കോണ്‍ഫെഡറേഷന്‍സ് കപ്പ്: പോര്‍ച്ചുഗലിനും ചിലിക്കും അരങ്ങേറ്റം
മോസ്‌ക്കോ: മുന്‍നിര താരങ്ങളുമായി എത്തിയ യൂറോ ചാംപ്യന്‍മാരായ പോര്‍ച്ചുഗലും കോപ്പ അമേരിക്ക ജേതാക്കളായ ചിലിയും ഇന്ന് കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് എയില്‍ പോര്‍ച്ചുഗല്‍ മുന്‍ ചാംപ്യന്മാരായ മെക്‌സിക്കോയുമായും ഗ്രൂപ്പ് ബിയില്‍ ചിലി ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ചാംപ്യന്‍മാരായ കാമറൂണുമായും ഏറ്റുമുട്ടും.
കോണ്‍ഫെഡഷേറഷന്‍സ് കപ്പില്‍ ആദ്യമായാണ് പോര്‍ച്ചുഗല്‍ പങ്കെടുക്കുന്നത്. സൂപ്പര്‍ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് അവരുടെ വജ്രായുധം. ഒപ്പം പെപ്പെ, ജാവോ മോട്ടീഞ്ഞോ, ആന്ദ്രെ ഗോമസ്, നാനി, റാഫേല്‍ ഗുരേരോ, ആന്ദ്രെ സില്‍വ തുടങ്ങിയ താരങ്ങളും അണിനിരക്കും. പോര്‍ച്ചുഗലിനെ മികച്ച തന്ത്രങ്ങളിലൂടെ യൂറോ കപ്പ് കിരീടത്തിലേക്ക് നയിച്ച ഫെര്‍ണാണ്ടോ സാന്റോസാണ് ടീമിന്റെ പരിശീലകന്‍.
മറുഭാഗത്ത് മെക്‌സിക്കോയും കരുത്തുറ്റ നിരയുമായാണ് കളിക്കാനെത്തുന്നത്. 1999ല്‍ മെക്‌സിക്കോ കോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടം നേടുമ്പോള്‍ ടീമിലുണ്ടായിരുന്ന റാഫേല്‍ മാര്‍ക്വെസ് നിലവിലെ ടീമിലും അംഗമാണ്. അതേസമയം പരുക്കിന്റെ വേവലാതികള്‍ നിലനില്‍ക്കുന്നതിനാല്‍ താരം ഇന്ന് ഇറങ്ങിയേക്കില്ല. ജാവിയര്‍ ഹെര്‍ണാണ്ടസാണ് മെക്‌സിക്കോയുടെ പ്രധാന താരം. ഗോള്‍ കീപ്പര്‍ ഗ്യുല്ലെര്‍മോ ഒച്ചോവ, ഹെക്ടര്‍ മൊറേനോ, ജൊനാതന്‍ ഡോസ് സാന്റോസ് എന്നിവരും ടീമിന് കരുത്തായി ഉണ്ട്.
ഗ്രൂപ്പ് ബിയില്‍ കാമറൂണുമായി മത്സരിക്കാനിറങ്ങുന്ന ചിലിയും ആദ്യമായാണ് കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ കളിക്കുന്നത്. കാമറൂണ്‍ ഇത് മൂന്നാം തവണയാണ് വന്‍കര പോരിനെത്തുന്നത്. പരുക്കേറ്റതിനാല്‍ നായകനും ഗോള്‍ കീപ്പറുമായ ക്ലൗഡിയോ ബ്രാവോയുടെ അഭാവത്തിലാണ് ചിലി കളിക്കാനിറങ്ങുന്നത്. വെറ്ററന്‍ ഗോള്‍ കീപ്പര്‍ ജോണി ഹെരേരയാണ് ചിലിയന്‍ വല കാക്കുന്നത്. ആര്‍തുറോ വിദാല്‍, അലക്‌സിസ് സാഞ്ചസ്, എഡ്വാര്‍ഡോ വര്‍ഗാസ് ത്രയം ചിലിയന്‍ മുന്നേറ്റങ്ങള്‍ക്ക് കരുത്തായുണ്ട്. ഒപ്പം ഗാരി മെഡല്‍, ഗോണ്‍സാലോ യാര, ചാള്‍സ് അരാംഗ്വിസ് എന്നിവരും കളിക്കാനിറങ്ങും.
ജര്‍മനി കഴിഞ്ഞാല്‍ ടൂര്‍ണമെന്റില്‍ യുവ നിരയുമായെത്തിയ ടീമാണ് കാമറൂണ്‍. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് അവര്‍ വരുന്നത്. മുന്നേറ്റത്തില്‍ തുര്‍ക്കി ക്ലബ് ബസിക്റ്റസിന്റെ താരം വിന്‍സന്റ് അബൂബകറിലാണ് കാമറൂണിന്റെ പ്രതീക്ഷ. 21കാരനായ ഫാബ്രിസ് ഓന്‍ഡോവയാണ് ഗോള്‍ വല കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."