സഊദി കടലില്‍ എണ്ണ ഖനന കേന്ദ്രം തകര്‍ക്കാന്‍ ശ്രമം; അക്രമികളുടെ ബോട്ട് തകര്‍ത്തു
റിയാദ്: സഊദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ കടലില്‍ സ്ഥിതി ചെയ്യുന്ന എണ്ണ ഖനന കേന്ദ്രം തകര്‍ക്കാന്‍ ശ്രമം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എണ്ണ ഖനന കേന്ദ്രം ലക്ഷ്യമാക്കി മൂന്നു ബോട്ടുകള്‍ എത്തിയതെന്നും എന്നാല്‍ സഊദി റോയല്‍ നേവിയുടെ ഇടപെടലിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെടുകയുമായിരുന്നെന്നും സഊദിവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മൂന്നു ബോട്ടുകളാണ് രാജ്യത്തെ പ്രധാന ഓഫ് ഷോര്‍ എണ്ണ ഖനന റിഗിനെ ലക്ഷ്യമാക്കി കുതിച്ചെത്തിയത്. ചുകപ്പും വെള്ളയും കലര്‍ന്ന പതാക വഹിച്ചതായിയിരുന്നു മൂന്നു ബോട്ടുകളും. ഓഫ് ഷോര്‍ റിഗിനെതിരെ കുതിച്ചെത്തിയ ഇവര്‍ക്കെതിരെ ശക്തമായി സഊദി നേവി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇതു അവഗണിച്ച് മുന്നേറ്റം നടത്തിയതിനെ തുടര്‍ന്ന് ഇവക്കെതിരെ കടുത്ത രീതിയില്‍ ആക്രമിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
ആക്രമണത്തില്‍ ഒരു ബോട്ട് തകര്‍ന്നു. തകര്‍ന്ന ബോട്ടില്‍നിന്നു വന്‍ തോതിലുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്.
നേരത്തെ, ഓയില്‍ ഖനന പ്രദേശത്ത് സഊദി നാവികസേന തങ്ങളുടെ രണ്ടു ബോട്ടുകള്‍ക്കെതിരെ ആക്രമണം നടത്തിയിരുന്നതായും കമാണ്ടര്‍ കൊല്ലപ്പെട്ടതായും ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സഊദി നാവിക സേന വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."