ഡോ. കഫീല്‍ഖാന്‍, നിങ്ങളുടെ പോരാട്ടം എന്നും ഓര്‍ക്കപ്പെടും
ഡോക്ടര്‍ കഫീല്‍ അഹമ്മദ്ഖാന്‍ സാഹിബ്, ഞങ്ങള്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു. ഉത്തര്‍പ്രദേശില്‍ ഗൊരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 70 പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ട കദനകഥ ഞങ്ങള്‍ അറിയാഞ്ഞിട്ടല്ല.
2017 ഓഗസ്റ്റില്‍ നടന്ന ആ ദാരുണ സംഭവത്തെ തുടര്‍ന്ന് താങ്കളുള്‍പ്പെട്ട നാലു ഡോക്ടര്‍മാരടക്കം ഒമ്പത് പേര്‍ക്കെതിരെയായിരുന്നു ബി.ജെ.പി ഭരണകൂടം കേസെടുത്തത്. താങ്കളെ പ്രധാന കുറ്റവാളിയാക്കി സസ്‌പെന്‍ഡ് ചെയ്യുകയും മറ്റൊരിടത്തും സേവനമനുഷ്ഠിക്കാന്‍ പോലും അവസരം നിഷേധിച്ചുകൊണ്ട് ഏഴുമാസം ജയിലില്‍ ഇടുകയും ചെയ്തു.
മാത്രമല്ല അന്ന് ആ കാളരാത്രിയില്‍ ഡ്യൂട്ടിയില്‍ അല്ലാതിരുന്ന താങ്കള്‍, അക്കാര്യം വിളിച്ചു പറഞ്ഞതിനു നിങ്ങളുടെ സഹോദരന്‍ കാഷിഫ് മന്‍സൂറിനെതിരേ സംഘ്പരിവാരില്‍പ്പെട്ട ചിലര്‍ വെടി ഉതിര്‍ക്കുകപോലും ചെയ്തു. സര്‍ജറി വൈകിപ്പിച്ച് ബുള്ളറ്റുകള്‍ നിറഞ്ഞ ശരീരവുമായി മൂന്നു മണിക്കൂറാണ് സഹോദരന്‍ വഴിയില്‍ കിടന്നത്. തല്‍സമയം 50 മീറ്റര്‍ മാത്രം അകലെ ക്ഷേത്രദര്‍ശനത്തിന് എത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരന്വേഷണത്തിനു പോലും ഉത്തരവിട്ടില്ല.
ശിശുരോഗ വിദഗ്ധനായ ഡോക്ടര്‍ എന്നതിലപ്പുറം, ആശുപത്രിയില്‍ വരുന്ന കുട്ടികളെയെല്ലാം സ്വന്തം മക്കളെപ്പോലെ കരുതി ചികിത്സിച്ചുവന്ന താങ്കളെയാണ് ബി.ജെ.പി. ഭരണകൂടം കൂട്ടക്കൊലയാളിയായി ചിത്രീകരിച്ചത്. പ്രാണവായുകിട്ടാതെ പിഞ്ചു കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിക്കുന്നു എന്നു വാട്‌സ് ആപ്പ് സന്ദേശം ലഭിച്ച ഉടന്‍ വീട്ടില്‍ നിന്നും ഓടിയെത്തിയ താങ്കള്‍, ബി.ആര്‍.ഡി ആശുപത്രിയില്‍ കണ്ടത് ആ പൈതങ്ങള്‍ വെന്റിലേറ്ററില്‍ അന്ത്യശ്വാസം വലിക്കുന്ന കാഴ്ചയായിരുന്നു. രാത്രിതന്നെ ഏഴു ജംബോ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്വന്തം സ്വാധീനം ഉപയോഗപ്പെടുത്തി സംഘടിപ്പിച്ചു. ബാബാ രാഘവദാസ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ എന്ന ആ സര്‍ക്കാര്‍ ആശുപത്രിയില്‍ അവ എത്തിച്ച് മരണത്തില്‍ നിന്നു പലരേയും രക്ഷിച്ചു.
