കോറോത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം
പയ്യന്നൂര്‍: പെരിങ്ങോം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കോറോം നെല്ലിയാട്ടുണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്ക്. ബി.ജെ.പി നേതാക്കളുടെ വീടിനുമുന്നില്‍ ബോംബ് സ്‌ഫോടനവും നടന്നു. ഞായറാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയുമാണ് അക്രമങ്ങള്‍ അരങ്ങേറിയത്.
അക്രമത്തില്‍ പരുക്കേറ്റ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനല്‍കുമാര്‍ (30), സി.പി.എം പ്രവര്‍ത്തകന്‍ രമേശന്‍ (30) എന്നിവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും ബി.ജെ.പി അനുഭാവിയായ നെല്ലിയാട്ടെ ലീഷ്മ (38) എന്നിവരെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബ്രാഞ്ച് സെക്രട്ടറി സനല്‍കുമാറും രമേശനും സംസാരിച്ചുകൊണ്ടിരിക്കേ രാത്രി 10ഓടെ ഒരുസംഘം ബി.ജെപി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അക്രമിച്ചുവെന്നാണ് പറയുന്നത്. ഇതിന്റെ തുടര്‍ച്ചയായി ബി.ജെ.പി അനുഭാവി ലീഷ്മയുടെ വീടിന് നേരെയും ആക്രമണം നടന്നു. വീടിന്റെ ജനല്‍ചില്ലുകളും മറ്റും അക്രമികള്‍ തകര്‍ത്തു. ഇതിനിടയിലാണ് ലീഷ്മക്ക് പരുക്കേറ്റത്. ഇതിനുശേഷം ഇന്നലെ പുലര്‍ച്ചയോടെയാണ് ബി.ജെ.പി നേതാക്കളുടെ വീടിന് മുന്നില്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ബി.ജെ.പി പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി ഗംഗാധരന്‍ കാളീശ്വരം, ബി.ജെ.പി പ്രവര്‍ത്തകന്‍ ബിജു ആലക്കാട് എന്നിവരുടെ വീടിന് മുന്നിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്.
സ്റ്റീല്‍ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടന ശബ്ദംകേട്ട് ഞെട്ടി ഉണര്‍ന്ന ഗംഗാധരന്‍ വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്ത് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി. ഇരുവിഭാഗത്തിന്റെയും പരാതിയില്‍ മൂന്നുകേസുകളാണ് പൊലിസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. സി.പി.എം പ്രവര്‍ത്തകരുടെ പരാതിയില്‍ ലീഷ്മയുടെ സഹോദരന്‍ ജിഷാദിനേയും മകന്‍ അരുണിനെയും പെരിങ്ങോം പൊലിസ് കസ്റ്റഡിയിലെടുത്തു.
ലീഷ്മയുടെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തകരായ സനല്‍, രമേശന്‍, ധനേഷ്, ജനാര്‍ദനന്‍, രാജീവന്‍, ശിവന്‍, രവി തുടങ്ങി അന്‍പതോളം പേരില്‍ പൊലിസ് കേസെടുത്തു. ബോംബാക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."