നേതാജിയും പട്ടേലും ബി.ജെ.പിയുടെ രാഷ്ട്രീയസൂത്രങ്ങളും
എ.പി കുഞ്ഞാമു@
94464 64948
ഗുജറാത്തിലെ കെവാദിയയില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ ലോകത്ത് ഏറ്റവും ഉയരം കൂടിയതാണ്-182 മീറ്റര്‍. ഈ പ്രതിമയുടെ ഉദ്ഘാടനത്തിന് ദിവസങ്ങള്‍ക്കു മുമ്പേ തന്നെ ഗുജറാത്ത് ഗവണ്‍മെന്റ് ഒരു ഏകതായാത്ര തുടങ്ങി പ്രതിമയ്ക്കു കുറേക്കൂടി വലിപ്പം വയ്പ്പിച്ചു. സര്‍ദാര്‍ പട്ടേല്‍ പ്രസരിപ്പിച്ച ഏകതാസന്ദേശത്തിന്റെ പൊരുള്‍ ഗുജറാത്തിലെ സാധാരണജനങ്ങള്‍ക്കു മനസിലാക്കിക്കൊടുക്കുകയെന്നതാണു യാത്രയുടെ ലക്ഷ്യം.
ബ്രിട്ടിഷുകാര്‍ക്കെതിരായി സര്‍ദാര്‍ പട്ടേല്‍ സത്യഗ്രഹ സമരം നടത്തിയ ബര്‍ദോളിയിലായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാണി ഏകതായാത്രയുടെ ഫ്‌ളാഗ് ഓഫ് നടത്തിയത്. 26 ലോക്‌സഭാമണ്ഡലങ്ങളെ സ്പര്‍ശിച്ച് 5000 ഗ്രാമങ്ങളിലൂടെയായിരുന്നു ഏകതായാത്രയുടെ പ്രയാണം. ഏകതയുടെ പ്രതിമയെന്നു പേരിട്ടിട്ടുള്ള പട്ടേല്‍ പ്രതിമയുടെ ചെറുരൂപവുമേന്തിയായിരുന്നു യാത്ര.
ചുരുക്കത്തില്‍, ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായിരുന്ന വല്ലഭ് ഭായ് പട്ടേലിന്റെ പിന്തുടര്‍ച്ച ബി.ജെ.പി ഏറ്റെടുക്കുന്നുവെന്നര്‍ഥം. സ്വാതന്ത്ര്യപ്രാപ്തിയുടെ കാലത്ത് 562 നാട്ടുരാജ്യങ്ങളാണ് ഇന്ത്യയിലുണ്ടായിരുന്നത്. അവയെ ഏകോപിപ്പിച്ച് ഇന്ത്യയുടെ ഭരണത്തിന്‍കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചതിനു പിന്നില്‍ ഉരുക്കുമനുഷ്യനെന്നറിയപ്പെടുന്ന പട്ടേലിന്റെ മനോദാര്‍ഢ്യവും തന്ത്രപരമായ സമീപനവുമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. അങ്ങനെയാണ് പട്ടേല്‍ ഇന്ത്യയുടെ ഏകതാപ്രതീകമായി വിശേഷിപ്പിക്കപ്പെടാന്‍ തുടങ്ങിയത്.
ആ ഏകതാബോധത്തിന്റെ പേരില്‍ വല്ലഭ് ഭായി പട്ടേലെന്ന കോണ്‍ഗ്രസുകാരനെ ബി.ജെ.പിയങ്ങ് ഏറ്റെടുത്തിരിക്കുന്നു.
എന്തുകൊണ്ടാണ് ഹിന്ദുത്വരാഷ്ട്രീയത്തിന് സര്‍ദാര്‍ പട്ടേലിനോടിത്ര മമത. പട്ടേലിന് തീവ്രമായ മതാഭിമാനമുണ്ടായിരുന്നുവെന്നതു ശരി. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും പല ദേശീയ നേതാക്കളെയും പോലെ സര്‍ദാര്‍ പട്ടേലും ഹൈന്ദവസ്വത്വത്തില്‍ അഭിമാനിച്ചിരുന്നു. ആര്‍.എസ്.എസിന്റെ ആശയങ്ങളോട് അദ്ദേഹം ആവശ്യത്തിലേറെ അടുപ്പം പുലര്‍ത്തിയിരുന്നു.
