'കലക്ടര്‍ ബ്രോ'യെ പ്രതിക്കൂട്ടിലാക്കി ക്രമക്കേടുകള്‍
കോഴിക്കോട്: കോഴിക്കോടിന്റെ കലക്ടര്‍ ബ്രോയെ പ്രതിക്കൂട്ടിലാക്കുന്ന ക്രമക്കേടുകള്‍ നിരവധി. എന്‍. പ്രശാന്ത് കലക്ടറായിരിക്കെ ജില്ലയിലെ റിവര്‍ മാനേജ്‌മെന്റ് ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് വഴിവിട്ട രീതിയിലുള്ള വാഹനം വാങ്ങലും ഉപയോഗവും നടന്നുവെന്ന് ധനകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെയടിസ്ഥാനത്തില്‍ 25,73,385 ലക്ഷം രൂപ പ്രശാന്തില്‍ നിന്ന് സര്‍ക്കാരിലേക്ക് ഇടാക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കത്ത് ധനവകുപ്പ് സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ പണം ഈടാക്കിയിട്ടില്ല. 2015 ഫെബ്രുവരി 21 നാണ് എന്‍. പ്രശാന്ത് ജില്ലാ കലക്ടറായി ചുമതലയേല്‍ക്കുന്നത്. കലക്ടര്‍ ആയിരിക്കുമ്പോള്‍ നടത്തിയ ജനകീയ ഇടപെടലുകളിലൂടെ പ്രശാന്ത് നായര്‍ ശ്രദ്ധേയനായി. 'ഓപറേഷന്‍ സുലൈമാനി' പദ്ധതിയിലൂടെ വിശപ്പുരഹിത കോഴിക്കോടിനു തുടക്കമിട്ടു. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇടപെടലിലൂടെ അദ്ദേഹം 'കലക്ടര്‍ ബ്രോ' എന്നറിയപ്പെട്ടു. ഇതിനിടെയാണു വിവാദവും തലപൊക്കുന്നത്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കലക്ടര്‍ക്ക് വീഴ്ചപറ്റിയെന്നു കണ്ടെത്തിയിരുന്നു. എം.കെ രാഘവന്‍ എം.പിയുമായുള്ള 'മാപ്പ് ' വിവാദവും കലക്ടര്‍ ബ്രോയ്ക്ക് തിരിച്ചടിയായി. ജില്ലാ കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചെങ്കിലും മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അവിടെ നിന്ന് പടിയിറങ്ങി. ഇപ്പോള്‍ കേന്ദ്ര സര്‍വിസിലാണുള്ളത്. നദീസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും അനധികൃത മണല്‍ ഖനനം തടയുന്നതിനും രണ്ടു ബൊലോറോ വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാനതല ഹൈലെവല്‍ കമ്മിറ്റി ജില്ലാ ഭരണകൂടത്തിന് അനുമതി കൊടുത്തിരുന്നു. താലൂക്കുതലത്തിലെ മണല്‍ സ്‌ക്വാഡുകള്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ റിവര്‍ മാനേജ്‌മെന്റ് ഫണ്ടുപയോഗിച്ച് രണ്ടു ബൊലോറോ വാഹനങ്ങള്‍ വാങ്ങാനായിരുന്നു അനുമതി. ഈ സമയത്ത് സി.എ ലത ആയിരുന്നു ജില്ലാ കലക്ടര്‍. രണ്ടു ബൊലോറോ വാഹനങ്ങള്‍ വാങ്ങാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ ലത മാറി പ്രശാന്ത് കലക്ടറായി. ബൊലോറോക്ക് പകരം മറ്റു വാഹനങ്ങള്‍ വാങ്ങാനായുള്ള കത്ത് തയാറാക്കി പ്രശാന്ത് സര്‍ക്കാരിനു സമര്‍പ്പിച്ചു. എന്നാല്‍ ഇതിനു സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് കലക്ടര്‍ തന്നെ ഫോര്‍ഡ് ഫിഗോ ആസ്പയര്‍ വാഹനങ്ങള്‍ വാങ്ങുകയും പിന്നീട് ഫയല്‍ സര്‍ക്കാരിലേക്ക് അയക്കുകയുമായിരുന്നു. ഇതില്‍ സബ്കലക്ടര്‍ക്ക് അനുവദിച്ച വാഹനം പ്രദേശത്ത് ഉപയോഗിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി