നിര്‍മാണത്തിലെ അശാസ്ത്രീയത; സിഗ്നല്‍ മാറ്റിസ്ഥാപിക്കല്‍ തുടങ്ങി
കണ്ണൂര്‍: ഗാന്ധിസര്‍ക്കിളിലെ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ചതിന്റെ അശാസ്ത്രീയത മറികടക്കാന്‍ സിഗ്നല്‍ സംവിധാനം മാറ്റിസ്ഥാപിക്കാന്‍ നടപടി തുടങ്ങി. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മൂന്നു ദിവസത്തോളമായി സിഗ്നല്‍ ലൈറ്റ് ഓഫ്‌ചെയ്തിരിക്കുകയാണ്.
സിഗ്നല്‍ ലൈറ്റ് ഇല്ലാത്തതിനൊപ്പം കനത്ത മഴയും വെള്ളക്കെട്ടും കൂടിയായതോടെ നഗരത്തില്‍ ഗതാഗതകുരുക്ക് രൂക്ഷമാണ്. ഗാന്ധി സര്‍ക്കിളിലെ ഗതാഗതക്കുരുക്ക് അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യം ഉയര്‍ന്നതോടെ ഇവിടെ മൂന്നു ട്രാഫിക് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മൂന്നുവര്‍ഷം മുന്‍പാണ് ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിന് കണ്ണൂര്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ സിഗ്നല്‍ലൈറ്റുകള്‍ പുതുക്കിപ്പണിഞ്ഞത്. സിഗ്നല്‍ സംവിധാനം അശാസ്ത്രീയമായാണു നിര്‍മിച്ചതെന്നു ആദ്യഘട്ടത്തില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. സ്റ്റോപ് ലൈനിലെത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ക്ക് മുകളിലെ സിഗ്നല്‍ കാണാന്‍ സാധിക്കില്ലെന്നതാണ് പോരായ്മ. ഇത് പരിഹരിക്കുന്നതിനാണു സിഗ്നല്‍ തൂണുകള്‍ മാറ്റിസ്ഥാപിക്കുന്നത്. ഒരാഴ്ച കൊണ്ടു മാറ്റിസ്ഥാപിക്കല്‍ പൂര്‍ത്തിയാകും. അരക്കോടി രൂപ ചെലവിട്ട് ഹൈക്കൗണ്ട് പൈപ്പ്‌സിന്റെ സഹകരണത്തോടെയാണ് കണ്ണൂര്‍ കോര്‍പറേഷന്‍ സിഗ്നല്‍ വിളക്കുകള്‍ സ്ഥാപിച്ചത്. മൂന്നു വര്‍ഷത്തേക്കായിരുന്നു കെല്‍ട്രോണ്‍ കരാര്‍ ഏറ്റെടുത്തത്. ഈ കാലയളവില്‍ ഉണ്ടാകുന്ന അറ്റകുറ്റപ്പണി കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍ കമ്പനി തന്നെ നിര്‍വഹിക്കണമെന്നാണു നിബന്ധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."