റോഡിലെ വെള്ളക്കെട്ട്; നടപടിയെടുക്കാതെ അധികൃതര്‍ റോഡരികിലെ കാടുവെട്ടാന്‍ തൊഴിലുറപ്പുകാരും പൊതുമരാമത്തും മത്സരം
മാനന്തവാടി: റോഡുകളില്‍ വെള്ളം കെട്ടിനിന്ന് റോഡ് തകരുന്നതിനെതിരെ നടപടികളില്ല. എന്നാല്‍ റോഡരികിലെ കാടുകള്‍ വെട്ടാന്‍ തൊഴിലുറപ്പുകാരും പൊതുമരാമത്ത് വകുപ്പും തമ്മില്‍ മത്സരം. ജില്ലയില്‍ കഴിഞ്ഞ മഴക്കാലത്തിന് മുമ്പ് നവീകരിച്ച റോഡുകളാണ് മഴവെള്ളം കെട്ടി നിന്ന് നശിച്ച് കൊണ്ടിരിക്കുന്നത്.
മഴ തുടങ്ങുന്നതിനു മുമ്പായി റോഡരികിലെ ഓവുചാലുകള്‍ തടസ്സം നീക്കി വെള്ളം ഒഴുകാന്‍ ചാലുകള്‍ തീര്‍ക്കാത്തതാണ് ഇതിന് കാരണം. പൊതുമരാമത്ത് വകുപ്പ് റോഡ് സംരക്ഷണത്തിനായി ഈ വര്‍ഷം ജില്ലയില്‍ ഒരുകോടി രൂപയാണ് ചിലവഴിക്കുന്നത്. എന്നാല്‍ ഇതില്‍ ഏറിയ പങ്കും വകുപ്പിന് കീഴിലുള്ള റോഡുകള്‍ക്കിരുവശവുമുള്ള കാട് വെട്ടിമാറ്റാനാണ് നീക്കി വെച്ചിരിക്കുന്നത്.
ഇത് തന്നെ പലഭാഗങ്ങളിലും ഇനിയും തുടങ്ങിയത് പോലുമില്ല. എന്നാല്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരം റോഡുകള്‍ക്കിരുവശവും വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുന്നതിന്റെ മറവില്‍ വിവിധ പഞ്ചായത്തുകള്‍ റോഡരികിലെ കാടുകള്‍ വെട്ടി മാറ്റുന്നുണ്ട്. തൈകള്‍ നട്ടുപിടിപ്പിക്കുന്നതോടൊപ്പം ഇവയുടെ സംരക്ഷണവും ഇവരുടെ ചുമതലയാണെന്ന നിലയിലാണ് വളര്‍ന്നു വരുന്ന കാടുകള്‍ ഇവര്‍ വെട്ടിമാറ്റുന്നത്.
100 ദിവസം ജോലി പൂര്‍ത്തിയാക്കാനാണ് തൈ സംരക്ഷണത്തിന്റെ മറവില്‍ റോഡരികിലെ കാടുകള്‍ ഏറിയ പങ്കും ഇവര്‍ വെട്ടുന്നത്. മൂന്ന് വര്‍ഷം മുമ്പ്‌വരെ തൊഴിലുറപ്പ് തൊഴിലാളികള്‍ കാട് വെട്ടിയിരുന്നെങ്കിലും ഒരേ ജോലിക്കായി പൊതുമാരാമത്ത് വകുപ്പില്‍ നിന്നും തൊഴിലുറപ്പ് പദ്ധതിയില്‍നിന്നും ഫണ്ട് ചിലവഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത് അവസാനിപ്പിക്കുകയായിരുന്നു. ഇതിന് പുറമെ റോഡരികില്‍ വളരുന്ന ഔഷധസസ്യങ്ങളുള്‍പ്പെടെ നശിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.
പൊതുമരാമത്ത് വകുപ്പ് നല്‍കിയ കാട് വെട്ട് കരാര്‍ ഏറ്റെടുത്ത കരാറുകാര്‍ തൊഴിലുറപ്പുകാരുടെ കാട് വെട്ട് കഴിഞ്ഞ ഉടനെ പണിപൂര്‍ത്തിയായതായി കാണിച്ച് ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഫണ്ട് തട്ടുന്നതായും ആക്ഷേപമുണ്ടായിരുന്നു. ഇതിന് പുറമെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നവീകരിച്ച റോഡുകള്‍ പോലും സംരക്ഷിക്കാന്‍ നടപടിയുണ്ടാവാത്തതിന് പിന്നിലും അഴിമതി ആരോപണമുയരുന്നുണ്ട്. റോഡില്‍ മഴവെള്ളം കെട്ടി നിന്നാല്‍ തകരുന്ന ഭാഗങ്ങള്‍ കണ്ടെത്തി തടയാന്‍ യാതൊരുശ്രമങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇത്തരം ഭാഗങ്ങളില്‍ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച റോഡുകള്‍ മാസങ്ങള്‍ കൊണ്ട് തകരില്ലായിരുന്നു. എന്നാല്‍ ഇങ്ങനെ റോഡുകള്‍ തകരുകയും വീണ്ടും റിപ്പയര്‍ജോലികള്‍ നടത്തി വിഹിതം കൈപ്പറ്റുകയുമാണ് ചില ഉദ്യാഗസ്ഥരുടെ ലക്ഷ്യമെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."