ഡാര്‍ജിലിങ് സംഘര്‍ഷം; സാധാരണ ജീവിതം ഉറപ്പാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി
ഡാര്‍ജിലിങ്: ഡാര്‍ജിലിങ്ങില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് നിഷിത ഹാത്രേ, ടി. ചക്രവര്‍ത്തി എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്ന് മമതാ സര്‍ക്കാരിനോട് ഉത്തരവിട്ടിരിക്കുന്നത്.
മേഖലയില്‍ ബന്ദും പൊതു സമരങ്ങളും വിലക്കിക്കൊണ്ടുള്ള സുപ്രിംകോടതിയുടെയും കല്‍ക്കട്ട ഹൈക്കോടതിയുടെയും മുന്‍ വിധികളെ ആവര്‍ത്തിച്ചാണ് ബെഞ്ച് നിര്‍ദേശം പുറപ്പെടുവിച്ചത്. അഭിഭാഷകനായ രാമപ്രസാദ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. രണ്ട് ആഴ്ചയ്ക്കു ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനു മുന്‍പായി ഡാര്‍ജിലിങ് കുന്നിലെ സ്ഥിതിഗതികളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്. ഗൂര്‍ഖാ ലാന്‍ഡ് സംസ്ഥാന രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച(ജി.ജെ.എം) ആരംഭിച്ച അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് ഡാര്‍ജിലിങ്ങില്‍ സംഘര്‍ഷം ഇതുവരെ അയഞ്ഞിട്ടില്ല.
അതിനിടെ, അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരില്‍ ആറ് ജി.ജെ.എം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. ബിമല്‍ ഗുരുങ് അടക്കമുള്ള ജി.ജെ.എം നേതാക്കളുടെ വസതികളില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കിയിരുന്നു. ഇതിനിടെ കാലിംപോങ്ങില്‍ വ്യാഴാഴ്ച രാത്രി വനം വകുപ്പ് ഓഫിസ് കത്തിച്ച കേസിലാണ് ആറുപേരെ പൊലിസ് അറസ്റ്റ് ചെയ്തത്.
സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാനായി 400 അര്‍ധ സൈനികരെ കൂടി മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ഇതോടെ ഡാര്‍ജിലിങ്ങില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ വിന്യസിച്ച അര്‍ധസൈനികരുടെ എണ്ണം 1,400 ആയി. ഡാര്‍ജിലിങ് കുന്നുകളില്‍ സമാധാനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ആരെങ്കിലും നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.
ഡാര്‍ജീലിങ് ആസ്ഥാനമായി പുതിയ ഗൂര്‍ഖ ലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇടവേളക്കു ശേഷം മേഖലയില്‍ വീണ്ടും പ്രക്ഷോഭം ശക്തിപ്പെട്ടത്. കഴിഞ്ഞ ഒന്‍പതിന് രാജ്ഭവനില്‍ മന്ത്രിസഭാ യോഗത്തിനിടെ ജി.ജെ.എം നടത്തിയ സമരത്തെ പൊലിസ് നേരിട്ടതോടെയാണ് പ്രക്ഷോഭം രൂക്ഷമായത്. തുടര്‍ന്ന് മേഖലയില്‍ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."