മുസ്‌ലിം ന്യൂനപക്ഷപ്രശ്‌നങ്ങള്‍ സംബന്ധിച്ചു മഹാത്മാഗാന്ധിയുമായിപ്പോലും
അദ്ദേഹം അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്നു. അതിനാല്‍, പട്ടേലിനോട് ബി.ജെ.പി പുലര്‍ത്തുന്ന മൃദുസമീപനം മനസ്സിലാക്കാവുന്നതേയുള്ളൂ. ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്തരം പല നേതാക്കന്മാരെയും കാണാന്‍ കഴിയും. ഇന്നും കോണ്‍ഗ്രസില്‍ ഈ കമ്മട്ടത്തില്‍ വാര്‍ത്തെടുക്കപ്പെട്ട നേതാക്കന്മാരുണ്ടു താനും. ഈ അവസ്ഥയില്‍ പട്ടേല്‍ ബി.ജെ.പിക്ക് അഭിമതനാവുന്നതില്‍ അസ്വാഭാവികതയില്ല.
എന്നാല്‍, പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമ സ്ഥാപിക്കുന്നതും രാജ്യത്തിന്റെ ഏകതയോട് അദ്ദേഹത്തെ ബന്ധിപ്പിച്ചു നിര്‍ത്തി ഗുജറാത്തിലുടനീളം യാത്ര സംഘടിപ്പിക്കുന്നതും കൃത്യമായി മറ്റൊരു അജന്‍ഡയുടെ ഭാഗമാണ്. അതില്‍ പ്രധാനം സംവരണപ്രശ്‌നത്തിന്റെ പേരില്‍ ഇടത്തടിച്ചു നില്‍ക്കുന്ന പട്ടേല്‍ സമുദായത്തെ കൂടെ നിര്‍ത്തുകയെന്നുള്ളതാണ്.
ബി.ജെ.പിയുടെ വോട്ട് ബാങ്കാണ് ഹാര്‍ദിക് പട്ടേല്‍ ചോര്‍ത്തിക്കളഞ്ഞത്. സര്‍ദാര്‍ പട്ടേലിനെ ഉയര്‍ത്തിക്കാട്ടി ഈ ചോര്‍ച്ചയടയ്ക്കാനാണു ബി.ജെ.പി ശ്രമിക്കുന്നത്. ഇത് ഹൈന്ദവരാഷ്ട്രീയത്തിന്റെ പ്രത്യക്ഷത്തിലുള്ള പ്രയോഗരൂപമാണ്.
രണ്ടാമത്തെ അജന്‍ഡയാണു കുറേക്കൂടി ആഴവും വ്യാപ്തിയുമുള്ളത്. എന്തൊക്കെപ്പറഞ്ഞാലും ഇന്നും ഗാന്ധിയാണു ഗുജറാത്തി മനസ്സിന്റെ ആദര്‍ശസ്വരൂപം. ഗാന്ധിക്കു ഗുജറാത്തികള്‍ക്കിടയില്‍ സാമാന്യമായി ഇതരപ്രദേശങ്ങളേതിനേക്കാള്‍ സ്വീകാര്യതയുണ്ട്. ഈ സ്വീകാര്യതയാണു കോണ്‍ഗ്രസിനു സംസ്ഥാനത്തുള്ള ഏറ്റവും വലിയ കൈമുതല്‍. ഈ ജനസമ്മതിയെ ഹിന്ദുത്വരാഷ്ട്രീയം കൊണ്ടോ നരേന്ദ്രമോദിയുടെ പൊലിപ്പിച്ചുണ്ടാക്കിയ വ്യക്തിപ്രഭാവം കൊണ്ടോ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് ഏറ്റവും നന്നായറിയാവുന്നതു ബി.ജെ.പിക്കു തന്നെയാണ്.
