കലക്ടറുമായി സ്വപ്‌നങ്ങള്‍ പങ്കുവച്ച് കുട്ടികള്‍
കോഴിക്കോട്: 'ചെറുപ്പം മുതല്‍ സ്വപ്നം കാണുന്നതോടൊപ്പം ദൃഢനിശ്ചയവും കൂടെ കൂട്ടണം. അപ്പോള്‍ ഒരു സ്വപ്നവും അസാധ്യമാകുകയില്ല'. ചെറുപ്പം മുതലേ കുട്ടികള്‍ സ്വപ്നം കാണണോ അല്ലെങ്കില്‍ വലുതായതിനു ശേഷമാണോ സ്വപ്നം കാണേണ്ടതെന്ന കാദംബരി വിനോദിന്റെ ചോദ്യത്തിനു ജില്ലാ കലക്ടര്‍ യു.വി ജോസ് നല്‍കിയ മറുപടിയാണിത്.
ഉത്തരം കേട്ടുകഴിഞ്ഞപ്പോള്‍ വീണ്ടും കാദംബരി എഴുന്നേറ്റ് ചോദിച്ചു: സാറിന്റെ ചെറുപ്പം മുതലേ കൊണ്ടു നടന്ന ആഗ്രഹമായിരുന്നോ ജില്ലാ കലക്ടര്‍ ആകുക എന്നത്? 'ഒരിക്കലുമല്ല, ഐ.എ.എസ് സ്വപ്നങ്ങളില്‍ പോലുമില്ലാത്ത കാര്യമായിരുന്നെന്ന് '- കലക്ടര്‍ മറുപടി നല്‍കി.
ദേവര്‍കോവില്‍ കെ.വി.കെ.എം.എം യു.പി സ്‌കൂളിലെ കുട്ടികള്‍ ജില്ലാ കലക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് കലക്ടര്‍ മറുപടി നല്‍കിയത്. സ്‌കൂളിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പൊതു ലൈബ്രറിയിലേക്ക് പുസ്തകം ശേഖരിക്കുന്നതിന്റെ ഭാഗമായാണു കുട്ടികള്‍ കലക്ടറേറ്റില്‍ എത്തിയത്. അബ്ദുല്‍ വഹാബ് എം.പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് അഞ്ചു ലക്ഷം രൂപ ചെലവില്‍ സ്‌കൂളില്‍ നിര്‍മിക്കുന്ന ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരാണര്‍ഥം നവംബര്‍ പത്തിനു പുസ്തകവണ്ടി പ്രചാരണം നടത്തുന്നുണ്ട്. 50,000 പുസ്തകങ്ങള്‍ ശേഖരിക്കുകയാണു ലക്ഷ്യം.
രാവിലെ തൊട്ടില്‍പാലത്തുനിന്ന് ആരംഭിക്കുന്ന യാത്ര കുറ്റ്യാടിയില്‍ അവസാനിക്കും. പുതുതായി നിര്‍മിക്കുന്ന ലൈബ്രറിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കുമെന്ന് പ്രധാനാധ്യാപകന്‍ പി.കെ നവാസ് പറഞ്ഞു. സ്‌കൂള്‍ ലീഡര്‍ കാദംബരി വിനോദ്, ഡെപ്യൂട്ടി ലീഡര്‍ യു.കെ ഫാസിജ എന്നിവര്‍ പുസ്തകവണ്ടി യാത്രയ്ക്ക് നേതൃത്വം നല്‍കും. അധ്യാപകരായ പി.വി നൗഷാദ്, കെ.പി ഷംസീര്‍, കെ.പി ശ്രീജിത്ത്, കെ.പി ഷൗക്കത്തലി, പി.കെ അജ്മത്ത്, സ്റ്റാഫ് സെക്രട്ടറി എം. രാജന്‍ എന്നിവര്‍ കുട്ടികളോടൊപ്പം എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."