ദുരൂഹതയുണര്‍ത്തി വേറെയും മരണങ്ങള്‍; കൂടത്തായി ഇമ്പിച്ചുണ്ണിയുടെ മരണത്തില്‍ സംശയവുമായി നാട്ടുകാര്‍
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരകളില്‍ സംശയത്തിന്റെ മുനയില്‍ മറ്റൊരു മരണം കൂടി. കൂടത്തായി അമ്പലക്കുന്ന് ഇമ്പിച്ചുണ്ണി എന്ന ബിച്ചുണ്ണിയുടെ സമാന രീതിയിലുള്ള മരണമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്.
ഭാര്യയും മക്കളുമുണ്ടെങ്കിലും പൊന്നാമറ്റം വീടിനു സമീപത്തെ വീട്ടില്‍ ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇലക്ട്രിക്കല്‍ പ്ലംബിങ് ജോലി ചെയ്തിരുന്ന ബിച്ചുണ്ണി 2018 ഓഗസ്റ്റ് 15നാണ് മരിച്ചത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. രാത്രി വീട്ടില്‍ വന്നു കിടന്ന ബിച്ചുണ്ണി രാവിലെ എഴുന്നേല്‍ക്കുന്നത് കാണാത്തതിനാല്‍ തൊട്ടടുത്ത് താമസിക്കുന്ന സഹോദര പുത്രന്റെ മക്കള്‍ പോയി വിളിച്ചെങ്കിലും അനക്കമറ്റ നിലയിലായിരുന്നു.
വായില്‍ നിന്നു രക്തം വന്നതായും ചര്‍ദിച്ചതായും ബന്ധുക്കള്‍ പറയുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. മൂന്ന് സെന്റ് കോളനിയില്‍ സംസ്‌കരിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ കോഴിക്കോട് പൊതു ശ്മശാനത്തിലായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. ഇമ്പിച്ചുണ്ണിയുടെ മൂത്ത മകന്‍ വിദേശത്താണ്. മറ്റൊരു മകന്‍ നാട്ടില്‍ ഓട്ടോ ഡ്രൈവറാണ്.
ഇപ്പോള്‍ ഈ വീട്ടില്‍ അദ്ദേഹത്തിന്റെ സഹോദരി ജാനകിയും ഭര്‍ത്താവ് കുമാരനുമാണ് താമസം. ബിച്ചുണ്ണിയുടെ മരണത്തില്‍ സംശയമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ റോയിയുടെ കുടുംബവുമായി നല്ല അടുപ്പമുള്ള ഇയാളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. റോയിയുടെ കുടുംബ കാര്യങ്ങള്‍ അറിയുന്നതിനാല്‍ അത് പുറത്താവുമോ എന്ന ഭയമായിരിക്കാം ഇത്തരത്തില്‍ ഇമ്പിച്ചുണ്ണിയെ അപായപ്പെടുത്തിയതെന്നാണ് നാട്ടുകാരുടെ സംശയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."