ആര്.എസ്.എസിന് ആളെകൂട്ടുന്നത് കോണ്‍ഗ്രസെന്ന് ഇ.പി
കണ്ണൂര്‍: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് നടത്തുന്ന ജാഥകള്‍ക്ക് ആളെക്കൂട്ടിക്കൊടുക്കുന്ന പണിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നതെന്ന് മന്ത്രി ഇ.പി ജയരാജന്. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ സാംസ്കാരിക ജാഥക്ക് കണ്ണൂരില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ പേരില്‍ ഭരണഘടനയെയും നിയമ വ്യവസ്ഥയെയും തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. നാടിനെ പിന്നോട്ടുനയിക്കാനും നാടുവാഴി കാലഘട്ടത്തിലേക്ക് കൊണ്ടുപോകാനുമാണു സംഘ്പരിവാര്‍ ശ്രമം. നിലവാരംവിട്ട ചില ആളുകള്‍ ശബരിമലയില്‍ അഴിഞ്ഞാടുകയാണെന്നും മന്ത്രി ജയരാജന് വ്യക്തമാക്കി.
പി.കെ ബൈജു അധ്യക്ഷനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജാഥാലീഡര്‍ പി. അപ്പുക്കുട്ടന്, എന്‍.എസ് വിനോദ്, വെള്ളോറ രാജന്, എം. ബാലന് സംസാരിച്ചു. ജാഥാ സ്വീകരണത്തിന്റെ ഭാഗമായി കലാപരിപാടികളും കാനച്ചേരി ഗ്രാമീണ വായനശാലയുടെ നാടന്‍പാട്ടും നടന്നു. ഇരിട്ടി, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളിലും ജാഥക്ക് സ്വീകരണം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."