തന്മൂലം ഒരു കോണ്‍ഗ്രസ് നേതാവിനെത്തന്നെ പകരംവയ്ക്കുകയെന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണ്. സര്‍ദാര്‍ പട്ടേലാണ് ബി.ജെ.പിക്ക് അക്കാര്യത്തില്‍ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ആയുധം. ഇന്നു ഗാന്ധിയുടെ പിന്തുടര്‍ച്ചാവകാശിയായി ജനങ്ങള്‍ക്കിടയില്‍ അവതരിച്ചിട്ടുള്ളതു രാഹുല്‍ഗാന്ധിയാണ്. അദ്ദേഹമല്ലാതെ കോണ്‍ഗ്രസ്സിന് ഗാന്ധിയന്‍ പിന്തുടര്‍ച്ച അവകാശപ്പെടാന്‍ മറ്റൊരു നേതാവില്ല.
ജിഗ്‌നേശ് മേവാനിയെപ്പോലെയുള്ള അംബേദ്കറൈറ്റുകളെ തനിക്കൊപ്പം നിര്‍ത്താന്‍ ഒരു പരിധിവരെ രാഹുല്‍ഗാന്ധിക്കു സാധിച്ചുവെന്നതു ബി.ജെ.പിയിലുണ്ടാക്കിയ പരിഭ്രാന്തി കുറച്ചൊന്നുമല്ല. ഗാന്ധിയും അംബേദ്ക്കറും ചേര്‍ന്നു കാവിരാഷ്ട്രീയത്തെ എതിര്‍ക്കുമ്പോള്‍ അതിനെ ചെറുത്തുനില്‍ക്കാന്‍ മോദി തന്ത്രങ്ങള്‍ മതിയാവില്ല. മോദിസത്തിനു പുറംപൂച്ചിനു ബദലായി ഗുജറാത്തില്‍ രൂപപ്പെടുന്ന രാഷ്ട്രീയശക്തിക്ക് ആന്തരിക ബലം ഏറെയുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് പട്ടേല്‍ സമുദായക്കാരനായ ഒരു കോണ്‍ഗ്രസ് നേതാവിന്റെ പ്രതിഛായയില്‍ ചാരിനിന്നുള്ള തെരഞ്ഞെടുപ്പു പ്രചാരണം ബി.ജെ.പി തുടങ്ങിവച്ചത്.
ഏകതായാത്രയിലുടനീളം വിജയ് രൂപാണിയും ഇതരനേതാക്കളും പ്രസംഗിച്ചത് കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ കാര്യം മാത്രമേ പരിഗണിക്കുന്നുള്ളൂവെന്ന ആശയത്തിലൂന്നിയാണ്. രാഹുല്‍ഗാന്ധിക്കും നെഹ്‌റുകുടുംബത്തിനുമെതിരായി നേതാക്കള്‍ ആഞ്ഞടിച്ചു. സര്‍ദാര്‍ പട്ടേലിനെപ്പോലെയുള്ളവരുടെ സംഭാവന അവഗണിക്കപ്പെട്ടുവെന്നു പ്രചരിപ്പിച്ചു. നെഹ്‌റുവല്ല, പട്ടേലാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകേണ്ടിയിരുന്നതെന്നു പറയാതെ പറയുകയായിരുന്നു ബി.ജെ.പി. ഈ തന്ത്രം എത്രമാത്രം വിജയിക്കുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.
ഇതേ തന്ത്രം തന്നെയാണു ബംഗാളിലും ബി.ജെ.പി പ്രയോഗിക്കുന്നത്. സ്വന്തം ഭാഷയെക്കുറിച്ചും സാംസ്‌കാരികത്തനിമയെക്കുറിച്ചും അത്യധികം അഭിമാനിക്കുന്നവരാണു ബംഗാളികള്‍. അതു പലപ്പോഴും സങ്കുചിതമായ സ്വത്വബോധത്തോളം എത്താറുമുണ്ട്. ബംഗാളി ബാബുമാരുടെ ഭാഷാഭിമാനവും സാംസ്‌കാരികാവബോധവും ഉപയോഗപ്പെടുത്തിയായിരുന്നു കമ്യൂണിസം പശ്ചിമബംഗാളിനെ തങ്ങളുടെ അജയ്യമായ കോട്ടയാക്കി മാറ്റിയത്.
