ഐ.എസിലേക്ക് പോയവരില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി എന്‍.ഐ.എ
തൃക്കരിപ്പൂര്‍: കാസര്‍കോടുനിന്ന് ഐ.എസിലേക്ക് പോയവരില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി എന്‍.ഐ.എ. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഇവരുടെ കേരളത്തിലെ ബന്ധുക്കള്‍ക്ക് ഇതുസംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നു.
പടന്ന സ്വദേശികളായ മുര്‍ഷിദ് മുഹമ്മദ്, ഹഫീസുദ്ദീന്‍, ഷിഹാസ്, ഭാര്യ അജ്മല, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മര്‍വാന്‍, ഇളമ്പച്ചി സ്വദേശി മുഹമ്മദ് മന്‍സാദ്, പാലക്കാട് സ്വദേശികളായ ഷിബി, ബെസ്റ്റിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് എട്ട് പേരും കൊല്ലപ്പെട്ടത്. ഇതാദ്യമായാണ് അഫ്ഗാനില്‍ ഐ.എസില്‍ ചേര്‍ന്നവര്‍ കൊല്ലപ്പെട്ടതായി എന്‍.ഐ.എയുടെ ഭാഗത്തുനിന്ന് സ്ഥിരീകരണം വരുന്നത്. കൂടുതല്‍ നടപടികള്‍ക്കായി അഫ്ഗാന്‍ സര്‍ക്കാരുമായി എന്‍.ഐ.എ ബന്ധപ്പെട്ടിട്ടുണ്ട്.
തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ 21 പേരാണ് 2016 മെയ് 25 മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ ശ്രീലങ്കയിലേക്ക് ബിസിനസ് ആവശ്യാര്‍ഥം പോകുന്നുവെന്ന് പറഞ്ഞ് വീടുവിട്ടത്. പിന്നീട് പലപ്പോഴായി പലരും കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇവയൊന്നും എന്‍.ഐ.എ സ്ഥിരീകരിച്ചിരുന്നില്ല. മരിച്ചവരുള്‍പ്പെടെ മുഴുവന്‍ പേര്‍ക്കെതിരേയും ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ഭീകരവാദ പ്രവര്‍ത്തനം, ഭീകരവാദത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യല്‍, രാജ്യദ്രോഹമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ഇന്ത്യയില്‍ ചുമത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."