ഉപയോഗിച്ച ഭക്ഷ്യ എണ്ണ ജൈവ ഡീസലാക്കാം; കണ്ടുപിടിത്തവുമായി പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍
വടകര: ഉപയോഗശേഷമുള്ള ഭക്ഷ്യ എണ്ണ (വേസ്റ്റ് കുക്കിങ് ഓയില്‍) ഉത്തമ സാമ്പത്തിക സ്രോതസാക്കി മാറ്റുന്ന വിദ്യയുമായി പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍. ഈ വര്‍ഷത്തെ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നസ്‌ല ഷെറിന്‍, നന്ദന മോഹന്‍ എന്നിവരാണ് നൂതന ആശയവുമായി മുന്നോട്ടു വന്നത്. 'ഒരു തവണ ഉപയോഗിച്ച ഭക്ഷ്യ എണ്ണ എങ്ങനെ സാമ്പത്തിക സ്രോതസാക്കാം' എന്ന ഇവരുടെ പ്രൊജക്ട് പ്രാദേശിക സാമ്പത്തിക വികസനത്തിലേക്കുള്ള വഴി തുറക്കുന്നു. കോഴിക്കോട്ട് നടന്ന ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കൂടുതല്‍ പോയിന്റ് നേടി സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് തിഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇവരുടെ പ്രൊജക്ട്. അടുത്തയാഴ്ച തിരുവനന്തപുരത്താണ് അവതരണം. അധികമാരും ഗൗരവമായി എടുക്കാത്തതും എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഒന്നാണ് ഭക്ഷ്യഎണ്ണയുടെ പുനരുപയോഗം. ഒരുതവണ ഉപയോഗിച്ച ഭക്ഷ്യഎണ്ണ മാലിന്യമാണ്. ഇതു പാചകാവശ്യത്തിനു വീണ്ടും ഉപയോഗിക്കാതെ മറ്റു മേഖലകളില്‍ എങ്ങനെ ലാഭകരമായി വിനിയോഗിക്കാം എന്ന അന്വേഷണമാണ് ഇവരെ ഈ പ്രൊജക്ടില്‍ എത്തിച്ചത്. ഉപയോഗിച്ച ഭക്ഷ്യ എണ്ണയില്‍ നിന്ന് ജൈവ ഡീസല്‍, ഗ്ലിസറോള്‍ എന്നിവ 'ട്രാന്‍സ് -എസ്റ്ററിഫിക്കേഷന്‍' എന്ന പ്രക്രിയ വഴി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ജൈവ ഡീസല്‍ പരിസ്ഥിതി സൗഹൃദ ഇന്ധനമെന്ന നിലക്ക് ആരോഗ്യത്തിനു ഹാനികരമല്ല. ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ സാധാരണക്കാരന് ഇതൊരു ഉത്തമ സാമ്പത്തിക സ്രോതസുമാണ്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് പറ്റിയ അസംസ്‌കൃതവസ്തുവാണു ഗ്ലിസറോള്‍. ഇവ വന്‍തോതിലും ചെലവുകുറഞ്ഞും ഉല്‍പാദിപ്പിക്കാന്‍ കഴിയണമെങ്കില്‍ ആവശ്യമായ വേസ്റ്റ് കുക്കിങ് ഓയില്‍ അസംസ്‌കൃതവസ്തു എന്ന നിലയില്‍ ലഭ്യമാകണം. ഇതിനായി ഈ വിദ്യാര്‍ഥിനികള്‍ മേമുണ്ട പ്രദേശത്തെ ഹോട്ടലുകളില്‍ സര്‍വേ നടത്തി. ഇതിലൂടെ പ്രാദേശികമായി തന്നെ വലിയ അളവില്‍ വേസ്റ്റ് കുക്കിങ് ഓയില്‍ ലഭ്യമാകുമെന്ന് ഉറപ്പാക്കി. പാചക എണ്ണ ഭക്ഷ്യാവശ്യങ്ങള്‍ക്ക് പുനരുപയോഗിക്കുന്നതിലെ ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രദേശത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഡോക്ടര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുമായി ചര്‍ച്ച നടത്തി. പ്രദേശത്തെ വീട്ടമ്മമാര്‍ക്കും ഹോട്ടല്‍ തൊഴിലാളികള്‍ക്കും ഭക്ഷ്യഎണ്ണ പുനരുപയോഗിക്കുന്നതിന്റെ ദോഷവശങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തുകയുണ്ടായി. ജൈവഡീസലിന്റെയും ഗ്ലിസറോളിന്റെയും മാര്‍ക്കറ്റിങ് സാധ്യത, കുറഞ്ഞ ഉല്‍പാദനച്ചെലവ് എന്നിവ ഈ പ്രൊജക്ടിനു പ്രസക്തി നല്‍കുന്നുണ്ട്. പഞ്ചായത്ത് തലത്തില്‍ ബയോ ഡീസല്‍പ്ലാന്റ് സ്ഥാപിക്കുക വഴി തൊഴില്‍സാധ്യതയും സാമ്പത്തികവികസനവും സാധ്യമാകുമെന്ന് മനസിലാക്കുകയും ഇതിനായി പഞ്ചായത്ത് പ്രസിഡന്റിനെ സമീപിക്കുകയും ചെയ്തിരിക്കുകയാണ് ഇവര്‍. അധ്യാപിക രശ്മിയാണു വിദ്യാര്‍ഥിനികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."