ഈ കോട്ടയെ അതേ വംഗബോധമുപയോഗിച്ചു മമതാബാനര്‍ജി തകര്‍ത്തുകളഞ്ഞു. സി.പി.എമ്മിനെതിരായി ബംഗാളില്‍ ഉടലെടുത്ത ബംഗ്ലാ കോണ്‍ഗ്രസ്സെന്ന പരീക്ഷണമാണു തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രാഗ്രൂപം. മാര്‍ക്‌സിസ്റ്റ് വിരുദ്ധപ്പോരാട്ടത്തില്‍ മമതാ ബാനര്‍ജി ഒരു ഘട്ടത്തില്‍ ബി.ജെ.പിയെ കൂട്ടുപിടിച്ചെങ്കിലും അവരുടെ ഹൈന്ദവദേശീയതാ സങ്കല്‍പം, അന്തിമമായി സ്വന്തം രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു ദോഷമേ വരുത്തൂവെന്ന് അതിവേഗം മമത തിരിച്ചറിഞ്ഞു.
മമത ഇന്നു ജനങ്ങള്‍ക്കിടയില്‍ വംഗവംശാഭിമാനത്തിന്റെ പ്രതീകബിംബമാണ്. മമതാ ബാനര്‍ജിയെ തോല്‍പിച്ചു പശ്ചിമബംഗാളില്‍ സ്വാധീനമുറപ്പിക്കണമെങ്കില്‍ ബി.ജെ.പിക്ക് ഇതേ കാര്‍ഡിറക്കി കളിച്ചേ മതിയാവുകയുള്ളൂ. ആയതിനാല്‍, ബംഗാളിവികാരങ്ങളുമായി തന്മയീഭവിക്കാനാണിപ്പോള്‍ പാര്‍ട്ടിയുടെ ശ്രമം. അതിനു സര്‍ദാര്‍ പട്ടേലിനെ ഗുജറാത്തില്‍ എപ്രകാരം ഉപയോഗിക്കുന്നുവോ അതേപോലെ സുഭാഷ് ചന്ദ്രബോസിനെ ബംഗാളില്‍ ഉപയോഗിക്കാനാണു ബി.ജെ.പി തുനിഞ്ഞിറങ്ങിയിട്ടുള്ളത്. സാക്ഷാല്‍ നരേന്ദ്രമോദി തന്നെ അതിനു കാര്‍മികത്വം വഹിക്കുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസ് 1943-ല്‍ സ്ഥാപിച്ച സേനയാണ് ആസാദ് ഹിന്ദ് ഫൗജ്. ബ്രിട്ടിഷുകാര്‍ക്കെതിരേ ആയുധമെടുത്തു പോരാടിയ സേനയാണത്. ജര്‍മനിയുടെയും ജപ്പാന്റെയും സഹായത്തോടെയായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ നീക്കങ്ങള്‍. ബര്‍മ വഴി ചിറ്റഗോങിലേയ്ക്കു നേതാജിയുടെ സൈന്യം മുന്നേറി.
ഈ പോരാട്ടത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തുകയും പ്രസംഗിക്കുകയും ചെയ്തു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇങ്ങനെ ചെയ്യുന്നത്. നേതാജി ബംഗാളികളുടെ ഹൃദയവികാരത്തിന്റെ ഭാഗമാണ്. ഇതു കണ്ടറിഞ്ഞാണ് ആസാദ് ഹിന്ദ് ഫൗജിന്റെ വാര്‍ഷികച്ചടങ്ങില്‍ മോദി ആവേശപൂര്‍വം പങ്കെടുത്തതും സുഭാഷിന്റെ 'സ്വന്തം ആളെ'ന്ന നിലയില്‍ പ്രസംഗിച്ചതും. ഐ.എന്‍.എയുടെ തൊപ്പി അദ്ദേഹം അണിയുകയും ചെയ്തു.
മോദിയുടെ ലക്ഷ്യം രാഷ്ട്രീയനേട്ടമാണെന്നു തിരിച്ചറിയുന്നതു കൊണ്ടു മാത്രമായില്ല, ഇന്ത്യയുടെ ദേശീയസമരത്തില്‍ മോദിയുടെ ഹിന്ദുത്വരാഷ്ട്രീയം വഹിച്ച പങ്കെന്തായിരുന്നുവെന്നു വിശകലനം ചെയ്യുക കൂടി വേണം. അപ്പോഴേ മോദിയുടെ പ്രവൃത്തിയില്‍ അടങ്ങിയ ഇരട്ടത്താപ്പു വ്യക്തമാകൂ.
ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തില്‍ സുപ്രധാനമാണു രണ്ടാം ലോകയുദ്ധ കാലത്തെ ഐ.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍. ബ്രിട്ടിഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ജപ്പാനോടും ജര്‍മനിയോടും ചേര്‍ന്നു പ്രത്യക്ഷ പങ്കുവഹിച്ചു ഐ.എന്‍.എ. അക്കാലത്ത് ബ്രിട്ടിഷ് ഭരണാധികാരികള്‍ക്കു പാദസേവ ചെയ്യുകയായിരുന്നു കാവിരാഷ്ട്രീയം. നേതാജി ഇന്ത്യക്കു സ്വാതന്ത്ര്യം നേടാനുള്ള സമരത്തില്‍ തന്റേതായ രീതിയില്‍ പങ്കെടുത്തപ്പോള്‍ വി.ഡി സവര്‍ക്കറെപ്പോലുള്ള കാവിരാഷ്ട്രീയക്കാര്‍ ബ്രിട്ടിഷ് സൈന്യത്തിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയായിരുന്നു.
സവര്‍ക്കര്‍ ബ്രിട്ടിഷ് അധികൃതര്‍ക്കു നിരന്തരം പിന്തുണക്കത്തയച്ചിരുന്നു. ആസാദ് ഹിന്ദ് ഫൗജിനെ നേരിടാന്‍ ഹിന്ദുമഹാസഭയുടെ അണികളെ ഉപയോഗപ്പെടുത്താമെന്നായിരുന്നു ഈ കത്തുകളില്‍ എഴുതിയിരുന്നത്. ഹിന്ദുത്വരാഷ്ട്രീയത്തിന് ഐ.എന്‍.എയെ ഒരു നിലയ്ക്കും പൊറുപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ ഐ.എന്‍.എയുടെ തൊപ്പിയാണു ചെങ്കോട്ടയില്‍ പതാകയുയര്‍ത്തുമ്പോള്‍ നരേന്ദ്രമോദി അണിഞ്ഞതെന്നതാണു വിരോധാഭാസം.
കാവിരാഷ്ട്രീയത്തിന്റെ ജനപിന്തുണയ്ക്കു വലിയ തോതില്‍ ഇടിവുണ്ടായെന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമകാലിക പ്രതിഭാസം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അതു ശരിവയ്ക്കുമെന്നു തീര്‍ച്ച. ഈ തകര്‍ച്ചയെ നേരിടാന്‍ വേണ്ടി നടത്തുന്ന സൂത്രപ്പണികളായി മാത്രമേ പട്ടേലിനെയും നേതാജിയെയും മറ്റും സ്വന്തമാക്കാനുള്ള നീക്കങ്ങളെ കാണാനാവൂ. ഈ നീക്കങ്ങള്‍ എത്രത്തോളം വിജയിക്കുമെന്നു കണ്ടറിയുക തന്നെ വേണം.
ഇതേപോലുള്ള മറ്റൊരു സൂത്രമാണ് സ്ഥലനാമങ്ങളില്‍ മാറ്റം വരുത്തുകയെന്നത്. യു.പിയിലാണ് അതിന്റെ പ്രാഥമികപരീക്ഷണം നടക്കുന്നത്. അലഹാബാദിന്റെ പേര് ആദിത്യനാഥ് സര്‍ക്കാര്‍ പ്രയാഗ്‌രാജ് എന്നാക്കി മാറ്റി. പ്രയാഗിലാണ് കുംഭമേള നടക്കുന്നത്. അലഹാബാദില്‍ നിരവധി പ്രയാഗുകളുണ്ട്. പ്രയാഗ് രാജെന്നു പറഞ്ഞാല്‍ പ്രധാനപ്പെട്ട പ്രയാഗ്.
