വിമാനത്താവളത്തിന് ചുറ്റും പുതിയ സംരംഭങ്ങള്‍ ആരംഭിക്കും: മന്ത്രി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍. പായം പഞ്ചായത്തിലെ ഷോപ്പിങ് കോംപ്ലക്‌സ് കം മള്‍ട്ടിപ്ലക്‌സ് തിയറ്ററിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ വ്യവസായ സംരംഭങ്ങളും ജനക്ഷേമകരമായ സ്ഥാപനങ്ങളുമാണ് നിര്‍മിക്കുക. ഇതിനായി 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. വ്യവസായികള്‍ ഭൂമി കണ്ടെത്തിയാല്‍ അതിന്റെ ഉടമസ്ഥരുമായി സംസാരിക്കാനും വിപുലമായ വ്യവസായങ്ങള്‍ക്ക് കിന്‍ഫ്ര ഏറ്റെടുത്ത ഭൂമി വിട്ടുനല്‍കാനും സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി അറിയിച്ചു. പൊതുമേഖലയിലെ ടെക്‌സ്‌റ്റൈല്‍ മില്ലുകളും സ്പിന്നിങ് മില്ലുകളും ഉപയോഗപ്പെടുത്തി അടുത്ത വര്‍ഷം മുതല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും യൂണിഫോം വിതരണം ചെയ്യും. തൊഴിലുറപ്പ് പദ്ധതികള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. 700 കോടി ചെലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുവദിച്ച 57 ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളുടെ പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. പദ്ധതിയില്‍ പായം പഞ്ചായത്തിനെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കെടുതി മൂലം ജില്ലയില്‍ വീട് നഷ്ടപ്പെട്ട മുഴുവനാളുകള്‍ക്കും വീടുവെച്ച് നല്‍കും. ഇതിനായുള്ള സ്ഥലം കണ്ടെത്തി നല്‍കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പായം പഞ്ചായത്തില്‍ നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ രണ്ടും മൂന്നും നിലകള്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന് വിട്ടു നല്‍കും. വരുമാന വിഹിതം പഞ്ചായത്തിന് കൂടി നല്‍കുന്ന തരത്തിലാണ് തിയറ്ററിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. സണ്ണി ജോസഫ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗിസ്, പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സാവിത്രി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."