HOME
DETAILS
MAL
യുവേഫ ചാംപ്യന്‍സ് ലീഗ്: ലിവര്‍പൂളും ചെല്‍സിയും കളത്തില്‍, ഇന്റര്‍ കീഴടക്കാന്‍ ബാഴ്‌സ
backup
October 02 2019 | 01:10 AM
ബാഴ്‌സലോണ: ജര്‍മന്‍ കരുത്തരായ ഡോര്‍ട്ട്മുണ്ടിനെതിരേ സമനില വഴങ്ങിയ ശേഷം ചാംപ്യന്‍സ് ലീഗില്‍ രണ്ടാം അങ്കത്തിനൊരുങ്ങി ബാഴ്‌സലോണ.
ഇന്ന് മിലാനെതിരേ സ്വന്തം തട്ടകത്തിലാണ് മത്സരമെന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും മെസ്സിപ്പട പ്രതീക്ഷിക്കുന്നില്ല. ഗ്രൂപ്പ് എഫിലെ നാലു ടീമും കളിച്ച ആദ്യ മത്സരം സമനിലയാണെന്നതിനാല്‍ നാല് ടീമും ഓരോ പോയിന്റ് വീതം നേടിയാണ് നിലയുറപ്പിച്ചത്.
എന്നാല്‍ ഗ്രൂപ്പില്‍ ചാംപ്യരാവാന്‍ കെല്‍പ്പുള്ള ബാഴ്‌സ ഇന്ന് വിജയക്കൊടി പാറിച്ചാല്‍ സ്ലാവിയ പ്രാഹയുമായുള്ള അടുത്ത പോരാട്ടത്തില്‍ സമ്മര്‍ദമേതുമില്ലാതെ കളിക്കാം. എന്നാല്‍ സീരി എ കരുത്തരായ ഇന്ററും കണക്കുകൂട്ടിത്തന്നെയാണ്. ഇന്ന് പരാജയപ്പെട്ടാല്‍ പ്ലേ ഓഫിലെത്താന്‍ ഡോര്‍ട്ട്മുണ്ടുമായുള്ള അടുത്ത പോരാട്ടത്തില്‍ ടീം വിയര്‍പ്പൊഴുക്കേണ്ടി വരും. എന്നാല്‍ സ്വന്തം മൈതാനത്താണ് മത്സരമെന്നതിനാല്‍ ബാഴ്‌സയ്ക്കാണ് വിജയസാധ്യത.
അതേസമയം, ചാപ്യന്‍സ് ലീഗ് രണ്ടാം മത്സരത്തിന് മുന്നോടിയായി സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ഉസ്മാനെ ഡെംബലെയും പരിശീലനത്തിനിറങ്ങിയത് പ്രതീക്ഷ നല്‍കുന്നു. ഇരുവരും അന്തിമ ഇലവനില്‍ ഉണ്ടാകുമെന്നാണ് സൂചന.
ഇന്ററുമായുള്ള അവസാന ഒന്‍പത് മത്സരങ്ങളില്‍ ഒരു തോല്‍വി മാത്രമാണ് ബാഴ്‌സ വഴങ്ങിയത്. അതില്‍ നാലെണ്ണത്തില്‍ വിജയിച്ചപ്പോള്‍ നാലെണ്ണം സമനിലയിലും കലാശിച്ചു. 2010ല്‍ സാന്‍സിനോയിലാണ് ഈ പരാജയം. ക്യാംപ് നൗ ഇന്ററന്റെ ദുരന്ത ഭുമി കൂടിയാണെന്നിരിക്കുമ്പോള്‍ ബാഴ്‌സയ്ക്ക് ജയം എളുപ്പമാവും. ഇവിടെ നടന്ന അവസാന ആറ് മത്സരങ്ങളില്‍ അഞ്ചും ഇന്ററിന് പരാജയമായിരുന്നു. 1970കളിലെ തുടക്കത്തിലായിരുന്നു ക്യാംപ് നൗവില്‍ അവസാനമായി ഇന്റര്‍ ജയിച്ചത്.
ഡോര്‍ട്ട്മുണ്ട്-
സ്ലാവിയ പ്രാഹ
ഇവരുടെ അങ്കത്തില്‍ ജയം ജര്‍മന്‍ കരുത്തരായ ഡോര്‍ട്ട്മുണ്ടിന് പ്രതീക്ഷിക്കാം. ചെക്ക് ക്ലബായ സ്ലാവിയ പ്രാഹയുടെ തട്ടകത്തിലാണ് മത്സരമെന്നതിനാല്‍ സ്വന്തം കാണികളുടെ മുന്നില്‍ വെന്നിക്കൊടി പാറിക്കാനുള്ള ശ്രമത്തിലാണ് സ്ലാവിയ ടീമും. ഗ്രൂപ്പ് എഫില്‍ ഇരുവരും ഓരോ സമനില പാലിച്ച് നില്‍ക്കുകയാണ്. ചാംപ്യന്‍സ് ലീഗില്‍ ആദ്യമായാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്.
