യു.എസ് അറ്റോര്‍ണി ജനറല്‍ രാജിവച്ചു
വാഷിങ്ടണ്‍: യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജിവച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യപ്രകാരമാണ് രാജിയെന്ന് അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. സെഷന്‍സിന്റെ ചീഫ് സ്റ്റാഫായിരുന്ന മാത്യൂ വിറ്റകറിനെ പകരം ചുമതലയേല്‍പ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
സ്ഥിരം അറ്റോര്‍ണി ജനറലിനെ പിന്നീട് നിയമിക്കുമെന്നു ട്രംപ് അറിയിച്ചു. ട്രംപിനെ ശക്തമായി പിന്തുണച്ചിരുന്ന സെഷന്‍സ്, കുടിയേറ്റ വിരുദ്ധ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരുന്നു.
സെനറ്റ് ആംഡ് കമ്മിറ്റി അംഗമായിരിക്കെ റഷ്യന്‍ ഉദ്യോഗസ്ഥരുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി ജസ്റ്റിസ് കമ്മിറ്റി സ്ഥിരീകരിച്ചിരുന്നു. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് ട്രംപിനും സെഷന്‍സിനുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.
തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് സ്‌പെഷല്‍ കൗണ്‍സില്‍ റോബര്‍ട്ട് മ്യൂളറിന്റെ അന്വേഷണത്തിനുള്ള മേല്‍നോട്ടം താല്‍ക്കാലിക അറ്റോര്‍ണി ജനറല്‍ വഹിക്കുമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
മ്യൂളറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തെ മാത്യു വിറ്റകര്‍ നേരത്തെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതല വഹിക്കുന്നയാളെ മാറ്റിയത് ട്രംപുമായി അടുപ്പമുള്ളവരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."