വെള്ളമെത്തിയില്ല; 60 ഏക്കര്‍ നെല്‍പാടങ്ങള്‍ ഉണങ്ങി
പുതുനഗരം: നെല്‍പാടങ്ങളില്‍ വെള്ളം എത്തിയില്ല കര്‍ഷകര്‍ കണ്ണീരില്‍. ചുള്ളിയാര്‍, മീങ്കര ഡാമുകളില്‍ നിന്നും മൂലത്തറ റെഗുലേറ്റര്‍ നിന്നും പട്ടഞ്ചേരി, വടവന്നൂര്‍, പല്ലശ്ശന കൊടുവായൂര്‍, പുതുനഗരം, പെരുവമ്പ, കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി എന്നീ പഞ്ചായത്തുകളില്‍ എത്തേണ്ട വെള്ളം ഇതുവരെയും എത്താത്തതിനാല്‍ കര്‍ഷകര്‍ തീരാദുരിതത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ഇതിന് പരിഹാരം കാണണമെങ്കില്‍ ഉടന്‍തന്നെ ഡാമുകള്‍ ജലസേചനത്തിനായി തുറക്കണം എന്നാണ് കര്‍ഷകരുടെ ആവശ്യം. പെരുവെമ്പില്‍ 40 ഏക്കര്‍ നെല്‍പ്പാടവും പട്ടഞ്ചേരിയില്‍ 60 ഏക്കര്‍ നെല്‍പ്പാടം ശേഖരവുമാണ് വെള്ളമില്ലാതെ ഉണങ്ങി നശിക്കുന്നത്. മറ്റുള്ള പഞ്ചായത്തുകളില്‍ കുഴല്‍കിണറുകള്‍ ആശ്രയിച്ചാണ് ഞാറുകള്‍ നടുന്നതിനുള്ള പണികള്‍ ആരംഭിച്ചിട്ടുള്ളത് .എന്നാല്‍ ഇവിടങ്ങളിലെ ചെറുകിട കര്‍ഷകര്‍ക്ക് ജലസേചനസൗകര്യങ്ങള്‍ സ്വന്തമായി ഇല്ലാത്തതിനാല്‍ കൃഷിയിടങ്ങള്‍ ഉണങ്ങി നശിക്കുകയാണ്. മറ്റു വഴികളില്ലാതെ ദുരിതത്തിലായ കര്‍ഷകര്‍ ദിനംതോറും ഇറിഗേഷന്‍ ഓഫീസ് കയറി ഇറങ്ങുകയാണ്. കൃത്യമായ സമയങ്ങളില്‍ ജലസേചനം നടത്തുവാന്‍ വെള്ളം ഡാമുകള്‍ തുറന്നു വിടാത്ത ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ജലസേചന വകുപ്പ് മന്ത്രിക്കും ഭീമഹര്‍ജി തയ്യാറാക്കി നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് വിളകള്‍ ഉണങ്ങിയ കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."