡര്‍ വിളിക്കുമ്പോള്‍ പെര്‍ഫോമന്‍സ് ഗ്യാരണ്ടി ആവശ്യപ്പെടേണ്ടതും അതിനനുസരിച്ചുള്ള വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തേണ്ടതുമുണ്ട്. ഇത്തരം സാധനങ്ങളുടെ വിവരങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തുമ്പോള്‍ പെര്‍ഫോമന്‍സ് ഗ്യാരണ്ടിയുടെ വിശദാംശങ്ങളും ചേര്‍ക്കണമെന്നും തദ്ദേശസ്ഥാപനങ്ങള്‍ക്കായി ജോയിന്റ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."