യദു കൃഷ്ണന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരേ കേസില്ല
മങ്കട: മങ്കടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കമാന്‍ഡോ സംഘാംഗം വാഹിദ് ഉള്‍പ്പെട്ട സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന അക്രമ സംഭവത്തില്‍ പരുക്കേറ്റ ദലിത് കോളജ് വിദ്യാര്‍ഥിയും മങ്കട പഞ്ചായത്ത് മെമ്പര്‍ അനില്‍കുമാറിന്റെ മകനുമായ യദുകൃഷ്ണന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.
സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ പൊലിസിനായില്ല. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഗണ്‍മാന്‍ മങ്കട കൂട്ടില്‍ വാഹിദിനെതിരേ കേസെടുത്തിട്ടില്ല. സംഭവത്തില്‍ വാഹിദിന്റെ പങ്ക് അന്വേഷിച്ചു വരികയാണെന്നാണ് ഇപ്പോഴും പൊലിസ് ഭാഷ്യം. അക്രമ സംഭവത്തിന് നേരിട്ട് നേതൃത്വം നല്‍കിയയാളാണ് വാഹിദ്. വിനോദ സഞ്ചാര കേന്ദ്രമായ കുരങ്ങന്‍ചോല സന്ദര്‍ശിച്ചു മടങ്ങിയ യദുവിനെയും രണ്ടു സുഹൃത്തുക്കളെയും തടഞ്ഞു വച്ച് വാഹിദിന്റെ നേതൃത്വത്തില്‍ അക്രമിക്കുകയായിരുന്നു. സിഗരറ്റും കഞ്ചാവും ചോദിച്ചായിരുന്നു ആക്രമണം. മങ്കട ആശുപത്രിയില്‍ നിന്ന് മഞ്ചേരിയിലേക്ക് റഫര്‍ ചെയ്ത യദുവിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. യദുവിന്റെ പരുക്ക് മാരകമാണെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. അക്രമത്തിനിരയായ യദു കൃഷ്ണന്‍ തോളെല്ലുള്‍പ്പെടെ പൊട്ടുകയും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്ത നിലയില്‍ ഇപ്പോഴും അപകട നിലയില്‍ തുടരുകയാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ചികിത്സക്കായി ലക്ഷങ്ങള്‍ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."