കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള അര്‍ബന്‍ ബാങ്ക് നിയമനം; സി.പി.എം നോമിനികളെ നിയമിക്കാന്‍ നീക്കം: കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അമര്‍ഷം
നിലമ്പൂര്‍: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള അര്‍ബന്‍ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലെ ഒഴിവുകള്‍ നികത്തുന്നതിന് നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള നിയമനത്തില്‍ രണ്ട് തസ്തികളിലേക്ക് സി.പി.എം നോമിനികളെയും ഒരു തസ്തികയിലേക്ക് ജോയിന്റ് രജിസ്ട്രാറുടെ നോമിനിക്കും നല്‍കാന്‍ രഹസ്യ ധാരണയായതായി സൂചന.
ആകെയുള്ള 16 ഒഴിവുകളില്‍ മൂന്നെണ്ണം സംവരണമാണ്. സഹകരണ വകുപ്പ് കൈകാര്യം ചെയ്യുന്നത് സി.പി.എമ്മായതിനാല്‍ അവരെ തൃപ്തിപ്പെടുത്താനാണ് രണ്ട് സീറ്റ് മാറ്റിവച്ചിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആരോപണം.
പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ അവഗണിച്ചും നിലവിലെ റാങ്ക് ലിസ്റ്റ് മറികടന്നും നിയമനം നടത്തിയാല്‍ കോടതിയെ സമീപിക്കുന്നതിനുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനുമാണ് ഈ വിഭാഗത്തിന്റെ നീക്കം.
അമരമ്പലം സര്‍വിസ് സഹകരണബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗം കോടതിയെ സമീപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന നിലമ്പൂര്‍ അര്‍ബന്‍ ബാങ്കുള്‍പ്പെടെയുള്ള സഹകരണ സംഘങ്ങളിലേക്ക് നടത്തുന്ന നിയമനങ്ങളില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കളോടും പോലും ആലോചിക്കാതെ ഒരു വിഭാഗം അവരുടെ ഇഷ്ടക്കാരെയും തല്‍പര കക്ഷികളെയുമാണ് പിന്‍വാതിലിലൂടെ നിയമിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
നിയമനം വൈകിക്കുകയാണെന്ന് ആരോപിച്ച് നിലമ്പൂര്‍ അര്‍ബന്‍ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലെ തസ്തികകളിലേക്ക് റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ നേരത്തെ കോടതിയെ സമീപിക്കാനൊരുങ്ങിയിരുന്നു. ഏഴുവര്‍ഷം മുന്‍പ് തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ അന്ന് എഴുത്തുപരീക്ഷ നടത്തിയിരുന്നില്ല. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പാണ് പുതിയ അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ പഴയ റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടില്ലെന്നും നിയമനത്തിന് അര്‍ഹതയുണ്ടെന്നും ആരോപിച്ച് പഴയ അപേക്ഷകരും രംഗത്തുവന്നു. ഇതോടെ രണ്ട് വിഭാഗം അപേക്ഷകരെയും ഉള്‍പ്പെടുത്തിയാണ് എഴുത്തുപരീക്ഷ നടത്തിയത്. വിവാദമയതിനെ തുടര്‍ന്ന് അര്‍ഹരായവരും യോഗ്യതയുള്ളവരെയും മാത്രമേ നിയമിക്കൂ എന്ന് ബാങ്ക് അധികൃതര്‍ മറുപടി നല്‍കിയിരുന്നു. അതേസമയം പിന്‍വാതില്‍ നിയമനം നടന്നാല്‍ കോടതിയെ സമീപിക്കുമെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."