ലിവര്‍പൂള്‍-
സാല്‍സ്ബര്‍ഗ്
പ്രീമിയര്‍ ലീഗിലെ വമ്പുമായി ചാംപ്യന്‍സ് ലീഗിലെത്തി പരാജയത്തോടെ തുടങ്ങിയ ലിവര്‍പൂളിന് ജയിക്കേണ്ടത് അത്യാവശ്യം. എതിരാളികളായ റെഡ്ബുള്‍ സാല്‍സ്ബര്‍ഗ് ദുര്‍ബലരാണെങ്കിലും ജെന്‍കിയെ വന്‍ മാര്‍ജിനില്‍ പരായപ്പെടുത്തിയ സാല്‍സ്ബര്‍ഗിനോട് കടുത്ത പോരാട്ടം ലക്ഷ്യം വച്ചാവും ലിവര്‍പൂള്‍ ഇറങ്ങുക. നിലവില്‍ സാല്‍സ്ബര്‍ഗ് ഒന്നാം സ്ഥാനത്തും ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തുമാണ്. ജന്‍കിനെതിരേ ഹാട്രിക്കുമായി കളം വാണ എര്‍ലിങ് ബ്രോട്ട് ഹാളണ്ട് ഇന്ന് കളിക്കുന്ന കാര്യം സംശയത്തിലാണ്. താരത്തിന്റെ പരുക്കാണ് ടീമിനെ അലട്ടുന്നത്.
അതേസമയം, സാദിയോ മാനെ പരിശീലനത്തിനിറങ്ങാത്തത് ലിവര്‍പൂള്‍ ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. ഇന്ന് നടക്കുന്ന മാനെ ബെഞ്ചിലിരിക്കുമെന്നാണ് സൂചന. പരുക്കേറ്റ ജോയല്‍ മാറ്റിപ്പും പരിശീലനത്തിനിറങ്ങിയില്ല. സൂപ്പര്‍ ഗോളി അലിസന്‍ ബെക്കറും ഷര്‍ദന്‍ ഷാക്കിരിയും പരുക്കില്‍നിന്ന് മോചിതരാവാത്തതും ടീമിനെ അലട്ടുന്നുണ്ട്.
നാപ്പൊളി- ജെന്‍ക്
ഈ മത്സരം ജെന്‍കിന്റെ തട്ടകത്താണെങ്കിലും വിജയം നാപ്പൊളിക്കൊപ്പം നില്‍ക്കാനാണ് സാധ്യത. ആദ്യ മത്സരത്തില്‍ പ്രീമിയര്‍ ലീഗിലെ എല്ലാ മത്സരങ്ങളിലും വിജയം മാത്രം കണ്ട് ചാംപ്യന്‍സ് ലീഗിലെത്തിയ ലിവര്‍പൂളിനെ ആദ്യ മത്സരത്തില്‍ 2-0ന് പരാജയപ്പെടുത്തി എന്നതു തന്നെ കാര്യം. നിലവില്‍ റെഡ്ബുള്‍ ലെപ്‌സിഗിനു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള നാപ്പൊളിക്ക് പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ ഇന്ന് ജയിച്ചേ തീരൂ. എന്നാല്‍ ആദ്യ മത്സരത്തില്‍ 6-2ന്റെ കനത്ത തോല്‍വിയേറ്റു വാങ്ങിയ താരതമ്യേന ദുര്‍ബലരായ ജെന്‍ക്, സ്വന്തം നാട്ടില്‍ ജയിച്ച് വിമര്‍ശനക്കാരുടെ വായടപ്പിക്കാനാവും ഇറങ്ങുക.
ലിയോണ്‍- ലീപ്‌സിഗ്
പോര്‍ച്ചുഗല്‍ ചാംപ്യന്‍മാരായ ബെന്‍ഫിക്കയെ അട്ടിമറിച്ച ശേഷം മറ്റൊരു മുന്നേറ്റത്തിനൊരുങ്ങുകയാണ് ജര്‍മന്‍ ടീം ലീപ്‌സിഗ്. ഇന്ന് സ്വന്തം തട്ടകത്തില്‍ ലിയോണിനെ നേരിടുമ്പോള്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്ലേ ഓഫാണ് ടീം ലക്ഷ്യമിടുന്നത്.
