മരടിലെ ഫ്‌ളാറ്റുകള്‍ ഇന്ന് ഒഴിയണം; നിലപാടിലുറച്ച് നഗരസഭയും സബ് കലക്ടറും കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഉടമകള്‍
കൊച്ചി: മരടില്‍ സുപ്രിംകോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ താമസക്കാര്‍ ഒഴിയേണ്ട സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരത്തിനകം ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന് ദിവസങ്ങള്‍ക്ക് മുന്നേ സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. അതേസമയം, പകരം താമസസ്ഥലം കണ്ടെത്താനായിട്ടില്ലെന്നും അതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നുമാണ് ഉടമകളുടെ നിലപാട്.
സമയം നീട്ടി നല്‍കാനാവില്ലെന്ന കടുത്ത നിലപാടിലാണ് മരട് നഗരസഭയും പൊളിക്കലിന് മേല്‍നോട്ടം വഹിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഫോര്‍ട്ടുകൊച്ചി സബ്കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങും. ഇതിനകം എഴുപതോളം ഫ്‌ളാറ്റുകളിലെ താമസക്കാര്‍ മാത്രമാണ് സ്വമേധയാ ഒഴിഞ്ഞുപോയത്. എന്നാല്‍ ഇവര്‍ ഫ്‌ളാറ്റ് ഉടമകളല്ലെന്നും വാടകക്ക് താമസിച്ചിരുന്നവരാണെന്നുമാണ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ വിശദീകരിക്കുന്നത്.
ഇവിടെനിന്ന് ഒഴിയുന്ന താമസക്കാര്‍ക്ക് വാടകക്ക് താമസിക്കുന്നതിനായി അധികൃതര്‍ 520 ഫ്‌ളാറ്റുകളുടെ ലിസ്റ്റ് കൈമാറിയിരുന്നു. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് വാടകക്ക് ലഭ്യമായ ഫ്‌ളാറ്റുകളുടെ പട്ടിക ശേഖരിച്ചത്. എന്നാല്‍, അധികൃതര്‍ കൈമാറിയ ലിസ്റ്റിലുള്ള ഫ്‌ളാറ്റുകളില്‍ പലതിലും നിലവില്‍ താമസക്കാരുണ്ടെന്നും മറ്റു ചിലത് ഇനിയും നിര്‍മാണം പൂര്‍ത്തിയാക്കാത്തവയാണെന്നും മരടിലെ ഫ്‌ളാറ്റുടമകള്‍ പറയുന്നു. അതിനാല്‍ തന്നെ 180 ഫ്‌ളാറ്റുകളിലെ താമസക്കാര്‍ക്ക് പകരം സ്ഥലം കണ്ടെത്താനായിട്ടില്ല. ഇതിന് കൂടുതല്‍ സമയം വേണമെന്നാണ് അവരുടെ ആവശ്യം. ഈ ആവശ്യം നഗരസഭ നേരത്തെ തള്ളിയിരുന്നു. ഒക്ടോബര്‍ മൂന്നിനകം വിവാദ ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കുമെന്നും 11ന് പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഉറപ്പ് നല്‍കിയതാണ്.
ഈ സാഹചര്യത്തില്‍, സമയം നീട്ടി നല്‍കാനാവില്ലെന്ന് ഇന്നലെ വൈകുന്നേരത്തോടെ സബ് കലക്ടര്‍ സ്‌നേഹില്‍ കുമാറും വ്യക്തമാക്കി. ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ഒഴിയുന്നതിന് സൗകര്യമൊരുക്കാനാണ്, നേരത്തെ വിച്ഛേദിച്ചിരുന്ന ജല-വൈദ്യുതി കണക്ഷനുകള്‍ പുനഃസ്ഥാപിച്ച് നല്‍കിയത്. ഫ്‌ളാറ്റ് ഒഴിയുന്നതിന് അനുവദിച്ച സമയം അവസാനിക്കുന്ന മുറക്ക് ഇന്ന് വൈകുന്നേരത്തോടെ ഇവ വിച്ഛേദിക്കാനാണ് നഗരസഭയുടെയും സബ് കലക്ടറുടെയും തീരുമാനം. മാത്രമല്ല, താല്‍ക്കാലിക പുനരധിവാസം ആവശ്യമുള്ളവര്‍ വിവരമറിയിക്കണമെന്ന് രണ്ടുപ്രാവശ്യം നോട്ടിസ് നല്‍കിയിട്ടും 94 ഫ്‌ളാറ്റുടമകള്‍ മാത്രമാണ് അപേക്ഷ നല്‍കിയതെന്നും സ്‌നേഹില്‍ കുമാര്‍ വ്യക്തമാക്കി.
താമസക്കാര്‍ ഒഴിയുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍, മരട് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ എന്നിവര്‍ ഇന്നലെ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇവരുടെ മുന്നിലും ഫ്‌ളാറ്റുടമകള്‍ പ്രതിഷേധവുമായി എത്തി. സുഗമമായി ഒഴിഞ്ഞുപോകുന്നതിന് രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, ഇന്ന് വൈകുന്നേരത്തിനകം ഒഴിയണമെന്ന് അധികൃതര്‍ നിലപാട് കടുപ്പിച്ചതോടെ ഫ്‌ളാറ്റുകളിലെ താമസക്കാര്‍ കടുത്ത പരിഭ്രാന്തിയിലായിട്ടുമുണ്ട്.
പരിസരവാസികള്‍ക്ക് സുരക്ഷയൊരുക്കും
കൊച്ചി: മരടിലെ വിവാദ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പരിസരവാസികള്‍ക്ക് സുരക്ഷയൊരുക്കും.
പരിസരത്തുള്ള വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടില്ലാതെവേണം പൊളിക്കല്‍ നടപടികള്‍ എന്ന് പൊളിച്ചുനീക്കലിന് കരാറെടുക്കാന്‍ എത്തിയ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിസരത്തെ വീടുകള്‍ക്കും മറ്റും കേടുപാട് സംഭവിച്ചാല്‍ പൊളിച്ചുനീക്കലിന് കരാറെടുത്ത കമ്പനികളില്‍നിന്ന് നഷ്ടം ഈടാക്കി നല്‍കുമെന്ന് സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ വിശദീകരിച്ചു. പരിസരവാസികള്‍ ആശങ്കയറിയിച്ച് രംഗത്തുവന്ന സാഹചര്യത്തിലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."