നോക്കുകുത്തികള്‍
#സലാം ചേലമുക്ക്
ഉച്ചയുടെ കനത്ത വെയിലിലെ ദൂരക്കാഴ്ചയില്‍ ആ വൃദ്ധന്റെ രൂപം ഒരു ചോദ്യചിഹ്നം നീങ്ങിപ്പോക്കുന്നത് പോലെ തോന്നും!. മെലിഞ്ഞൊട്ടി, കണ്ണുകള്‍ അല്‍പം പുറത്തേക്ക് തളളി നില്‍കുന്ന ശരീരം, പുരാതനമായൊരു സഞ്ചിയും തോളിലിട്ട് ഊന്നുവടിയുടെ സഹായത്താല്‍ അങ്ങാടിയിലൂടെ നടന്നു കൊണ്ടിരുന്നു. ജീവിതത്തിന്റെ പരക്കം പാച്ചിലില്‍ ഒന്നിനും നേരമില്ലാത്തവര്‍ക്കു നേരെ നാണയത്തുട്ടുകള്‍ക്കു വേണ്ടി അയാള്‍ നീട്ടിയ കൈകള്‍ക്ക് പലപ്പോഴും ശൂന്യത അനുഭവിക്കേണ്ടി വന്നു.
ഒരിക്കലും വസന്തകാലം കടന്നുവന്നിട്ടില്ലാത്ത അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രതീക്ഷയുടെ വര്‍ണങ്ങള്‍ എന്നേമാഞ്ഞുപോയിരുന്നു. ദൂരെയെവിടെയോ ഇളംചുടുകാറ്റില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്ന എല്ലുന്തിയ കുടിലും, അതില്‍ അയാളുടെ വരവും കാത്തിരിക്കുന്ന രണ്ടൊട്ടിയ വയറുകളും ആ വൃദ്ധനെ മറ്റുള്ളവരുടെ മുന്നില്‍ യാചിക്കുവാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.
നേരം ഇരുട്ടിത്തുടങ്ങിയാല്‍ അയാളുടെ കൈകളിലേക്ക് ഉറ്റിവീണ മുഷിഞ്ഞ നോട്ടുകളും ചില്ലറകളും എണ്ണി ദാമുവിന്റെ കടയില്‍ കൊടുക്കും. കാശിന്റെ മൂല്യവും ദാമുവിന്റെ കാരുണ്യവും ചേര്‍ത്ത് ഒരു നേരത്തെ ആഹാരത്തിന്നാവശ്യമായ അരിയും പച്ചക്കറിയും നല്‍കും. ചുവപ്പ് മാഞ്ഞു തുടങ്ങുന്ന ആകാശത്തിന്‍ ചുവട്ടിലൂടെ മെഴുകുതിരി വെട്ടത്തില്‍ വേച്ചു വേച്ചു വീട്ടിലെത്തുന്ന അയാളെയും കാത്ത് വിശപ്പ് സഹിച്ച് കൈകാലുകളില്‍ ഞരമ്പുകള്‍ പുറത്തേക്ക് തള്ളി നില്‍കുന്ന ഭാര്യയും, മെലിഞ്ഞ് നിഴല്‍രൂപം പൂണ്ട മകനും കാത്തുനില്‍ക്കുന്നുണ്ടാവും. അപ്പോഴാണ് വെളുപ്പ് മുതല്‍ സന്ധ്യവരേ അടഞ്ഞുകിടന്ന അടുക്കള വാതില്‍ തുറക്കപ്പെടുന്നത്.
ആ തെരുവില്‍ അയാള്‍ ഭിക്ഷ യാചിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും പരിചിത മുഖങ്ങള്‍ വിരളമായിരുന്നു. ആളിക്കത്തിയ വെയിലിന്റെ യവ്വനം കഴിയുമ്പോള്‍ ബസ്റ്റോപ്പിനടുത്തുള്ള ആല്‍മരത്തണലില്‍ തുണിവിരിച്ച് അയാള്‍ ഇരുന്നു. വര്‍ഷങ്ങളായി തപസനുഷ്ടിക്കുന്ന ഏതോ മഹര്‍ഷിയെപ്പോലെ..! വൈകുന്നേരങ്ങളില്‍ ജനനിബിഡമാകുന്ന തെരുവിന്റെ ഒളിപ്പിച്ചുവച്ച ക്രൗര്യമുഖം അയാളെ പലപ്പോഴും ഭയപ്പെടുത്തുന്നുണ്ടായിരുന്നു.
