വൈറസ് രോഗങ്ങള്‍ പടരുന്നു; പരിശോധനാ സൗകര്യമില്ല
കൊച്ചി: സംസ്ഥാനത്ത് ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ, എച്ച്‌വണ്‍ എന്‍വണ്‍ തുടങ്ങിയ വൈറസ് രോഗങ്ങള്‍ ആശങ്കപരത്തുമ്പോഴും ഇവ സ്ഥിരീകരിക്കാന്‍ കേരളത്തില്‍ സൗകര്യമില്ലാത്തത് രോഗികളെ വലയ്ക്കുന്നു. അടുത്തിടെ സംസ്ഥാനത്ത് നിരവധി പേര്‍ക്ക് ഇത്തരം രോഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പകര്‍ച്ചവ്യാധി നിയന്ത്രണരംഗത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ സംവിധാനമായ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ കണക്കനു സരിച്ച് ഒക്ടോബര്‍ പകുതിവരെ കേരളം ഉള്‍പ്പെടെയുള്ള അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം 1260 എച്ച്1എന്‍1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ മാത്രമുള്ള കണക്കെടുത്താല്‍ പ്രതിമാസം അമ്പതോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളെ അപേക്ഷിച്ച് ഈ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടുചെയ്തതായി ആരോഗ്യപ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു. പ്രളയാനന്തരമുള്ള സാഹചര്യങ്ങളാണ് പകര്‍ച്ചവ്യാധികളുടെ വര്‍ധനയ്ക്ക് കാരണം. ഇതൊക്കെയാണെങ്കിലും ഇത്തരം രോഗങ്ങള്‍ ആധികാരികമായി സ്ഥിരീകരിക്കാന്‍ സംസ്ഥാനത്ത് ഇനിയും സൗകര്യങ്ങളാകാത്തത് പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതിന് തടസമായി നി ല്‍ക്കുന്നു
രോഗികളില്‍ നിന്നുള്ള സ്രവം ശേഖരിക്കുന്ന ജോലി മാത്രമാണ് വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്നത്. ഇപ്രകാരം ശേഖരിക്കുന്ന സ്രവം മണിപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചാണ് രോഗ നിര്‍ണയം നടത്തുന്നത്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കത്തുമായി ശേഖരിക്കുന്ന സ്രവം പരിശോധനക്ക് ട്രെയിന്‍ മാര്‍ഗം മണിപ്പാലിലേക്ക് എത്തിക്കുകയാണ്.
പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാന്‍ ദിവസങ്ങള്‍ വൈകുന്നതിനാല്‍ മിക്ക ഡോക്ടര്‍മാരും രോഗികളുടെ നില വഷളാകാതിരിക്കാന്‍ ലക്ഷണങ്ങള്‍ മാത്രം അടിസ്ഥാനമാക്കി ചികിത്സ തുടങ്ങുകയാണ് പതിവ്. ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ബയോടെക്‌നോളജിയുടെ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മാരക പകര്‍ച്ചവ്യാധികളുടെ നിര്‍ണയം ഇവിടങ്ങളില്‍ സാധ്യമല്ല.
കോഴിക്കോട് നിപ വൈറസിന്റെ സ്ഥിരീകരണം നടത്താന്‍ കാലതാമസം എടുത്തതും ഇതിനാലാണ്. വൈറസ് രോഗ നിര്‍ണയത്തിന് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതി ഒഴിവാക്കുന്നതിനാണ് 1999ല്‍ ആലപ്പുഴയില്‍ സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. എന്നാല്‍, ഡയരക്ടറോ മറ്റു സാങ്കേതിക വിദഗ്ധരോ ഇല്ലാതെ രണ്ടു ടെക്‌നീഷ്യന്മാര്‍ മാത്രമായി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ശോഷിച്ചിരിക്കുന്നു എന്ന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം, സര്‍വസജ്ജീകരണങ്ങളോടെ സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ ഉടന്‍ വൈറോളജി ലാബ് തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ സുപ്രഭാതത്തോട് പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ലാബ് പ്രവര്‍ത്തിക്കുക. ഇതോടെ മാരകമായ രോഗങ്ങള്‍ വരെ ഇവിടെ നിര്‍ണയിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പാലിലേക്ക് സ്രവം അയക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."