ബ്രണ്ണന്‍ കോളജ് മാഗസിന് വിവാദം: 13 പേര്‍ക്കെതിരേ ജാമ്യമില്ലാ കേസ്
തലശ്ശേരി: ധര്‍മടം ഗവ.ബ്രണ്ണന്‍ കോളജിലെ വിവാദമായ മാഗസിന് പ്രസിദ്ധീകരിച്ച സംഭവത്തില്‍ സ്റ്റാഫ് എഡിറ്റര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരേ ജാമ്യമില്ലാത്ത വകുപ്പു പ്രകാരം ധര്‍മടം പൊലിസ് കേസെടുത്തു. എ.ബി.വി.പി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രേംസായി ജില്ലാ പൊലിസ് മേധാവിക്കു നല്കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്.
കോളജ് സ്റ്റാഫ് എഡിറ്റര്‍ കെ.വി സുധാകരന്, സ്റ്റുഡന്റ് എഡിറ്റര്‍ ഇന്‍ ചീഫ് അതുല്രമേശന്, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ സജീര്‍ ഖാലിദ്, കെ.അമല്‍, വിപിന്‍, ഇ.കെ അനുരാജ്, അതുല്‍ ജോണ്‍, സിറിള്‍ സെബിന്, അനുശ്രീ, എന്‍.ആര് അഹല്യ, എ.സി ശിവന്, ഷനത്ത്കുമാര്,അക്ഷയ് എന്നിവര്‍ക്കെതിരേയാണ് കേസ്. ദേശീയ പതാകയെയും ചിഹ്നങ്ങളെയും അപമാനിക്കുന്നതിനെതിരേയുള്ള വകുപ്പു പ്രകാരമാണ് കേസ്. മാഗസിനില്‍ ദേശവിരുദ്ധവും അശ്ലീലവുമായ ചിത്രങ്ങളുള്‍പ്പെടെ പ്രസിദ്ധീകരിച്ച നടപടിക്കെതിരേയാണ് കേസെടുത്തത്.
പെല്ലറ്റ് എന്ന പേരില്‍ കോളജിന്റെ 125-ാം വാര്‍ഷികത്തിന്റെ ഭാഗമായി എസ്.എഫ്.ഐ നേതൃത്വത്തിലുള്ള കോളജ് യൂനിയന്‍ ആണ് മാഗസിന് പുറത്തിറക്കിയിരുന്നത്. സൈന്യത്തെയും ദേശീയപതാകയെയും അപമാനിക്കുകയും സ്ത്രീ-പുരുഷ ലൈഗിക അവയവങ്ങളുടെ ചിത്രീകരണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുള്ള മാഗസിനെതിരേ വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇത്തരം വിവാദ ചിത്രങ്ങളും പരാമര്‍ശങ്ങളും ഉള്‍പ്പെടുത്തിയ പേജ് കോളജ് സ്റ്റാഫ്് കൗണ്‍സില്‍ യോഗം ചേര്‍ന്ന് പിന്‍വലിച്ചിരുന്നു. എ.ബി.വി.പി , കെ.എസ്.യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ നടപടിക്കെതിരേ കോളജിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."