എന്നാല്‍ കൂട്ടമരണം വാര്‍ത്തയായപ്പോള്‍ മുഖ്യമന്ത്രിപോലും താങ്കളെ കയ്യൊഴിഞ്ഞു. പിറ്റേന്നു താന്‍ ആശുപത്രി സന്ദര്‍ശിച്ചുവെന്നും ഓക്‌സിജന്റെ കുറവ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ മാധ്യമക്കാര്‍പോലും അത് ഏറ്റുപിടിക്കുകയായിരുന്നു. മരണനിരക്ക് പെരുപ്പിച്ച് കാണിച്ചതായും താങ്കളെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മരണം പലതും നടന്നത് മസ്തിഷ്‌കവീക്കം കാരണം ചികിത്സ കിട്ടാതെയാണെന്നു മന്ത്രിമുഖ്യന്‍ പ്രസ്താവന ഇറക്കി.
നിങ്ങള്‍ ഒരു ഹീറോ ആകാന്‍ ശ്രമിക്കുകയാണെന്നും താങ്കളുടെ മുഖത്ത് നോക്കിപറഞ്ഞ മുഖ്യമന്ത്രി, സിലിണ്ടറുകള്‍ മോഷ്ടിച്ച് കടത്തുന്ന ആളായിപ്പോലും വിശേഷിപ്പിച്ചു. ജനരോഷത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഭരണാധികാരി കണ്ടെത്തിയ ഹീനമാര്‍ഗം. ആശുപത്രിയില്‍ ലിക്വിഡ് ഓക്‌സിജനാണ് നല്‍കുന്നതെന്നും അത് വിതരണം ചെയ്യുന്നത് ട്യൂബുകള്‍ വഴിയാണെന്നും സ്റ്റോക്ക് ചെയ്യുന്നത് വലിയ ടാങ്കിലാണെന്നും മനസ്സിലാക്കാന്‍കൂടി മുഖ്യമന്ത്രി തുനിഞ്ഞില്ല. ആ ടാങ്കുകളാണോ താന്‍ പൊക്കിക്കൊണ്ടു പോയതെന്ന ചോദ്യത്തിനു താങ്കള്‍ക്ക് മറുപടിയും കിട്ടിയില്ല.
ജയിലില്‍, തന്നെ കാണാന്‍ വന്ന മകളുടെ ഡയപ്പറിന്നകത്ത് ഒളിപ്പിച്ചു കടത്തിയ അനുഭവകഥ പുറത്തായപ്പോള്‍ മാത്രമാണ് താങ്കള്‍ക്ക് ജാമ്യംപോലും ലഭിച്ചത്. ആ കദനകഥ വിവരിക്കാന്‍ ഹതഭാഗ്യരോടൊപ്പം ഡല്‍ഹിയില്‍ ചെന്ന് പത്രക്കാരെക്കണ്ടു. കേരളത്തില്‍ ചില കോളജുകളില്‍ എത്തി വിദ്യാര്‍ഥികളെക്കണ്ടു. രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നുവെന്നു ചില തല്‍പരകക്ഷികള്‍ മിനുട്ട്‌സില്‍ രേഖപ്പെടുത്തിവച്ചപ്പോഴും, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വന്നു വിദ്യാര്‍ഥികളുമായി സംവദിച്ചു, ഇവിടെ സൗജന്യസേവനം നടത്താമെന്നും ഉണര്‍ത്തി.
അതിനിടയില്‍ പ്രളയക്കെടുതികള്‍ക്ക് പിന്നാലെ നിപ്പാരോഗവും നഗ്നതാണ്ഡവമാടുന്നു എന്നു കേട്ടപ്പോള്‍ താങ്കള്‍ മലമടക്കുകള്‍ കയറി വയനാട്ടിലുമെത്തി. ഓലമേഞ്ഞ മുപ്പതോളം കുടിലുകള്‍ കയറി ഇറങ്ങി. കുഞ്ഞുങ്ങള്‍ക്ക് മരുന്നും സഹായവും നല്‍കിയാണ് താങ്കള്‍ തിരിച്ചുപോയതെന്നു ഓര്‍ക്കുന്നു.
