ഒരു സര്‍ക്കാറിന് സുപ്രിം കോടതി വിധികളോട് രണ്ട് നയമോ? സര്‍ക്കാരിനെ വിമര്‍ശിച്ച് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്: ശബരിമലയിലെ തിടുക്കം എന്തുകൊണ്ട് മരടിലില്ലെന്നും എം. പത്മകുമാര്‍
പത്തനംതിട്ട: രണ്ട് യുവതികള്‍ ശബരിമലയില്‍ കയറിയത് കൊണ്ട് സുപ്രിം കോടതി വിധി നടപ്പായെന്ന് വീരവാദം മുഴക്കുന്നത് ശരിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. മരടിലേതും സുപ്രിംകോടതി വിധി തന്നെയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ശബരിമലയില്‍ വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും വ്യത്യസ്തമാണെന്നും മരട് ഫ്ളാറ്റ് വിധിയില്‍ സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായാണ് എ. പദ്മകുമാറിന്റെ പ്രതികരണം. സ്വകാര്യ ചാനലിനോടാണ് രണ്ട് സുപ്രിം കോടതി വിധികളോടുള്ള സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെക്കുറിച്ചുള്ള അഭിപ്രായ പ്രകടനവുമായി അദ്ദേഹമെത്തിയത്.
യുവതി പ്രവേശന വിധി പോലെ തന്നെയാണ് മരട് വിധിയും. രണ്ടും സുപ്രിം കോടതി വിധിയാണ്. ശബരിമല യുവതി പ്രവേശന വിധി സര്‍ക്കാര്‍ തിടുക്കത്തില്‍ നടപ്പിലാക്കി. മരട് ഫ്ളാറ്റ് പൊളിക്കലിനോട് മുഖം തിരിച്ചു. ശബരിമല, മരട് വിധികളോട് രണ്ട് സമീപനം സ്വീകരിച്ചതിലുള്ള നീരസമാണ് ഇതിലൂടെ പത്മകുമാര്‍ പ്രകടിപ്പിക്കുന്നത്.
മരടില്‍ ഫ്‌ളാറ്റ് ഉടമകളെ മാത്രം ബാധിക്കൂ. ശബരിമലയിലെ യുവതീപ്രവേശന വിധി കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന കാര്യമാണെന്നും എ.പദ്മകുമാര്‍ ചൂണ്ടിക്കാട്ടി.
ദേവസ്വം ബോര്‍ഡിന് ശബരിമലയില്‍ ഭക്തരുടെ താല്‍പ്പര്യം പ്രധാനമാണ്. ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ മാത്രം നവോത്ഥാനം പൂര്‍ണമാകില്ലെന്നും എ.പദ്മകുമാര്‍ സര്‍ക്കാരിന്റെ നവോത്ഥാന സമിതിയെ വിമര്‍ശിച്ചു.
നവോത്ഥാനം ഉണ്ടാകേണ്ടത് അധഃസ്ഥിത വിഭാഗത്തിന്റെ ഉയര്‍ച്ചയിലൂടെയാണ്. ശബരിമലയിലെ ആചാരം പാലിക്കുന്ന കുടുംബത്തിലെ അംഗമാണ് താന്‍. തന്നെ ഈ സ്ഥാനത്തേക്ക് നിയോഗിച്ച മുഖ്യമന്ത്രിക്ക് തന്റെ കുടുംബപശ്ചാത്തലം അറിയാമെന്നും പദ്മകുമാര്‍ പറഞ്ഞു. ഞങ്ങളുടെ കുടുംബത്തില്‍ നിന്നും യുവതികള്‍ ശബരിമലയില്‍ പോകില്ല. തന്റെ കുടുംബത്തിലെ സ്ത്രീകള്‍ ആചാരസംരക്ഷണത്തിന് വിഘാതമായ നടപടികള്‍ ഒന്നും ചെയ്യില്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
മരടില്‍ പത്തോ അമ്പതോ ഉടമകളേ ഉള്ളു. എന്നാല്‍ ശബരിമലയില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉണ്ട്. സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പിലാക്കണം എന്ന അടിസ്ഥാനത്തിലാണ് അന്ന് പറഞ്ഞിട്ടുള്ള കാര്യം.
ശബരിമല യുവതി പ്രവേശനം കൊണ്ട് മാത്രം നവോത്ഥാനം പൂര്‍ണമാകും എന്ന അഭിപ്രായം തനിക്കില്ല. നവോത്ഥാനം എന്നത് പിന്നോക്ക വിഭാഗത്തിന്റെ ഉന്നതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരേണ്ട പ്രശ്നമാണ്. ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ കയറിയതിലൂടെ വിധി നടപ്പിലായെന്നോ യുവതികള്‍ പ്രവേശിച്ചെന്നോ കാണേണ്ട. വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും തമ്മില്‍ വ്യത്യാസമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."