ബെന്‍ഫിക്കയ്‌ക്കെതിരേ 2-1ന്റെ ജയം സ്വന്തമാക്കുമ്പോള്‍ തിമോ വെര്‍ണറെന്ന ആക്രമണ കുന്തമുനയെയാണ് ടീം ആത്മവിശ്വാസത്തോടെ ഉറ്റുനോക്കുന്നത്. ഈ ജര്‍മന്‍ താരമാണ് ടീമിന്റെ രണ്ട് ഗോളിനും അവകാശി.
ജി ഗ്രൂപ്പില്‍ ആദ്യ മത്സരത്തിലെ ജയത്തിന്റെ പിന്‍ബലത്തിലാണ് ലൈപ്‌സിഗ് ഒന്നാം സ്ഥാനം കൊണ്ടാടുന്നത്. ഇന്ന് കൂടി ജയിച്ചാല്‍ ടീം പ്ലേ ഓഫ് സാധ്യത സജീവമാകുമെന്നതിനാല്‍ ജയം തന്നെ ലക്ഷ്യം. അതേസമയം, ആദ്യ മത്സരത്തിലെ സമനിലയോടെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലിയോണിന് പ്ലേ ഓഫ് മങ്ങാതിരിക്കാന്‍ ഇന്ന് ജയിക്കണം. രണ്ടും കല്‍പ്പിച്ച് ടീം ഇറങ്ങുമ്പോള്‍ ജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കണ്ടറിയണം.
ബെന്‍ഫിക്ക- സെനിത്ത്
ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം വിജയവഴിയിലെത്താന്‍ ബെന്‍ഫിക്ക സെനിത്തുമായി കൊമ്പുകോര്‍ക്കുന്നു. അതേസമയം, ലിയോണിനെ സമനിലയില്‍ തളച്ച സെനിത്തിനും ഇന്ന് ജയം നിര്‍ണായകം. ഗ്രൂപ്പില്‍ സെനിത്ത് രണ്ടാം സ്ഥാനത്തും ബെന്‍ഫിക്ക നാലാം സ്ഥാനത്തുമാണ്.
വലന്‍സിയ- അയാക്‌സ്
ഗ്രൂപ്പ് എച്ചില്‍ ലാലിഗ പ്രമുഖരായ വലന്‍സിയയും ഡച്ച് പ്രധാനികളായ അയാക്‌സും നേര്‍ക്കുനേര്‍ വരുമ്പോള്‍ വിജയികളെ നിര്‍ണയിക്കല്‍ പ്രവചനാതീതം. കാരണം ഇരു ടീമും ഗ്രൂപ്പിലെ ശക്തര്‍. ഇരു ടീമിനും ആദ്യ മത്സരത്തില്‍ ജയം. ഗോള്‍ ശരാശരിയുടെ പിന്‍ബലത്തില്‍ മാത്രം വലന്‍സിയെ പിന്നിലാക്കി അയാക്‌സാണ് മുന്നില്‍. എന്നാല്‍ രണ്ടാമതുള്ള വലന്‍സിയ പരാജയപ്പെടുത്തിയതാവട്ടെ, ഇംഗ്ലീഷ് കരുത്തരായ ചെല്‍സിയെ. അങ്ങനെ വരുമ്പോള്‍ ഇന്നത്തെ മത്സരം കടുക്കും. ലില്ലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അയാക്‌സിന്റെ ജയം.
ചെല്‍സി-ലില്ലി
അപ്രതീക്ഷിതമായി ചാംപ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ പരാജയമേറ്റു വാങ്ങിയ ചെല്‍സി രണ്ടാം മത്സരത്തില്‍ ജയം നേടാനുള്ള ഒരുക്കത്തിലാണ്. ഗ്രൂപ്പ് എച്ചില്‍ നാലാമതുള്ള ലില്ലിയാണ് എതിരാളികളെന്നതിനാല്‍ ജയം മാത്രമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ കുഞ്ഞന്‍മാര്‍ അരങ്ങു തകര്‍ക്കുന്ന ചാംപ്യന്‍സ് ലീഗില്‍, ലില്ലിയുടെ ഹോം ഗ്രൗണ്ടില്‍ ചെല്‍സിക്ക് ഒരിക്കല്‍ കൂടി അടിതെറ്റുമോ എന്ന് കാത്തിരുന്ന് കാണണം. ആദ്യ മത്സരത്തില്‍ വലന്‍സിയയോടാണ് ചെല്‍സിക്ക് തോല്‍വി പിണഞ്ഞത്. നിലവില്‍ മൂന്നാം സ്ഥാനത്താണ് ചെല്‍സി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."