ഖത്തറിലെ ഭക്ഷ്യലഭ്യത ഉറപ്പു വരുത്താന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഇന്ത്യയില്‍ നിന്നും പച്ചക്കറികളും പഴങ്ങളും എത്തിച്ചു
ദോഹ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ത്യയില്‍ നിന്ന് 65 ടണ്‍ പച്ചക്കറികളും പഴങ്ങളും ഖത്തറിലെത്തിച്ചു. കാര്‍ഗോ വിമാനത്തിലാണ് കൊണ്ടുവന്നതെങ്കിലും അമിത വില ഉണ്ടാക്കില്ലെന്നും വില സ്ഥിരപ്പെടുത്താന്‍ കൂടുതല്‍ ചരക്കുകളുടെ വരവ് സഹായിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ് പറഞ്ഞതായി ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ദുബൈ, സഊദി അറേബ്യ വഴിയാണ് ഇന്ത്യയില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും മറ്റും വന്നിരുന്നത് എന്നതിനാല്‍ ട്രാന്‍സിറ്റ് ചെലവ് അധികമായി വരുമായിരുന്നു.
സഊദി, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വരാത്തതിനാല്‍ ഞങ്ങള്‍ നേരിട്ടുള്ള വിതരണം ആരംഭിച്ചിട്ടുണ്ട്. അതു കൊണ്ട് ഖത്തര്‍ വിപണിയില്‍ തങ്ങള്‍ക്ക് പുതിയ ഇടം ലഭിച്ചിരിക്കുകയാണ്. അതു കൊണ്ടു തന്നെ ഇന്ത്യയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന അളവ് വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ യാത്രാ വിമാനത്തിലാണ് കൊണ്ടുവരുന്നത് എന്നതിനാല്‍ തൂക്കം 500 കിലോഗ്രാമില്‍ പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ കൊണ്ടുവരാവുന്നത്ര പഴങ്ങളും പച്ചക്കറികളും ഉള്ളതിനാല്‍ യാത്രാവിമാനത്തെ ആശ്രയിക്കുന്നില്ല.
നേന്ത്രപ്പഴം, തക്കാളി, കക്കിരി, കാപ്‌സിക്കം, ഉള്ളി, ഉരുളക്കിഴങ്ങ്, മുളക് തുടങ്ങി 65 ടണ്‍ പച്ചക്കറി കൊച്ചിയില്‍ നിന്നാണ് കൊണ്ടുവന്നത്. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരും. ഒമാനിലെ സൊഹാര്‍ തുറമുഖം വഴി ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുമായി 18 കണ്ടെയ്‌നറുകള്‍ വരുന്നുണ്ട്. അവിടെ നമുക്ക് വലിയ സംഭരണ സൗകര്യമുണ്ട്. സൊഹാറില്‍ നിന്ന് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കു പുറമേ ഒമാനി ഉല്‍പ്പന്നങ്ങളും എത്തിക്കും. ഖത്തരി അധികൃതരുമായുള്ള ചര്‍ച്ചയുടെ ഫലമായി ഇന്ത്യയുടെ രണ്ട് തുറമുഖങ്ങളില്‍ നിന്ന് ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. നേരത്തെയും ഈ പോര്‍ട്ടുകള്‍ ലഭ്യമായിരുന്നെങ്കിലും ഖത്തറുമായി വ്യാപാരത്തിന് ഉപയോഗിച്ചിരുന്നില്ല. തുര്‍ക്കിയിലെ ഓഫിസും ഭക്ഷ്യസാധനങ്ങള്‍ അയക്കുന്നുണ്ട്. ദൗര്‍ലഭ്യമുണ്ടായാല്‍ കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യും. അല്‍ജീരിയയില്‍ നിന്ന് തക്കാളി ഇറക്കുമതി ചെയ്യാന്‍ പദ്ധതിയുണ്ട്. നേരത്തെ ഈജിപ്തില്‍ നിന്നായിരുന്നു ഇത് കൊണ്ടുവന്നത്. മല്ലി, പൊതീന തുടങ്ങിയ ഇലകള്‍ ലബ്്‌നാനില്‍ നിന്നും ജോര്‍ജിയയില്‍ നിന്നുമാണ് എത്തിക്കുക. ആപ്പിളും ഓറഞ്ചും എത്തിക്കാന്‍ യൂറോപ്പില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തും. ചില ഉല്‍പ്പന്നങ്ങള്‍ മൂന്ന് മാസത്തേക്കുള്ളത് സംഭരിച്ചിട്ടുണ്ട്.
എല്ലാവരും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതില്‍ വ്യാപൃതരായതിനാല്‍ അമിത ലഭ്യതയുണ്ടാകുമോയെന്ന ഭയമാണ് ഇപ്പോഴുള്ളതെന്നും അല്‍താഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."