ആയുര്‍ഗ്രാമം പദ്ധതിക്ക് തുടക്കമായി
വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ 2017-18 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച ആയുര്‍ഗ്രാമം പദ്ധതിക്ക് തുടക്കമായി. വല്ലകം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആയുര്‍വേദ ഔഷധഫലവൃക്ഷങ്ങള്‍ നട്ടുകൊണ്ട് ചലചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി അധ്യക്ഷനായി.
പഞ്ചായത്തുപരിധിയിലുള്ള മുഴുവന്‍ വീടുകളിലും കറിവേപ്പ്, കുരുമുളക്, കാന്താരി, ആര്യവേപ്പ് തുടങ്ങിയവയുടെ തൈ വച്ചുപിടിപ്പിക്കുകയാണ് ആയുര്‍ഗ്രാമം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. ഇതിനായി 3 ലക്ഷം രൂപ അടങ്കല്‍ തുക വരുന്ന പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നു. കോട്ടയം ജില്ലയിലെ മികച്ച മൂന്നാമത്തെ ജൈവകൃഷി പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടതിന് ലഭിച്ച അവാര്‍ഡു തുകയാണ് ആയുര്‍ഗ്രാമം പദ്ധതിക്കായി മാറ്റിവച്ചത്.
കുടുംബശ്രീ, അയല്‍സഭ എന്നീ സംഘടനാ സംവിധാനങ്ങള്‍ ഉപയോഗിച്ച് മുഴുവന്‍ വീടുകളിലും ഈ തൈകള്‍ സൗജന്യമായി എത്തിച്ചു കൊടുക്കും.
രണ്ടാംഘട്ടത്തില്‍ മറ്റ് ആയുര്‍വേദ ഔഷധ സസ്യങ്ങളും സൗജന്യമായി നല്‍കും. വല്ലകം സെന്റ്‌മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടുന്നതിനുള്ള ആയുര്‍വേദ ഔഷധഫലവൃക്ഷതൈകള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യാമോള്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ പീറ്റര്‍ കോയിക്കരയ്ക്ക് കൈമാറി.
പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.എസ് മോഹനന്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ.എസ് സജീവ്, സുലോചന പ്രഭാകരന്‍, കൃഷി ഓഫിസര്‍ വി.എം സീന, കാര്‍ഷിക വികസന സമിതിയംഗങ്ങളായ കെ.വേണുഗോപാല്‍, റ്റി.റ്റി സെബാസ്റ്റ്യന്‍, രമ കോണത്തോടി, പി.വി കുട്ടന്‍, സഹജഭദ്രന്‍, ഷിബു ഡി അറയ്ക്കല്‍, അജയഘോഷ്, ആനന്ദവല്ലി, പി.റ്റി.എ പ്രസിഡന്റ് സന്തോഷ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലിസ്സി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."