ദിബേഷിന്റെ ജീവന് നിലനിര്‍ത്താന്‍ മഹല്ല് കമ്മിറ്റിയുടെ മതപ്രഭാഷണം ഇന്ന് തുടങ്ങും
കാളികാവ്: ഇരു വൃക്കകളും തകരാറിലായി ചികിത്സാ സഹായം തേടുന്ന കല്ലാമൂല ചേനപ്പാടിയിലെ ദിബേഷിന് കല്ലാമൂല മഹല്ല് കമ്മിറ്റിയുടെ കൈത്താങ്ങ്. കല്ലാമൂലയില്‍ താമസിക്കുന്ന പുതിയത്ത് കറുപ്പന്റെ മകന് ദിബേഷിന്റെ ചികിത്സക്ക് പണം സമാഹരിക്കാനായി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മത പ്രഭാഷണം ഇന്ന് തുടങ്ങും.
ഇരു വൃക്കകളും തകരാറിലായ ദിബേഷിന് മാതാവ് കോമള കുമാരി വൃക്ക നല്കാന് തയാറാണ്. വൃക്ക മാറ്റല്‍ ശസ്ത്രക്രിയക്ക് ഉള്‍പ്പെടെ 20 ലക്ഷത്തിലേറെ രൂപ ചെലവ് വരും.
പ്രതീക്ഷ നഷ്ടപ്പെട്ട ദീബേഷിന് മഹല്ല് കമ്മിറ്റി തുണയായിരിക്കുകയാണ്. മതം കാരുണ്യമാണ് എന്ന വിഷയത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചിട്ടുള്ളത്. ഫരീദ് റഹ്മാനി കാളികാവാണ് ഇന്ന് പ്രഭാഷണം നടത്തുക. നാളെ ദിബേഷിന്റെ രോഗ ശാന്തിക്ക് ഉള്‍പ്പെടെ പ്രാര്‍ഥന സംഗമവും നടക്കും. മൂത്തേടം അബ്ദുല്‍ അസീസ് മുസ്ലിയാര് നേതൃത്വം നല്‍കും. മതപ്രഭാഷണത്തിനും പ്രാര്‍ഥനാ സംഗമത്തിലൂടെയും ലഭിക്കുന്ന മുഴുവന്‍ തുകയും ദിബേഷ് ചികിത്സാ സഹായ നിധിയിലേക്ക് നല്‍കും.
മതപരമായ ചടങ്ങാണ് നടക്കുന്നതെങ്കിലും കല്ലാമൂലയില്‍ മാനവ സ്നേഹികളായ എല്ലാ മത വിശ്വാസികളും ചടങ്ങിനെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കല്ലാമൂല മഹല്ലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സബീലുല്‍ ഹുദാ യുവജന സംഘടനയാണ് മതപ്രഭാഷണം സംഘടിപ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."