രാജിവ് വധക്കേസിലെ ഒരു പ്രതികൂടി പരോളിന് അപേക്ഷ നല്‍കി
ചെന്നൈ: മുന്‍പ്രധാനമന്ത്രി രാജിവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഒരു പ്രതികൂടി പരോളിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നളിനി നല്‍കിയ ഹരജി പരിഗണിച്ച് പരോള്‍ അനുവദിച്ചിരുന്നു.
ഇപ്പോള്‍ കോടതിയെ സമീപിച്ചത് പ്രതികളിലൊരാളായ റോബര്‍ട്ട് പയസ് ആണ്. മകന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് പരോള്‍ തേടി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഒരു മാസത്തെ സമയം വേണമെന്നും ഇയാള്‍ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഹരജി പരിഗണിച്ച കോടതി, ജയില്‍, പൊലിസ് ഉന്നതരുടെ അഭിപ്രായം തേടിയിട്ടുണ്ട്. രണ്ടാഴ്ചക്കകം റിപ്പോര്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ എം.എം സുന്ദരേശ്, ആര്‍.എം.ടി ടീക്കാ രാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. 1991 ഓഗസ്റ്റ് 16ന് തടവിലാക്കപ്പെട്ട റോബര്‍ട്ട് പയസ്, തടവുകാലം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവില്‍ 28 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ച താല്‍ക്കാലിക അവധി പോലും ലഭിച്ചിട്ടില്ലെന്നും റോബര്‍ട്ട് പയസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."