പാണ്ടികാറ്റ് ഭീതിയില്‍ ആദിവാസികളും നാട്ടുകാരും
കാട്ടാക്കട: അതിരുവനം താണ്ടിയെത്തി 24 മണിക്കൂറും ചുഴലിക്കാറ്റ് പോലെ വീശിയടിക്കുന്ന പാണ്ടികാറ്റിന്റെ ഭീതിയില്‍ ആദിവാസികളും നാട്ടുകാരും. അഗസ്ത്യമുടിയ്ക്ക് തൊട്ടുതാഴെയുള്ള 28ഓളം ആദിവാസികേന്ദ്രങ്ങളായ കുന്നത്തേരി, പാറ്റാംപാറ, അണകാല്‍, മ്ലാവിള, ചെറുമാങ്കല്‍, ആമോട് എന്നിവിടങ്ങളിലൂടെ പൊടിയം, ചോനംപാറയിലൂടെ പുറംനാടുകളായ ബോണക്കാട്, മീനാങ്കല്‍, ഈഞ്ചപ്പുരി, കൊക്കോട്ടേല വഴി പാങ്കാവ് മലവിള, പാലമൂട്, കോട്ടൂര്‍, കാപ്പുകാട് തുടങ്ങിയ സ്ഥലങ്ങളിലാണ് പാണ്ടികാറ്റിക്കാറ്റിന്റെ വിളയാട്ടം.
ആദ്യം ചെറുതായി ഒരു കുളിര്‍കാറ്റ്. പിന്നീടങ്ങോട്ട് കാറ്റിന്റെ പൂരം. സദാ കാറ്റ് വീശുന്ന ഈ മേഖലയില്‍ കടന്നുചെന്നാല്‍ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാട്. തുലാം മാസത്തിന്റെ തുടക്കത്തിലാണ് കാറ്റ് കടന്നുവന്നത്. ഇനി ധനുവും കടന്ന് മകരത്തിലേ ഇത് അവസാനിക്കൂ.
മുളയും ഈറ ഓലയും കാട്ടുമരങ്ങളും ചേര്‍ത്ത് നിര്‍മിച്ച കുടിലുകളാണ് ഈ മേഖലയിലുള്ളതില്‍ മിക്കതും. അതുകൊണ്ട് തന്നെ കുടിലിനകത്ത് ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ കാറ്റ് കൊണ്ടു പോകുമെന്ന ഭീഷണിയിലാണ്. പാണ്ടികാറ്റ് ഭയന്ന് കാണിക്കാര്‍ തങ്ങളുടെ എല്ലാം കെട്ടിവച്ച് പാറമടകളില്‍ കഴിയാനുള്ള തയാറെടുപ്പ് നടത്തുകയാണിപ്പോള്‍. അഗസ്ത്യമുടി താണ്ടി കാറ്റ് എത്തി തുടങ്ങിയതേയുള്ളൂ. കാറ്റ് താമസിയാതെ പുറംനാട്ടിലെത്തും. പിന്നെ അവിടെ ദുരിതങ്ങള്‍ തുടങ്ങുകയായി.
ആകെ ഒരുനേരമാണ് ആഹാരം. കാറ്റ് കാരണം പാകപ്പെടുത്താനും കഴിയുന്നില്ല. തീ കത്തിയാല്‍ ഉടന്‍ കാറ്റ് കൊണ്ടുപോകും. പകുതിവെന്ത ആഹാരമാണ് ഇവര്‍ കഴിയ്ക്കുന്നത്. വനവിഭവശേഖരണമാണ് ഇവരുടെ വരുമാനമാര്‍ഗം. ഉള്‍കാട്ടില്‍ മണിക്കൂറുകളോളം അലഞ്ഞാലേ നെല്ലിക്ക, തേന്‍, കാട്ടുകിഴങ്ങുകള്‍, ഔഷധസസ്യങ്ങള്‍ എന്നിവ ശേഖരിക്കാന്‍ പറ്റൂ. അവ പുറംനാട്ടിലെത്തിച്ചാല്‍ മാത്രമേ അത് വിറ്റ് പണം ഉണ്ടാക്കാന്‍ കഴിയൂ.