അലഹാബാദിന്റെ പഴയ പേരു തിരിച്ചുകൊണ്ടുവരികയാണു തങ്ങള്‍ ചെയ്യുന്നതെന്നാണ് ആദിത്യനാഥ് സര്‍ക്കാരിന്റെ വാദം. അക്ബര്‍ ചക്രവര്‍ത്തിയാണത്രേ നഗരത്തിന് അലഹാബാദ് അല്ലെങ്കില്‍ ഇലാഹാബാദ് എന്ന പേരിട്ടത്. അതു ശരിയല്ലെന്നും ചില പൂര്‍വദേവതകളുടെ പേരുമായി ബന്ധപ്പെടുത്തി രൂപപ്പെട്ട ഇലാഹാവാസ് എന്ന പേര് പിന്നീട് അലഹാബാദായെന്നും വാദിക്കുന്നവരുണ്ട്. അക്ബര്‍ സ്ഥാപിച്ച ദീന്‍ ഇലാഹിയുമായി അലഹാബാദിനെ ബന്ധിപ്പിക്കുന്നവരുമുണ്ട്.
ആദിത്യനാഥ് സര്‍ക്കാരിനു കൃത്യം ലക്ഷ്യമുണ്ട്, നഗരത്തിനു മുസ്‌ലിം സംസ്‌കൃതിയുമായുള്ള ബന്ധത്തിന്റെ ശേഷിപ്പുകള്‍പോലും തുടച്ചു മാറ്റുക; അങ്ങനെ ചെയ്താല്‍ ഹിന്ദുത്വബോധം വളര്‍ത്തിയെടുക്കാന്‍ എളുപ്പമാകുമെന്ന് അവര്‍ കരുതുന്നു. അത് രാഷ്ട്രീയരംഗത്തു നേട്ടമുണ്ടാക്കാനുള്ള ഉപകരണമാക്കണം. ശബരിമല വിവാദത്തില്‍ ബി.ജെ.പി ലക്ഷ്യംവയ്ക്കുന്നതും ഇങ്ങനെ സ്വാധീനം വര്‍ധിപ്പിക്കാനാണ്.
ബി.ജെ.പിയെ സംബന്ധിച്ച് അതിനെല്ലാം ന്യായീകരണങ്ങളുണ്ട്. ശത്രുവിനെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്തപ്പോഴൊക്കെയാണ് ഇന്ത്യയില്‍ ദേശീയ പാര്‍ട്ടികള്‍ക്കു കൂടുതല്‍ ജനപിന്തുണ ലഭിച്ചത്. ബംഗ്ലാദേശ് വിമോചനത്തിനുശേഷം ഇന്ദിരാഗാന്ധിക്കു കൈവന്ന ദുര്‍ഗയുടെ പ്രതിച്ഛായ അക്കാലത്തു കോണ്‍ഗ്രസിന് വളരെ സഹായകമായി. ഇന്ദിരാവധത്തിനുശേഷം സിഖ്‌വിരുദ്ധ ചിന്ത ജനങ്ങളില്‍ വളര്‍ന്നു. തൊട്ടു നടന്ന തെരഞ്ഞെടുപ്പില്‍ ഹിന്ദുജനസാമാന്യം കോണ്‍ഗ്രസിനെ ആവേശത്തോടെ പിന്തുണച്ചു.
ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ഗുജറാത്ത് കലാപവും ഹിന്ദു ഏകീകരണത്തെ സഹായിച്ചു. അതില്‍നിന്നു നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്. സര്‍ദാര്‍ പട്ടേലിനെയും നേതാജി സുഭാഷ് ചന്ദ്രബോസിനെയും ഹിന്ദു ഏകീകരണത്തിന് ഉപാധിയാക്കുകയാണിപ്പോള്‍ ബി.ജെ.പി ചെയ്യുന്നത്. അവരുടെ ദേശീയതാബോധത്തെ ഹിന്ദുത്വം ഉദ്‌ഘോഷിക്കുന്ന ഏകതാബോധവുമായി കാവിരാഷ്ട്രീയം സമീകരിക്കുന്നു. ചരിത്രത്തെയും നമ്മുടെ സംസ്‌കാരത്തിന്റെ ഈടുവയ്പ്പുകളെയും ഈ ശ്രമത്തില്‍ നിരാകരിക്കുന്നുവെന്നത് അവരെ സംബന്ധിച്ചിടത്തോളം പ്രശ്‌നമല്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."