തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് ജോളിയുടെ മകന്‍
കൊച്ചി: കൂടത്തായി കൊലക്കേസില്‍ തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് ജോളിയുടെ മകന്‍ റെമോ. ഒരിക്കലും താങ്ങാനാവുന്ന കാര്യങ്ങള്‍ അല്ല പുറത്തു വരുന്നതെന്ന് മരിച്ച റോയിയുടെ സഹോദരി രഞ്ജിത തോമസും പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
ഇത് ചെറിയ വികൃതിയല്ല. കൊലപാതകമാണ്. ഇപ്പോള്‍ പുറത്തു വരുന്ന ആരോപണങ്ങളെയും സംശയങ്ങളെയും കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. എനിക്കിപ്പോള്‍ തളര്‍ന്നിരിക്കാന്‍ പറ്റില്ല. എനിക്കൊരു അനിയനുണ്ട്. ഞാന്‍ തളര്‍ന്നാല്‍ അവനും തളരും. അതുകൊണ്ട് ഞാനിതെല്ലാം നേരിടും. ഈ പ്രതിസന്ധികളെ മറികടന്നു വരും. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയുണ്ട്- റെമോ പറഞ്ഞു.
ഒരിക്കലും മാതാപിതാക്കളുടെ മരണം കൊലപാതകമാണെന്ന് സംശയം ഉണ്ടായിരുന്നില്ല. സഹോദരന്‍ റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് തന്നെ പുറകോട്ട് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. താനും സഹോദരനായ റോജോയും മാത്രമാണ് ഇതിനെതിരേ പൊരുതിയത്. പൊലിസും ഇപ്പോള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും ഒപ്പം നിന്നതിനാലാണ് കേസ് ഇത്രയധികം മുന്നോട്ട് പോയത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. അമ്മയായ അന്നമ്മയെ കൊല്ലാന്‍ സമാനമായ രീതിയില്‍ ജോളി നേരത്തെ ശ്രമിച്ചിരുന്നതായും രഞ്ജിത പറഞ്ഞു. ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കഴിച്ച ആയുര്‍വേദ മരുന്നില്‍ അസ്വാഭാവികതകയുള്ളതായി തന്നോട് പറഞ്ഞിരുന്നു. കൈകാലുകള്‍ കുഴയുകയും കാലുകള്‍ മടക്കാനാകാത്ത അവസ്ഥ നേരിട്ടതായും അമ്മ പറഞ്ഞിരുന്നു. ഇതേ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട്. അന്ന് താന്‍ കഴിച്ചതും ആയുര്‍വേദ മരുന്നായിരുന്നു. ആശുപത്രിയില്‍ എത്തി ഐ.വി എടുത്താതാവാം അന്ന് തന്നെ രക്ഷപ്പെടുത്തിയതെന്നും രഞ്ജിത പറഞ്ഞു.
സ്വത്ത് തട്ടിയെടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന പ്രചാരണം ശരിയല്ല. മാതാപിതാക്കളുടെ സ്വത്തുക്കള്‍ എന്നായാലും മക്കള്‍ക്ക് തുല്യമായി ഉള്ളതാണ്. അത് മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കിലും കോടതി ചെയ്ത് തരും. ഒസ്യത്ത് വ്യാജമാണ്. ആദ്യ ഒസ്യത്തില്‍ തിയതിയും സ്റ്റാമ്പും സാക്ഷികളും ഒന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇതൊക്കെ ഉണ്ടായത്. എത്ര വര്‍ഷം കഴിഞ്ഞാലും സത്യം പുറത്തു വരുമെന്നും രഞ്ജിത പറഞ്ഞു. അന്വേഷണത്തില്‍ ഇരിക്കുന്ന കാര്യമായതിനാല്‍ കൂടുതല്‍ ആളുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാനില്ലെന്നും രഞ്ജിത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."