ഗിരിവര്‍ഗ കോളനികളില്‍ ഈ സമയത്ത് ഭീതിയോടൊപ്പം പട്ടിണിയും പിടിമുറുക്കും. ചില കാട്ടുകിഴങ്ങുകളും വെള്ളവും കഴിച്ചാണ് അവര്‍ കിടക്കുന്നത്. അതിനാല്‍ പുറം ലോകത്ത് എത്താന്‍ പോലും ഇവര്‍ക്കാവുന്നില്ല. മൂന്ന് സാഗരങ്ങള്‍ സംഗമിക്കുന്നതിന് മുകളിലാണ് അഗസ്ത്യമുടി. സംഗമകേന്ദ്രത്തില്‍ നിന്ന് രൂപപ്പെട്ടുവരുന്ന വേഗതയേറിയ കാറ്റാണ് പാണ്ടികാറ്റ്. അഗസ്ത്യകൂടത്തിനുമുകളില്‍ സദാ വീശിയടിക്കുന്ന പാണ്ടിക്കാറ്റാണ് ഇങ്ങ് താഴ്‌വാരത്ത് എത്തുന്നത്.
തമിഴ്‌നാട്ടിലെ അംബാസമുദ്രം, കളക്കാട്, കന്നുകെട്ടി വഴിയാണ് അഗസ്ത്യമുടി ചുറ്റി ഇവിടെയെത്തുന്നത്. കഴിഞ്ഞതവണ അഗസ്ത്യമലയില്‍ വന്‍നാശമാണ് പാണ്ടിക്കാറ്റ് വിതച്ചത്. 150 ഓളം വീടുകള്‍ നിലം പൊത്തി. 125 ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. പാണ്ടിക്കാറ്റ് കടന്നുപോയ ശേഷമാണ് അധികൃതര്‍ എത്തിയതും ദുരിതങ്ങള്‍ നേരിട്ടു കണ്ടതും.
നാശനഷ്ടങ്ങള്‍ പുറം നാട്ടിലും ഉണ്ടായിരുന്നു. നാട്ടിലും പല വീടുകളിലും വന്‍ മരങ്ങള്‍ വീണ് തകര്‍ന്നിരുന്നു. കാറ്റ് വന്നാല്‍ ചില തയാറെടുപ്പുകള്‍ കാണിക്കാര്‍ നടത്താറുണ്ട്. പക്ഷേ അതൊക്കെ ഇപ്പോള്‍ നടക്കാറില്ല. കാറ്റ് വന്നാല്‍ സഹിക്കുക തന്നെ- പാറ്റാം പാറയിലെ പൊടിച്ചി പറയുന്നു. ദുരിതങ്ങള്‍ സമ്മാനിക്കുന്ന കാറ്റിനെ മെരുക്കാനും അതിനെ ഉപയോഗപ്പെടുത്താനും പല ശ്രമങ്ങളും നടത്തിയിരുന്നു.
1890 ല്‍ ബ്രിട്ടീഷുകാര്‍ ഇവിടുത്തെ തേയില, ഏലം തോട്ടങ്ങളില്‍ വൈദൃുതി എടുക്കുന്ന യന്ത്രവും അഗസ്ത്യമുടിയ്ക്ക് താഴെ സ്ഥാപിച്ചിരുന്നു. രാജഭരണകാലം കഴിഞ്ഞതോടെ അത് തകര്‍ന്നു. അതിനുശേഷം കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ അനെര്‍ട്ട് പദ്ധതി തയാറാക്കി. ഇടുക്കിയിലെ രാമക്കല്‍മേട്ടിലെ പവര്‍പദ്ധതി പോലെ ഇതിനെയും പരിഗണിച്ചിരുന്നു. കാട്ടിലെ ഗിരിവര്‍ഗക്കാര്‍ക്കും നാട്ടിലും വൈദ്യുതി എത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി പരിശോധനയും നടന്നു. എന്നാല്‍ ആ ആശയം പാതിവഴിയ്‌ക്കേ നിലച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."