വിപ്ലവ സ്മരണകളുയര്‍ത്തി വില്ല് വണ്ടിക്ക് പുനരാവിഷ്‌കാരം
അന്നമനട: പതിറ്റാണ്ടുകള്‍ക്കു മുന്‍പു കീഴാള ജനത നടത്തിയ ചരിത്ര പ്രസിദ്ധമായ സഞ്ചാര സ്വാതന്ത്ര സമരത്തിന്റെ വിപ്ലവ സ്മരണകളുയര്‍ത്തി വില്ലു വണ്ടിക്കു പുനരാവിഷ്‌കാരം.
മഹാത്മ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടത്തിയ സഞ്ചാര സമര പോരാട്ടത്തിന്റെ ഓര്‍മകള്‍ക്കു ജീവന്‍ പകര്‍ന്ന് ശില്‍പി സുമേഷ് സമ്പാളൂരാണ് വില്ലു വണ്ടി നിര്‍മിച്ചത്. മഹാത്മ അയ്യങ്കാളിയുടെ സഞ്ചാര സമരത്തിന്റെ 125-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കെ.പി.എം.എസ് അന്നമനട യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടിയാണ് വില്ലുവണ്ടി പുനരാവിഷ്‌കരിച്ചത്.
കീഴാളരുടേയും നൃൂനപക്ഷ ജനവിഭാഗങ്ങളുടേയും സ്വാതന്ത്രത്തിന് മേല്‍ വിലങ്ങ് വീണുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ഭരണത്തിനെതിരേയുള്ള പ്രതിഷേധമുയര്‍ത്തികൊണ്ടു നിരവധി ആളുകള്‍ വില്ലു വണ്ടി കാണുന്നതിനായെത്തി. വില്ല് വണ്ടിയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സാംസ്‌കാരിക സമ്മേളനം ആരംഭിച്ചത്. അന്നമനട പഞ്ചായത്ത് ഓപ്പണ്‍ ഹാളില്‍ നടന്ന സമ്മേളനം അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ പ്രസിഡന്റ് കെ.എസ് സന്തോഷ് അധ്യക്ഷനായി. ദളിത് ആക്റ്റിവിസ്റ്റ് ധന്യ രാമന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ അജി തൈവളപ്പില്‍, പി.വി സജീവന്‍, സുനിത സജീവ്, ഉദയന്‍ മറ്റത്തില്‍, എം.എസ് ധനീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."