ഇന്നിപ്പോള്‍ രണ്ടു വര്‍ഷത്തിനുശേഷം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നെനിങ്ങളെ കുറ്റവിമുക്തനാക്കിയിരിക്കുന്നു. അന്ന് വാര്‍ഡിന്റെ ചുമതലയുള്ള മെഡിക്കല്‍ ഓഫിസറായിരുന്നില്ല താങ്കളെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹിമാന്‍ഷു കുമാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളെ പ്രകീര്‍ത്തിക്കുന്ന അദ്ദേഹം 54 മണിക്കൂറാണ് ഓക്‌സിജന്‍ വിതരണം നിലച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിതരണം ചെയ്ത വാതകത്തിനു സ്വകാര്യ കമ്പനിക്കു പണം നല്‍കാത്തതിനാല്‍ ക്ഷാമം അനുഭവിക്കുന്നതായും പിഞ്ചു കുട്ടികള്‍ ഭീഷണി നേരിടുന്നതായും നിങ്ങള്‍ മേലധികാരികളെ ഒന്നിലേറെ തവണ അറിയിച്ചിരുന്നതായും 15 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ സര്‍ക്കാര്‍ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നറിയില്ല.
സസ്‌പെന്‍ഷനിലും ജയില്‍വാസത്തിലും എത്തിയ പീഡനങ്ങള്‍ അനുഭവിച്ച് സഹികെട്ടപ്പോള്‍ രാമരാജ്യമല്ല, രാവണരാജ്യമാണ് ഉത്തര്‍പ്രദേശില്‍ എന്നു താങ്കള്‍ക്കു പറയേണ്ടിവന്നു എന്നത് നേര്. തനിക്കും കൂടെ ജയിലിലായ സഹപ്രവര്‍ത്തകര്‍ക്കും നീതി നേടാന്‍ മാത്രമല്ല, ഹതഭാഗ്യരായ കുഞ്ഞുങ്ങളുടെ രക്ഷകര്‍ത്താക്കള്‍ക്ക് നഷ്ടപരിഹാരവും നല്‍കാനുള്ള പോരാട്ടമാണ് ഇനിയെന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് പൊതുജനത്തോടുള്ള കടപ്പാട് എത്രയുണ്ടെന്ന് വ്യക്തമാക്കുന്നു. എങ്കിലും സര്‍ക്കാര്‍ നിയമിച്ച സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തന്നെ ഇനിയും അംഗീകരിച്ചിട്ടില്ല. ജയില്‍ മോചിതനായിട്ടും താങ്കളെ സര്‍വിസില്‍ തിരികെ കയറ്റിയിട്ടുമില്ല എന്നും അറിയുന്നു.
അപ്പോഴും നിങ്ങള്‍ ഉന്നയിക്കുന്ന ചോദ്യം നിലനില്‍ക്കുന്നു. ഈ കൂട്ടക്കൊലക്ക് വാസ്തവത്തില്‍ ഉത്തരവാദി ആര്?. അത് കണ്ടെത്താനുള്ള ദൗത്യവുമായി ആ പിഞ്ചു പൈതങ്ങളെ നഷ്ടപ്പെട്ട രക്ഷിതാക്കളെയും കൂട്ടി ഡല്‍ഹിയില്‍ സത്യഗ്രഹമിരിക്കാന്‍ പോലും തയ്യാറാവുന്ന ഡോക്ടര്‍ സാഹിബ്, ആ ഒറ്റയാള്‍പോരാട്ടത്തില്‍ പങ്കുചേരാന്‍ കഴിയാതെ പോയ ഞങ്ങളോട് സദയം ക്ഷമിക്കുക.നീതിക്ക് വേണ്ടി, കുഞ്ഞുങ്ങള്‍ക്കായുള്ള നിങ്ങളുടെ പോരാട്ടം കാലം എന്നും ഓര്‍ത്തുവയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."