രതീഷിന്റെ സ്വപ്നങ്ങള്‍ സഫലമാക്കി സ്വപ്നക്കൂട് ഒരുങ്ങി
കരുനാഗപ്പള്ളി: ഇരുപത്തി ഏഴാമത്തെ വയസില്‍ അര്‍ബുദ രോഗത്തോട് പൊരുതി തോറ്റ് മടങ്ങിയ രതീഷ് എന്ന ചെറുപ്പക്കാരന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുന്നു. മരുതൂര്‍ക്കുളങ്ങര തെക്ക് രതീഷ് ഭവനത്തില്‍ രതീഷിന്റെ മാതാപിതാക്കള്‍ക്കാണ് തല ചായ്ക്കാന്‍ വീടൊരുങ്ങുന്നത് കരുനാഗപ്പള്ളി ക്യാപ്റ്റന്‍ ലക്ഷ്മി ഹെല്‍ത്ത് ആന്റ് പാലിയേറ്റീവ് സൊസൈറ്റിയാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ചെറുപ്പത്തിലേ നല്ല അധ്വാനിയായ ചെറുപ്പക്കാരനായിരുന്നു രതീഷ്.
സാമില്‍ തൊഴിലാളിയായ പിതാവ് രവി രോഗിയായി മാറിയതോടെ വീടിന്റെ ഭാരം മുഴുവന്‍ ചെറുപ്രായത്തില്‍ തന്നെ രതീഷ് ഏറ്റെടുത്തു. മരപ്പണി തൊഴിലാളിയായ യുവാവ് രാവും പകലും ജോലി ചെയ്തു. എന്നാല്‍ ഏക സഹോദരിയുടെ വിവാഹത്തിന് വേണ്ടി ഉള്ള ഭൂമിവിറ്റു.
വീണ്ടും രാത്രിയും പകലുമില്ലാതെ രതീഷ് വീണ്ടും പണിയെടുത്തു. പിതാവിന്റെ ചികിത്സാ ചെലവും സഹോദരിയുടെ വിവാഹ ബാധ്യതയും തീര്‍ത്ത് മിച്ചം വന്ന പണം ബാക്കി വച്ച് ആറ് സെന്റ് ഭൂമി വാങ്ങി. അതില്‍ തന്റെ സ്വപ്ന ഭവനത്തിന് വേണ്ടിയുള്ള ഓട്ടത്തിനിടെയാണ് മാരക രോഗം ഈ യുവാവിനെ എറിഞ്ഞു വീഴ്ത്തിയത്. തലച്ചോറില്‍ മാരകമായ അര്‍ബുദം ബാധിച്ച് നിരവധി നാളത്തെ ചികില്‍സയ്ക്കു ശേഷം രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ് സ്വാന്ത്വന പരിചരണവുമായി പാലിയേറ്റീവ് പ്രവര്‍ത്തകര്‍ എത്തുന്നത്. അവരോടാണ് തന്റെ മാതാപിതാക്കള്‍ക്ക് തല ചായ്ക്കാന്‍ ഒരിടം എന്ന സ്വപ്നം പങ്കവയ്ക്കുന്നത്.
ഈ ആഗ്രഹം നടത്തി കൊടുക്കണം എന്ന് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ചിന്തിയ്ക്കുന്നതിനിടെ 2016 ജൂലായ് 2ന് രതീഷ് ഈ ലോകത്തോട് വിട പറഞ്ഞു. തുടര്‍ന്ന് വാടക വീട്ടില്‍ കഴിയുന്ന രതീഷിന്റെ മാതാപിതാക്കള്‍ക്ക് രതീഷിന്റെ സ്വപ്ന ഭൂമിയില്‍ ഒരു വീട് യാഥാര്‍ഥ്യമാക്കാന്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. കരുനാഗപ്പള്ളി നഗരസഭയുടേയും നാട്ടുകാരുടേയും സഹകരണത്തോടെ വീടുനിര്‍മാണം തുടങ്ങി.
2016 ഓഗസ്റ്റ് 8 ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ തറക്കല്ലിട്ടു. ഹാബിറ്റാറ്റ് ഗ്രൂപ്പിനാണ് നിര്‍മാണ ചുമതല. പെയിന്റിങ്് ഉള്‍പ്പടെയുള്ളവ സൗജന്യമായാണ് ഇവരും സൗജന്യമായി ചെയ്തു നല്‍കുന്നു. വൈദ്യുതി വാട്ടര്‍ കണക്ഷന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉള്‍പ്പടെ ലഭ്യമാക്കിയാണ് വീട് പൂര്‍ത്തിയാക്കുന്നത്. ഇന്ന് വൈകിട്ട് വീട് രതീഷിന്റെ മാതാപിതാക്കളായ രവിയ്ക്കും സുജാതയ്ക്കും കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."