കാട്ടാനഭീതി: വനംകുപ്പിനു സ്ഥലം കൈമാറിയ കര്‍ഷകന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ലാതെയായി
മുള്ളേരിയ: കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ആനക്കൂട്ടം വീടിനുസമീപം വരെ എത്തുകയും ചെയ്തതോടെ സ്വന്തമായി ഉണ്ടായിരുന്ന 90 സെന്റ് വനംവകുപ്പിനു കൈമാറിയ വയോധികന്റെ മൃതദേഹം സംസ്‌കരിക്കാന്‍ പോലും ഇടമില്ലാതെ ബന്ധുക്കള്‍ കുഴങ്ങി. ഒടുവില്‍ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മൃതദേഹം സംസ്‌കരിച്ചു.
കാട്ടാനപ്പേടിയില്‍ തന്റെ സ്ഥലം വനംവകുപ്പിനു കൈമാറിയ കൊട്ടംകുഴിയിലെ ചാത്തുനായര്‍ (97)ആണ് ഈ ഹതഭാഗ്യന്‍. കാറഡുക്ക ബോവിക്കാനം ഫോറസ്റ്റ് റെയ്ഞ്ചിനുകീഴിലുള്ള കൊട്ടംകുഴി ചെറ്റോണിയില്‍ ചാത്തു നായരുടെ പേരില്‍ 97 സെന്റ് സ്ഥലം സ്വന്തമായുണ്ടായിരുന്നു. ഇവിടെയാണ് അദ്ദേഹം കുടുംബത്തോടെ താമസിച്ചിരുന്നത്. എന്നാല്‍ കാട്ടാനകള്‍ സ്ഥലത്തെത്തി അക്രമണം പതിവാക്കിയതോടെ ചാത്തുനായരുടെ കുടുംബത്തിനു ഭീഷണിയായി. സ്ഥലത്തെ ജീവിതം പൊറുതിമുട്ടിയതോടെ സ്ഥലം ഏറ്റെടുക്കാന്‍ വനംവകുപ്പ് മൂന്നു വര്‍ഷം മുമ്പ് തീരുമാനിച്ചിരുന്നു.
30ലക്ഷം പ്രതിഫലം എന്ന നിലയിലാണ് സ്ഥലം കൈമാറാന്‍ തയാറായത്. സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ചാണ് ചാത്തുനായരും കുടുംബവും നെച്ചിപ്പടുപ്പിലേക്ക് താമസം മാറിയത്.എന്നാല്‍ വാഗ്ദാനം ചെയ്ത പണം ഇതുവരെ കിട്ടിയില്ല. അതിനിടയില്‍ നഷ്ടപ്പെട്ട സ്ഥലത്തിനുപകരം സ്ഥലം വാങ്ങാനാവതെ ദുരിതത്തിലായിരുന്നു.
പണത്തിനുവേണ്ടി സര്‍ക്കാര്‍ ഓഫിസുകള്‍ നിരവധി തവണ കയറിയിറങ്ങിയെങ്കിലും ഫലം കണ്ടില്ല. അതിനിടയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ധക്യസഹജമായ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു ആശുപത്രിയില്‍ വച്ച് മരണം സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."