സ്‌കൂള്‍വിട്ട് കലപില കൂടിപ്പോകുന്ന കുട്ടികളില്‍ നിന്നൊരാറു വയസു തോന്നിക്കുന്ന പെണ്‍കുട്ടി വഴി തെറ്റിയ പോലെ അദ്ദേഹത്തിന്റെ അടുത്തുവന്നു..!
'അപ്പൂപ്പാ....'
കറുത്ത ഫ്രെയിമോടു കൂടിയ കട്ടിയുള്ള ലെന്‍സിന്റെ പിറകിലെ തിമിരം ബാധിച്ചു തുടങ്ങിയ അയാളുടെ രണ്ടു കണ്ണുകളും ഒന്നു പ്രകാശിച്ചു!
ക്ഷണിക നേരത്തേക്ക് അപൂര്‍വ്വമായി കാണപ്പെടുന്ന പ്രകാശം !
ഭിക്ഷക്കാരനെ നിന്ദയോടെ മാത്രം കാണുന്ന സമൂഹത്തില്‍ നിന്നുള്ള ആ വിളി അയാളുടെ ഹൃദയത്തില്‍ മീനച്ചൂടിലെ ചാറ്റല്‍മഴയായി!. കയ്യില്‍ പിടിച്ച പത്ത് രൂപ നോട്ട് തറയില്‍ വിരിച്ച തുണിയിലേക്കിട്ട് കൊടുത്ത് ചിരിച്ചു കൊണ്ടവള്‍ വേഗം നടന്നുപോയി. അഛന്‍ മിഠായി വാങ്ങാന്‍ കൊടുത്ത പണത്തില്‍ നിന്നു മിച്ചംവച്ചു സംഭാവന ചെയ്ത നിഷ്‌കളങ്ക ബാല്യത്തെ അയാള്‍ നിര്‍വ്വികാരത്തോടെ നോക്കിനിന്നു.
ഇടക്കിടെ അയാള്‍ വിരിച്ച മുഷിഞ്ഞ തുണിയില്‍ നാണയങ്ങള്‍ കൊണ്ടിടുന്ന ആ പെണ്‍കുട്ടിയോട് മനസിലെപ്പൊഴോ പിതൃസ്‌നേഹം ഉടലെടുത്തു. പഴകി ജീര്‍ണ്ണിച്ച ഓര്‍മയിലെവിടെയോ അകാലത്തില്‍ മണ്‍മറഞ്ഞുപോയ മകളുടെ അതേ മുഖഛായ!. ദാമുവിന്റെ കടയില്‍ നിന്ന് അയാള്‍ ഒരു ബിസ്‌കറ്റ് പൊതിഞ്ഞു വാങ്ങി തോളിലെ സഞ്ചിയില്‍ അവള്‍ക്കു വേണ്ടി സൂക്ഷിച്ചുവച്ചു. പതിവുപോലെ അപ്പൂപ്പനെ തേടി വന്ന അവളുടെ കൈകളിലേക് ആ പൊതി വച്ചു നീട്ടി.
'യാചകന്‍ കുട്ടിയേ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നു....!'
എവിടെനിന്നോ വന്ന ഒരശരീരി ആ വൃദ്ധനെ നിമിഷ നേരത്തേക്കു സ്തബ്ദനാക്കി! ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത തെരുവിന്റെ ക്രൂരമുഖം ഒരു ഞെട്ടലോടെ അയാള്‍ കണ്ടു. സദാചാര കഴുകന്‍ കൊക്കുകള്‍ അദ്ദേഹത്തിന്റെ പച്ച മാംസം കൊത്തിവലിച്ചു. നരച്ചുകീറിത്തുടങ്ങിയ വസ്ത്രങ്ങള്‍ക്ക് അങ്ങിങ്ങായി ചുവപ്പു നിറം കൈവന്നു. അയാളുടെ ദയനീയ നിലവിളി തെരുവിന്റെ കോലാഹലങ്ങളില്‍ അലിഞ്ഞില്ലാതായി. കുറേ മൊബൈല്‍ കാമറകളും, ബധിരരും മൂകരുമായ ഒരുപറ്റം നോക്കുകുത്തികളും അയാളെ തുറിച്ച് നോക്കുന്നത് പാതിനശിച്ച ബോധത്തിന്റെ അരണ്ട വെളിച്ചത്തില്‍ അയാള്‍ കാണുന്നുണ്ടായിരുന്നു.!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."