'ബംഗ്ലാദേശി'കളെ പുറത്താക്കാന്‍ യു.പി പൊലിസ് മേധാവിയുടെ നിര്‍ദേശം
ലഖ്നൗ: സംസ്ഥാനത്തെ 'ബംഗ്ലാദേശി'കളെയും മറ്റു വിദേശികളെയും കണ്ടെത്തി പുറത്താക്കാന്‍ ഉത്തര്‍പ്രദേശ് പൊലിസ് മേധാവിയുടെ നിര്‍ദേശം. പൗരത്വപ്പട്ടികയുമായി ഇതിനു ബന്ധമില്ലെന്നും സുരക്ഷാസംബന്ധമായ നടപടിയാണെന്നുമായിരുന്നു യു.പി ഡി.ജി.പി ഒ.പി സിങ്ങിന്റെ വിശദീകരണം.
ബംഗ്ലാദേശികള്‍ അടക്കമുള്ള വിദേശികളെ കണ്ടെത്തി പുറത്താക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലിസ് മേധാവികള്‍ക്കാണ് ഡി.ജി.പി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്നും നിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇവരെ പുറത്താക്കുന്നതിനു സമയമെടുക്കുമെന്നു വ്യക്തമാക്കുന്നഡി.ജി.പി, ആ വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്.
വിദേശികള്‍ക്കു രേഖകള്‍ സംഘടിപ്പിച്ചുനല്‍കാന്‍ അനധികൃതമായി ഇടപെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാനും പൊലിസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
എല്ലാ തൊഴിലാളികളുടെയും ഐ.ഡി പ്രൂഫുകള്‍ പരിശോധിക്കാനും ജോലിസമയത്തു കൈയില്‍ കരുതാനും നിര്‍മാണ കമ്പനികളോടടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ അസമിലെ പൗരത്വപ്പട്ടികയെപ്പോലുള്ളത് ഉത്തര്‍പ്രദേശിലും കൊണ്ടുവരുമെന്നു വ്യക്തമാക്കി നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."