സവര്‍ണ അവര്‍ണ വേര്‍തിരിവ് ഇപ്പോഴില്ല, സംസ്ഥാന സര്‍ക്കാര്‍ വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി സുകുമാരന്‍ നായര്‍
ചങ്ങനാശ്ശേരി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സവര്‍ണ അവര്‍ണ വേര്‍തിരിവുണ്ടാക്കി സര്‍ക്കാര്‍ വര്‍ഗീയ കലാപത്തിന് വഴിമരുന്നിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ നടന്ന വിജയദശമി നായര്‍ മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളില്‍ സവര്‍ണ അവര്‍ണ ചേരിതിരിവ് ഉണ്ടാക്കുകയാണ് സര്‍ക്കാര്‍.പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും വേണ്ടി മാത്രം നിലകൊണ്ടാല്‍ അവരുടെ വോട്ട്് നേടാമെന്നാണു സര്‍ക്കാര്‍ കരുതുന്നതെന്നും സുകുമാരാന്‍ നായര്‍ പറഞ്ഞു. മുന്നാക്ക വിഭാഗം എണ്ണത്തില്‍ കുറവാണ് എന്നതാണ് കാരണം. .
സവര്‍ണനും അവര്‍ണനുമെന്ന വേര്‍തിരിവ് മുന്‍പ് ഉണ്ടായിരുന്നതായി പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയില്ല. സവര്‍ണ-അവര്‍ണ ചിന്ത മനുഷ്യരുടെ മനസ്സില്‍ നിന്ന് എന്നന്നേക്കുമായി മാറിയ സാഹചര്യത്തിലും മുന്നാക്ക പിന്നാക്ക വിഭാഗീയത വളര്‍ത്തുകയും ജാതീയമായി പോലും ജനങ്ങളെ വേര്‍തിരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
കേരളത്തില്‍ വര്‍ഗീയ കലാപത്തിന് വഴിയൊരുക്കുകയാണ് യഥാര്‍ഥത്തില്‍ ഈ സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവര്‍ ഇതിലൂടെ ചെയ്യുന്നത്.
മുന്നാക്ക സമുദായങ്ങളിലെ പാവങ്ങള്‍ക്ക് മുന്‍ കാലങ്ങളില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ പോലും ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. എല്ലാ ആനുകൂല്യങ്ങളും എപ്പോഴും പറ്റുന്ന വിഭാഗങ്ങളെ സന്തോഷിപ്പിക്കാന്‍ കൂടിയാണ് ഇത് ചെയ്യുന്നത്. സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ വഴി നല്‍കി വന്നിരുന്ന ധനസഹായങ്ങള്‍ക്കായി അനുവദിച്ചിരുന്ന പണം കഴിഞ്ഞ രണ്ട് വര്‍ഷമായി തടഞ്ഞ് വെച്ചിരിക്കയാണ്. 50 കോടിയില്‍ കൂടുതല്‍ രൂപയാണ് ഇങ്ങനെ തടഞ്ഞു വെച്ചിരിക്കുന്നത്.
ഈ വിഷയം വളരെ ഗൗരവത്തില്‍ എന്‍.എസ്.എസ് ഉന്നയിച്ചിട്ടും അത് പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതേസമയം ഒന്ന് തുമ്മിയാല്‍ സമുദായ നേതാക്കളുടെ വീട്ടില്‍ ചെന്ന് ക്യാബിനറ്റ് അവിടെ കൂടി അവര്‍ ചോദിക്കുന്നതെല്ലാം അനുവദിച്ച് കൊടുത്ത് അവരുടെ അനുഗ്രഹം വാങ്ങിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേതെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."