പമ്പയിലെത്തിയ ചേര്‍ത്തല സ്വദേശിനിയെ മടക്കിയയച്ചത് മാതാവിന്റെ പരാതി പ്രകാരം
ചേര്‍ത്തല: ശബരിമലയ്ക്ക് പോകാന്‍ പമ്പയില്‍ എത്തിയ ചേര്‍ത്തല സ്വദേശിനി അഞ്ജുവിനെ ബന്ധുക്കള്‍ക്കൊപ്പം മടക്കി അയച്ചത് മാതാവ് നല്‍കിയ പരാതി പ്രകാരമെന്ന്.
മകളെ കാണാനില്ലെന്ന് കാണിച്ച് അഞ്ജുവിന്റെ മാതാവ് കുസുമകുമാരിയുടെ പരാതിയില്‍ അര്‍ത്തുങ്കല്‍ പൊലിസ് റജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിങ്കള്‍ രാത്രിയാണ് അഞ്ജുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് പൊലിസില്‍ പരാതി നല്‍കിയത്. ക്ഷേത്രത്തില്‍ പോകുന്നതായി പറഞ്ഞുപോയ മകളെയും കുടുംബത്തെയും രാത്രി വൈകിയും കാണാതായതോടെ മൊബൈലില്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫാണെന്ന് മനസിലായ ഇവര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ അഞ്ജുവും കുടുംബവും പമ്പയിലുണ്ടെന്ന് പൊലിസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ത്തുങ്കല്‍ എസ്.ഐ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ പമ്പയില്‍ എത്തി ഇവരെ കൂട്ടിക്കൊണ്ടുവന്ന് രാമങ്കരി കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. ഭര്‍ത്താവ് അഭിലാഷിന്റെ നിര്‍ബന്ധം കൊണ്ടാണ് പമ്പയില്‍ എത്തിയതെന്ന് ഇവര്‍ പമ്പ പൊലിസിനോട് പറഞ്ഞിരുന്നു. സി.പി.എം അരീപ്പറമ്പ് ലോക്കല്‍ സെക്രട്ടറി വിനോദിന്റെ സഹോദരനായ അഭിലാഷ് 2011 -ല്‍ നടന്ന അനില്‍കുമാര്‍(കിളിയാച്ചന്‍) കൊലകേസിലെ 11-ാം പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി അഭിലാഷിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് ആക്രമണം ഉണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തില്‍ അഭിലാഷിന്റെയും അഞ്ജുവിന്റെയും വീടുകള്‍ക്ക് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."