അനധികൃത മാര്‍ഗത്തിലൂടെ ദത്ത് നല്‍കാന്‍ പ്രേരിപ്പിച്ചു
തിരുവനന്തപുരം: അനധികൃതമാര്‍ഗത്തിലൂടെ കുട്ടിയെ ദത്തുനല്‍കാന്‍ പ്രേരിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിന്മേല്‍ മലപ്പുറം മുന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍, അംഗം, ദത്തെടുക്കല്‍ സ്ഥാപനമേധാവി, സബ് രജിസ്ട്രാര്‍ തുടങ്ങിയവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവായി.
മുന്‍ ചെയര്‍മാന്‍ അഡ്വ. ഷെരീഫുള്ളത്ത്, അംഗം അഡ്വ. നജ്മല്‍ ബാബു, തൃശൂര്‍ ജില്ലയിലെ ദത്തെടുക്കല്‍ കേന്ദ്രമായ ക്വീന്‍മേരി ഫൗണ്ട്‌ലിങ് ഹോംസ്ഥാപനത്തിന്റെ മേധാവി, മഞ്ചേരി സബ് രജിസ്ട്രാര്‍ അഡ്വ. മുഹമ്മദ് ഇസ്മയില്‍, ഭാര്യ ഫെമിന എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മലപ്പുറം ജില്ല ശിശുസംരക്ഷണ ഓഫിസറെ ചുമതലപ്പെടുത്തി.
പരാതിയില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച മൂന്നംഗ അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ ഇരുവിഭാഗങ്ങളുടേയും വാദം കേട്ടശേഷമാണ് സാമൂഹികനീതി വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്. ഈ കാലയളവില്‍ തൃശ്ശൂര്‍ ജില്ല ശിശുസംരക്ഷണ ഓഫിസറുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെതിരേ വകുപ്പുതലത്തില്‍ അച്ചടക്കനടപടി സ്വീകരിക്കുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. അഡ്വ. ഷെരീഫുള്ളത്ത്, അംഗം അഡ്വ. നജ്മല്‍ ബാബു, അഡ്വ. മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുന്നതിന് ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയോട് ആവശ്യപ്പെടും.
ക്വീന്‍ മേരി ഫൗണ്ട്‌ലിങ് ഹോമില്‍നിന്നും കാണാതായ കുട്ടികളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനും ഈ മേഖലയില്‍ നടക്കുന്ന അനധികൃത കൈമാറ്റത്തെക്കുറിച്ചും പ്രത്യേകാന്വേഷണം നടത്തുന്നതിനും ഡി.ജി.പിയോട് (ക്രൈം) നിര്‍ദേശിച്ചിട്ടുണ്ട്. ദത്തെടുക്കല്‍ സ്ഥാപനത്തില്‍നിന്നും കാണാതായ 27 കുട്ടികളെ സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും ഇടുക്കിയിലെ ഡിവൈന്‍ പ്രോവിഡന്‍സ് ഫൗണ്ട്‌ലിങ് ഹോം എന്ന ദത്തെടുക്കല്‍ കേന്ദ്രത്തിനെതിരേയുള്ള അന്വേഷണവും എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും ആവശ്യപ്പെട്ടു.
ക്വീന്‍ മേരി ഫൗണ്ട്‌ലിങ് ഹോമിന്റെ ലൈസന്‍സ് റദ്ദ് ചെയ്തു. അവിടെയുള്ള കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ അനുമതിയോടെ മറ്റു അംഗീകൃത ദത്തെടുക്കല്‍ സ്ഥാപനത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ല ശിശുസംരക്ഷണ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ വിവിധ അംഗീകൃത ദത്തെടുക്കല്‍ സ്ഥാപനങ്ങളില്‍നിന്നും ദത്തെടുക്കലിനുപോയ കുട്ടികളെ സംബന്ധിച്ചും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍പാകെ സറണ്ടര്‍ ചെയ്ത കുട്ടികളെയും തിരിച്ചുപോയ കുട്ടികളെയും സംബന്ധിച്ചും ജില്ല വനിത ശിശുവികസന ഓഫിസര്‍, ജില്ല ശിശുസംരക്ഷണ ഓഫിസര്‍, കലക്ടര്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധി, എന്നിവര്‍ ചേര്‍ന്ന് ഓഡിറ്റ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."