അട്ടപ്പാടിയില്‍ പുതിയ ഡാം വരുന്നു
തിരുവനന്തപുരം: അട്ടപ്പാടിയില്‍ പുതിയ ഡാം നിര്‍മിക്കാനും വന്‍കിട ജലസേചന പദ്ധതി നടപ്പാക്കാനും ഒരുങ്ങി ജലസേചന വകുപ്പ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വന്‍കിട ജലസേചന പദ്ധതി ജലസേചന വകുപ്പ് തയാറാക്കുന്നത്. ഇതുസംബന്ധിച്ച് 458 കോടിയുടെ വിശദമായ പദ്ധതി രേഖ തയാറാക്കി. കഴിഞ്ഞദിവസം ഐ.എം.ജിയില്‍ നടന്ന ചടങ്ങില്‍ പദ്ധതിരേഖ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് കൈമാറി.
അഗളി ഷോളയാര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള കോണ്‍ക്രീറ്റ് അണക്കെട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. 450 മീറ്റര്‍ നീളവും 51.5 മീറ്റര്‍ ഉയരവും ഈ അണക്കെട്ടിനുണ്ടാവും. മുകള്‍ഭാഗത്തിന് എട്ട് മീറ്റര്‍ വീതിയുണ്ടാവും. അഞ്ച് ഷട്ടറുകളാവും ഡാമില്‍ ഉണ്ടാവുക. വലതുകരയിലും ഇടതുകരയിലുംകൂടി 47 കിലോമീറ്റര്‍ ദൂരത്തില്‍ കോണ്‍ക്രീറ്റ് പൈപ്പിലൂടെ ജലം കര്‍ഷകര്‍ക്ക് എത്തിച്ചുനല്‍കും.
ഒരു മീറ്റര്‍ വ്യാസമുള്ള പൈപ്പാണ് ജലവിതരണത്തിന് ഉപയോഗിക്കുന്നത്. അതിനാല്‍ ജലനഷ്ടം കുറയ്ക്കാന്‍ കഴിയും. വാര്‍ഷിക അറ്റകുറ്റപ്പണിക്കും ഭൂമി ഏറ്റെടുക്കലിനും അധികം പണം ചെലവഴിക്കേണ്ടിവരില്ല എന്ന നേട്ടവും ഇതിലുണ്ട്. ആദിവാസി മേഖലയിലെ കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ നേട്ടം പ്രധാനമായും ലഭിക്കുന്നത്. ഇതിനൊപ്പം മൈക്രോ ഇറിഗേഷന്‍ പദ്ധതികൂടി നടപ്പിലാക്കാനും ജലസേചന വകുപ്പ് ലക്ഷ്യംവയ്ക്കുന്നുണ്ട്.
ആകെ 4,255 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് ജലസേചന സൗകര്യം ലഭ്യമാക്കും. കുടിവെള്ള വിതരണ സംവിധാനവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഏഴ് ദശലക്ഷം ലിറ്റര്‍ ജലമാണ് കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുക. വ്യാവസായിക ആവശ്യത്തിനും ഇവിടെനിന്നും ജലം നല്‍കും. വേനല്‍ക്കാലത്ത് ഡാമില്‍നിന്നും ചുരുങ്ങിയ തോതില്‍ വെള്ളം തുറന്നുവിട്ട് പുഴയിലെ പാരിസ്ഥിതിക സന്തുലനാവസ്ഥ ഉറപ്പാക്കുകയും ചെയ്യും.
കാവേരി നദീജലത്തില്‍നിന്നും കേരളത്തിന് ഭവാനിപ്പുഴയില്‍ ലഭ്യമാക്കേണ്ട ജലം പൂര്‍ണമായും വിനിയോഗിക്കുന്നതാണ് ഈ പദ്ധതി. മൂന്ന് മാസത്തെ പ്രയത്‌നത്തിനൊടുവിലാണ് വിശദമായ പദ്ധതി രേഖ തയാറാക്കിയത്.
കേന്ദ്ര ജലവിഭവ കമ്മിഷന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകളില്‍നിന്നും അനുമതി വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പുതിയ പദ്ധതി രേഖ സമയബന്ധിതമായി തയാറാക്കിയ എല്ലാ ഉദ്യോഗസ്ഥരെയും വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിനന്ദിച്ചു. കര്‍ഷകര്‍ക്ക് പ്രയോജനകരമായ കൂടുതല്‍ പദ്ധതികള്‍ ഉണ്ടാവുകയും അവ സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."