ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ചക്രം ഊരി തെറിച്ചു
വണ്ടിപ്പെരിയാര്‍: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍ ചക്രം ഊരി തെറിച്ചു.ബസിനുള്ളില്‍ ഇരുപത്തഞ്ചോളം യാത്രക്കാരുണ്ടായിരുന്നെങ്കിലും പരുക്കുകളില്ലാതെ എല്ലാവരും രക്ഷപ്പെട്ടു.
ദേശീയപാത 183 ല്‍ ഇന്നലെ രാവിലെ 11 മണിയോടു കൂടി വാളാര്‍ഡി ജങ്ഷനില്‍ വച്ചാണ് അപകടം ഉണ്ടായത്. കുമളി ഡിപ്പോയിലെ ആര്‍ എ സി 667 നമ്പര്‍ ബസിന്റെ മുന്‍വശത്തെ ചക്രമാണ് ഊരിപ്പോയത്. റോഡിലൂടെ അല്‍പ്പദൂരം നിരങ്ങി നീങ്ങിയ ശേഷമാണ് ബസ് നിന്നത്. ഏലപ്പാറയില്‍ നിന്നും കുമളിയിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.
ചക്രത്തിന്റെ ബെയറിങ് തകരാറിലായത് മൂലമാണ് ഊരിപ്പോവാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം . ജങ്ഷനിലെ ബസ് സ്റ്റോപ്പില്‍ ബസ് വേഗത കുറച്ച് ഓടിച്ചതിനാലാണ് വന്‍ അപകടം ഒഴിവായയത് .
ഊരിത്തെറിച്ച ടയര്‍ സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ ഷട്ടറില്‍ ഇടിച്ചു നിന്നു. ടയര്‍ ഉരുണ്ടു വരുന്നത് കണ്ട് സ്ഥാപനത്തിന് മുന്നില്‍ നിന്ന നാലു പേര്‍ ഓടി മാറിയതിനാല്‍ രക്ഷപെട്ടു.
തുടര്‍ന്ന് കുമളി ഡിപ്പോയില്‍ നിന്നും മെക്കാനിക്ക് എത്തി തകരാര്‍ പരിഹരിച്ച ശേഷം ബസ് തല്‍സ്ഥാനത്ത് നിന്നും നീക്കി. കഴിഞ്ഞ രണ്ട് മാസമായി ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയുടെ ക്ഷാമം മൂലം നിരവധി ബസുകളാണ് ഡിപ്പോയിലെ ഗാരേജില്‍ കട്ടപ്പുറത്തായിരുന്നത്. സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ കഴിഞ്ഞ ദിവസം ധര്‍ണാ സമരം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ബസുകളില്‍ ചിലത് അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കിയത്.
കാലപ്പഴക്കം ചെന്നതും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാത്തതുമായ ബസുകള്‍ ഹൈറേഞ്ചില്‍ സര്‍വിസ് നടത്തുന്നത് മിക്കപ്പോഴും വഴിയില്‍ പണിമുടക്കുന്നത് പതിവാണ്. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കിയതിന് ശേഷം ബസ് സര്‍വിസ് കുറഞ്ഞത് മൂലം ഹൈറേഞ്ചില്‍ യാത്രാ ദുരിതം വര്‍ധിച്ചിരിക്കുകയാണ്. പ്രതിമാസം നടത്തേണ്ട മെയിന്റന്‍സ് നടത്തുന്നതില്‍ അസി ഡിപ്പോ എന്‍ജിനിയര്‍ കൃത്യമായ നിര്‍ദ്ദേശം നല്‍കാതെ വീഴ്ച വരുത്തുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം അന്‍പതോളം യാത്രക്കാരുമായി വന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ബ്രെക്ക് നഷ്ട്ടപ്പെട്ട് കുട്ടിക്കാനത്തിന് സമീപം കല്ല് കെട്ടില്‍ ഇടിച്ചാണ് നിര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."