സാമ്പത്തിക പ്രതിസന്ധിയിലും സ്വന്തക്കാര്‍ക്ക് നിയമനം
തിരുവനന്തപുരം: ചീഫ് വിപ്പിനായി ഇതുവരെ തയാറാകാത്ത ഓഫിസിലേക്ക് 13 പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഔദ്യോഗിക വസതിയും വാഹനവുമൊന്നുമില്ലാതെ ചെലവ് ചുരുക്കുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് ചീഫ് വിപ്പ് പദവിയിലേക്ക് സി.പി.ഐയുടെ കെ.രാജന്‍ വന്നതെങ്കിലും നേതാക്കളുടെ ബന്ധുക്കളെയും പാര്‍ട്ടിക്കാരെയുമാണ് ഇപ്പോള്‍ പല തസ്തികകളിലേക്കായി നിയമിച്ചിരിക്കുന്നത്. നിയമസഭാ മന്ദിരത്തിലെ ഒരു മുറിയിലാണ് ചീഫ് വിപ്പിന്റെ ഓഫിസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ചീഫ് വിപ്പിന് പ്രത്യേകിച്ച് ഓഫിസൊന്നും ഇതുവരെ അനുവദിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്രയും ജീവനക്കാരെ വരുത്തി വെറുതേയിരുത്തുകയാകും ചെയ്യുക.
ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് ഇത്രയും ജീവനക്കാരെ കൊണ്ടുവരുന്നതിലൂടെ ആറ് ലക്ഷത്തിലധികം രൂപയാണ് ശമ്പളമായിമാത്രം സര്‍ക്കാര്‍ ഖജനാവില്‍നിന്നും നല്‍കേണ്ടി വരുന്നത്.വനം വന്യജീവി വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ടി.ആര്‍.സുനില്‍ ആണ് ചീഫ് വിപ്പിന്റെ പ്രൈവറ്റ് സെക്രട്ടറി. രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരും ഒരു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ട്. ക്ലര്‍ക്ക്, പേഴ്‌സണല്‍ അസിസ്റ്റന്റ്, അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് ഓരോരുത്തരെയും ഓഫിസ് അറ്റന്‍ഡന്റ്ുമാരായി മൂന്നുപേരെയും നിയമിച്ചപ്പോള്‍ ചീഫ് വിപ്പിന്റെ നാട്ടുകാരായ രണ്ടുപേരെ ഡ്രൈവര്‍മാരായും പേഴ്‌സണല്‍ സ്റ്റാഫിലേക്ക് എടുത്തിട്ടുണ്ട്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അവസരത്തില്‍ ക്യാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവി വന്‍ ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. മുമ്പ് ചീഫ് വിപ്പുമാരായിരുന്ന തോമസ് ഉണ്യാടനും പി.സി.ജോര്‍ജും അവരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ 29 പേരെ വീതം നിയമിച്ചിരുന്നു. അത്രതന്നെ ജീവനക്കാരെ ഇപ്പോഴത്തെ ചീഫ് വിപ്പും നിയമിക്കുമോയെന്നതാണ് ഇനി കാണേണ്ടത്.അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ ചീഫ് വിപ്പ് പദവി വേണ്ടെന്ന് വാദിച്ച സി.പി.ഐ എല്ലാ ആദര്‍ശങ്ങളും മാറ്റിവച്ചാണ് പദവി സ്വീകരിക്കാന്‍ തീരുമാനിച്ചത്. പൊതുജനത്തിന് ഒരു ഉപകാരവുമില്ലാത്ത ചീഫ് വിപ്പ് പദവിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ടഭിപ്രായം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനൊപ്പം നില്‍ക്കുന്ന കെ.രാജനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു.
ഇതേതുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍തന്നെ മുതിര്‍ന്ന നേതാക്കള്‍ക്കും എം.എല്‍.എമാര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഉള്ളപ്പോഴാണ് ഓഫിസ് തയാറായില്ലെങ്കിലും പേഴ്‌സണല്‍ സ്റ്റാഫിലേക്ക് ജീവനക്കാരെ കുത്തിനിറച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."