പകര്‍ച്ചപ്പനി നിയന്ത്രണത്തിന് പ്രത്യേക മന്ത്രിസഭായോഗം വിളിക്കണം: എം.എല്‍.എമാര്‍
തിരുവനന്തപുരം: പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതിന് പ്രത്യേക മന്ത്രിസഭായോഗം വിളിക്കണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരായ കെ. മുരളീധരന്‍, വി.എസ് ശിവകുമാര്‍, എം. വിന്‍സെന്റ്, കെ.എസ് ശബരിനാഥന്‍ എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതലത്തില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കണം. നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ജീവനക്കാരെ ഈ സര്‍ക്കാര്‍ പിരിച്ചുവിട്ടു. എന്നാല്‍ പകരം നിയമനങ്ങള്‍ നടന്നിട്ടില്ല. ഉടന്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ തന്നെ നടത്തിയിരുന്നു. ഇതിനായി ഒരു വാര്‍ഡിന് 25,000 രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാലിന്യം കുമിഞ്ഞ് കൂടി പര്‍ച്ചപ്പനികള്‍ പടര്‍ന്നു പിടിച്ച ശേഷമാണ് തുക കൈമാറിയത്. അതിനാല്‍ ശുചീരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ സാധിച്ചില്ല. ആരോഗ്യ വകുപ്പിന്റെ ഏകോപനമില്ലായ്മയാണ് ഇതിന് കാരണം.
സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സതേടിയെത്തുന്നവര്‍ക്ക് കിടക്കാന്‍ കിടക്കയോ ആവശ്യത്തിന് മരുന്നോ ലഭിക്കുന്നില്ല. എത്രയും വേഗം സര്‍ക്കാര്‍ ഇടപെടപ്പെട്ട് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ നഗരത്തില്‍ കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മിക്കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വരുത്തിയ വീഴ്ചയാണ് തിരുവനന്തപുരത്തെ പനിയുടെ തലസ്ഥാനമാക്കി മാറ്റിയത്. ഈ വിഷയത്തില്‍ പൂര്‍ണപരാജയമായ ആരോഗ്യമന്ത്രിയും തിരുവനന്തപുരം മേയറും രാജിവയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
തങ്ങളുടെ നേതൃത്വത്തില്‍ കോര്‍പറേഷനിലെ 100 വാര്‍ഡുകളിലും നാളെ മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എം.എല്‍.എമാര്‍ അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍ക്കര സനലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."