ടി.സിയും സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനില്‍ ലഭ്യമാക്കും: മന്ത്രി ജലീല്‍
കോഴിക്കോട്: എല്ലാ സര്‍വകലാശാലകളിലും കോളജുകളിലും അടുത്ത അധ്യയനവര്‍ഷം മുതല്‍ ടി.സിയും എല്ലാവിധ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി ഡോ. കെ.ടി ജലീല്‍ അറിയിച്ചു. ഉപരിപഠന, കരിയര്‍ മാര്‍ഗനിര്‍ദേശ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) 22 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ കോഴിക്കോട് ചേവായൂരിലെ സിജി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഞ്ചായത്ത് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും കംപ്യൂട്ടറൈസേഷന് നടന്നിട്ടും ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇന്നും ടി.സിയും പല സര്‍ട്ടിഫിക്കറ്റുകളും കൈകൊണ്ട് എഴുതിനല്കുന്ന രീതിയാണു തുടരുന്നത്. ഈ അവസ്ഥ മാറ്റിയെടുക്കും. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ക്കും കോളജുകള്ക്കുമിടയില് ക്രഡിറ്റ് എക്സ്ചേഞ്ച് സമ്പ്രദായം അടുത്ത അധ്യയനവര്‍ഷം തന്നെ ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
സാക്ഷരതയിലും പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും കേരളത്തിന്റെ സ്ഥാനം ഏറെ ഉയര്‍ന്നതാണ്. എങ്കിലും നാക് അക്രഡിറ്റേഷനില്‍ എ പ്ലസ് നേടാന്‍ സംസ്ഥാനത്തെ ഒരു സര്‍വകലാശാലയ്ക്കും സാധ്യമായിട്ടില്ല. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ദേശീയ റാങ്കിങ്ങായ എന്‍.ഐ.ആര്.എഫിന്റെ 25 റാങ്കില്‍ ഉള്‍പ്പെടുന്ന ഒരു സര്‍വകലാശാലയും കേരളത്തിലില്ല. ഈ സ്ഥിതി മാറ്റിയെടുക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും ഡോ.കെ.ടി.ജലീല്‍ പറഞ്ഞു.
സിജി പ്രസിഡന്റ് പി.എ അബ്ദുല്‍ സലാം അധ്യക്ഷനായി. ഡോ. കെ.എം അബൂബക്കര്‍, സി.പി കുഞ്ഞുമുഹമ്മദ്, സി.എം മുഹമ്മദ് ഫിറോസ്, കെ.പി ഷംസുദ്ദീന്, പി. സുലൈമാന്‍, എ.കെ നിഷാദ്, ടി. സലീം, എ.പി നിസാം, അബ്ദുറഹ്മാന് ചൂണ്ടല്‍, സിറാജുദ്ദീന് പറമ്പത്ത് പങ്കെടുത്തു. ഡോ. ഇസഡ്.എ അഷ്റഫ് സ്വാഗതവും ഡൊമിനിക് മാത്യു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."