മടക്കി. താലൂക്ക് സ്‌ക്വാഡിനായി വാങ്ങിയ വാഹനം ജില്ലാ കലക്ടറുടെ ക്യാംപ് ഓഫിസിലെ ഉപയോഗത്തിലേക്കും ക്രമരഹിതമായി മാറ്റി. ഇതിനെ തുടര്‍ന്ന് മണല്‍ സ്‌ക്വാഡ് വാഹനങ്ങള്‍ വാടകക്ക് എടുത്തായിരുന്നു ഓടിച്ചിരുന്നത്. ആസ്പയര്‍ വാഹനം വാങ്ങുന്നതിനുള്ള അനുമതി ഇതേവരെ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുമില്ല. ചെലവു ചുരുക്കാനാണ് ബൊലോറോയ്ക്ക് പകരം ആസ്‌പെയര്‍ വാഹനങ്ങള്‍ വാങ്ങിയതെന്നാണു വാദമെങ്കിലും മലയും കുന്നും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് പറ്റിയതല്ല ഈ വാഹനങ്ങളെന്നു ധനകാര്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഈ വാഹനങ്ങള്‍ താലൂക്കുതല മണല്‍ സ്‌ക്വാഡുകള്‍ക്ക് അനുവദിക്കാതെ ബൊലോറോ വാഹനമുള്ള സബ്കലക്ടര്‍ക്ക് അനുവദിച്ചതും സബ്കലക്ടര്‍ വാഹനം സ്വീകിക്കാതെ വന്നപ്പോള്‍ കലക്ടറുടെ ക്യാംപ് ഓഫിസിലേക്ക് മാറ്റിയതും ദുരൂഹമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഈ വാഹനം മണല്‍ റെയ്ഡിന് ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ലെന്നും കലക്ടറുടെ വസതിയിലെ സ്വകാര്യ ആവശ്യത്തിനാണ് ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതു വിവാദമായതോടെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിന് 82,680 രൂപ പ്രശാന്ത് തിരിച്ചടച്ചിരുന്നു. മണല്‍ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത രണ്ടു വാഹനം വാങ്ങിയതു വഴി സര്‍ക്കാരിന് 11,76,688 രൂപ നഷ്ടമുണ്ടായതായിട്ടാണു കണ്ടെത്തിയത്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വാഹനം ഉപയോഗിച്ച വഴിയുണ്ടായ നഷ്ടം കണക്കാക്കിയത് 2,91,353 രൂപയാണ്.
ജില്ലയ്ക്ക് അനുവദിച്ച രണ്ടു വാഹനങ്ങളും പുതുതായി വാങ്ങിയ രണ്ടു ഫോര്‍ഡ് ആസ്പയര്‍ വാഹനങ്ങളും ഉണ്ടായിട്ടും മണല്‍ റെയ്ഡിനും മറ്റും വാടകക്ക് വാഹനം എടുക്കേണ്ടി വന്നതിനാല്‍ 71,44,364 രൂപ നഷ്ടമുണ്ടായതായും കണ്ടെത്തി. ഇതുസംബന്ധിച്ചുള്ള വിശദീകരണം ചോദിച്ചുവെങ്കിലും തൃപ്തികരമായ വിശദീകരണം ലഭിച്ചിട്ടുമില്ല.
തിരിച്ചടക്കേണ്ട തുക
റിപ്പോര്‍ട്ട് പ്രകാരം അനുയോജ്യമല്ലാത്ത വാഹനം വാങ്ങിയതിനു മാത്രം 11,76,688 രൂപ മുന്‍ കലക്ടറില്‍നിന്ന് ഈടാക്കണം. 18 ശതമാനം പലിശയും റിക്കവര്‍ ചെയ്യണമെന്നാണു ശുപാര്‍ശ. താലൂക്ക് മണല്‍ സ്‌ക്വാഡിന് അനുവദിച്ച വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതുമൂലം റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍നിന്ന് ചെലവായ 2,08673 രൂപയും ഈടാക്കണം. ഇതിനുപുറമേ സര്‍ക്കാരിനുണ്ടായ ഇരട്ടി ചെലവ് പിടിക്കാനുമാണു നിര്‍ദേശം. റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് ഇത്തരത്തില്‍ അധികമായി ചെലവഴിച്ച 5,52,613 രൂപയും ഈ ഇനത്തില്‍ പ്രശാന്ത് സര്‍ക്കാരിലേക്ക് നല്‍കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."