മുറ്റിച്ചൂരിലെ ഇത്തിള്‍ ചൂളകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
നജീബ് മുറ്റിച്ചൂര്‍
അന്തിക്കാട്: മുറ്റിച്ചൂരിലെ പരമ്പരാഗത വ്യവസായമായ ഇത്തിള്‍ ചൂളകള്‍ അധികൃതരുടെ അനാസ്ഥ മൂലം അടച്ചു പൂട്ടല്‍ ഭീഷണിയില്‍. 23 ഇത്തിള്‍ ചൂളകളാണ് മുറ്റിച്ചൂരില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം പ്രവര്‍ത്തനം നിലച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ശേഷിക്കുന്ന മൂന്നില്‍ രണ്ടെണ്ണം കൂടി അധികൃതര്‍ പൂട്ടിച്ചു. ബാക്കിയുള്ള ഒരു ഇത്തിള്‍ ചൂളയും ഏതു സമയത്തും പൂട്ടിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. അറുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അറക്കവീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ ഇത്തിള്‍ ചൂള മാത്രമാണ് ഇനി അവശേഷിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഇത്തിള്‍ ചൂളക്ക് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. ചൂള പ്രവര്‍ത്തിക്കാത്തതിനാല്‍ കുമ്മായം ലഭിക്കാതെ കോള്‍ കര്‍ഷകര്‍ ഏറെ ദുരിതത്തിലാണ്. ഒരേക്കര്‍ നെല്‍പാടത്തേക്ക് 350 കിലോ നീറ്റു കക്ക വേണം. രാസ വളങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ മണ്ണിന്റെ അമ്ലം കുറക്കുന്നതിനു വേണ്ടിയാണ് നീറ്റു കക്ക ഉപയോഗിക്കുന്നത്. കോള്‍ പടവിലേക്ക് ആലപ്പുഴയില്‍ നിന്നും കൊണ്ടുവന്ന ഇത്തിള്‍ ഗുണമേന്മ കുറഞ്ഞതാണെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിഭവന്‍ മുഖേന നിരവധി പഞ്ചായത്തുകളിലേക്കും നീറ്റു കക്ക മുറ്റിച്ചൂരില്‍ നിന്ന് കൊണ്ടു പോയിരുന്നു. മുറ്റിച്ചൂരിലെ ഇത്തിളിനും കുമ്മായത്തിനും കര്‍ഷകര്‍ക്കിടയില്‍ വന്‍ ഡിമാന്റാണ്. എന്നാല്‍ പരിസ്ഥിതി പ്രശ്‌നങ്ങളുടെയും പ്രവര്‍ത്തന മാനദണ്ഡങ്ങളുടെയും പേരില്‍ അവശേഷിക്കുന്ന ഇത്തിള്‍ ചൂള കൂടി പ്രതിസന്ധി നേരിടുകയാണ്. കര്‍ഷകര്‍ക്ക് മൂന്നിലൊന്ന് വില നല്‍കിയാല്‍ ബാക്കി സബ്‌സിഡി നിരക്കിലാണ് കൃഷിഭവന്‍ ഇത്തിള്‍ നല്‍കിയിരുന്നത്. ഇത് കര്‍ഷകര്‍ക്ക് ഏറെ അനുഗ്രഹമായിരുന്നു. ചൂളയുടെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ മേഖലയിലെ കക്ക വാരല്‍ തൊഴിലാളികളും ദുരിതത്തിലാണ്. കക്ക പുഴുങ്ങി ഇറച്ചിയാക്കിയതിനു ശേഷം ലഭിക്കുന്ന ഇത്തിള്‍ വില്‍ക്കാന്‍ കഴിയാതെ നെട്ടോട്ടത്തിലാണ് കക്ക വാരല്‍ തൊഴിലാളികള്‍. മുറ്റിച്ചൂര്‍, ചെമ്മാപ്പിള്ളി, കണ്ടശ്ശാംകടവ് ഭാഗങ്ങളില്‍ നൂറുകണക്കിനാളുകളാണ് കക്കവാരി ഉപജീവനം നടത്തുന്നത്. ഷാഹുല്‍ ഹമീദിന്റെ ഇത്തിള്‍ ചൂളക്ക് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്, ഉദ്യോഗ് ആധാര്‍, സാനിറ്ററി സര്‍ട്ടിഫിക്കറ്റ്, മുന്‍ വര്‍ഷത്തെ ലൈസന്‍സ്, നൂറു മീറ്റര്‍ ചുറ്റളവില്‍ ഉള്ളവരുടെ സമ്മതപത്രം എന്നിവയെല്ലാം ഷാഹുല്‍ ഹമീദിന്റെ കൈവശമുണ്ട്. എന്നിട്ടും ചിലരുടെ പരാതി ഉന്നയിച്ചാണ് പഞ്ചായത്ത് ലൈസന്‍സ് നല്‍കാതിരിക്കുന്നത്. പുക കുഴല്‍ 100 മീറ്റര്‍ ഉയരം വേണം. എന്നാല്‍ 120 മീറ്റര്‍ ഉയരത്തിലാണ് ഷാഹുല്‍ ഹമീദ് പുക കുഴല്‍ സ്ഥാപിച്ചിട്ടുള്ളത്. ചൂള തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതിയും ഷാഹുല്‍ ഹമീദിന് ലഭിച്ചിട്ടുണ്ട്. എന്നിട്ടും ലൈസന്‍സ് പുതുക്കി നല്‍കാത്ത പഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഇത്തിള്‍ ചൂള തുറന്നു പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കോള്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."