ആര്‍.എസ്.എസ് ആക്രമണങ്ങള്‍ക്ക് എന്‍.എസ്.എസിനെ മറയാക്കുന്നു: സി.പി.എം
ചെങ്ങന്നൂര്‍: വെണ്മണിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരേ അഴിച്ചുവിട്ട ആക്രമണത്തില്‍ എന്‍.എസ്.എസിനെ മറയാക്കാന്‍ ശ്രമിക്കുന്നതായി സി.പി.എം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം.എച്ച് റഷീദ് പറഞ്ഞു.
കഴിഞ്ഞ എട്ടുമാസ കാലയളവിനുള്ളില്‍ നിരവധി ആക്രമണങ്ങളാണ് സംഘ്പരിവാര്‍ വെണ്മണിയില്‍ നടത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 10ന് ഡി.വൈ.എഫ്.ഐ വെന്മണി വെസ്റ്റ് മേഖല കമ്മിറ്റി അംഗം വെന്മണി താഴത്തമ്പലം ഷിഫിന്‍ മന്‍സിലില്‍ ഷിഫിന്‍ (23), മാതാവ് റജീന (49) എന്നിവര്‍ക്ക് ആര്‍.എസ്.എസ് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ലഘുലേഖകള്‍ വിതരണം ചെയ്യുകയായിരുന്ന വെന്മണി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ.കെ ശ്രീനിവാസന്‍, ബി. ബിജു, ബ്രാഞ്ച് സെക്രട്ടറി വിജയന്‍ വൈശാഖിയില്‍ എന്നിവരെ 40 പേരടങ്ങുന്ന ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയേറ്റത്തിനു ശ്രമിച്ചു.
ഡി.വൈ.എഫ്.ഐ വെന്മണി ഈസ്റ്റ് മേഖല ട്രഷററായ വെന്മണിതാഴം പാടത്ത് വീട്ടില്‍ സിബി ഏബ്രഹാ (38)മിന്റെ വീട് കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി പത്തോടെ വെന്മണിതാഴം കുന്നുതറയില്‍ വീട്ടില്‍ സുനില്‍ (43), മനോജ് ഭവനത്തില്‍ മനോജ് (29) എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
തുടര്‍ന്ന് വധഭീഷണി മുഴക്കിയ ശേഷമാണ് ഇവര്‍ മടങ്ങിയത്. ഇതിനെതിരേ വെണ്മണി കല്യാത്ര ജങ്ഷനില്‍ ചേര്‍ന്ന പ്രതിഷേധയോഗത്തിനിടയിലേക്കാണ് സമീപമുള്ള ഭുവനേശ്വരി ക്ഷേത്രത്തില്‍നിന്നു മുപ്പതോളം വരുന്ന ആര്‍.എസ്.എസ് സംഘം വടിവാള്‍, കമ്പിവടി, മുളവടി എന്നീ മാരകായുധങ്ങളുമായി ഇരച്ചു കയറി ആക്രമണം നടത്തിയത്. ജില്ലാ പഞ്ചായത്ത് അംഗം ജെബിന്‍ പി. വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ. ശ്യാം കുമാര്‍ അടക്കമുള്ള ആറു പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. ക്ഷേത്ര പരിസരത്ത് ആക്രമണത്തിനായി ബോധപൂര്‍വം തമ്പടിച്ചിരുന്ന ആര്‍.എസ്.എസ് സംഘം ആയുധങ്ങളും അവിടെ ശേഖരിച്ചിരുന്നു. ആക്രമണത്തിനു ശേഷം സി.പി.എം പ്രവര്‍ത്തകര്‍ എന്‍.എസ്.എസ് ഉടമസ്ഥതയിലുള്ള ക്ഷേത്രത്തില്‍ കടന്നു കയറി ആക്രമണം നടത്തിയെന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ് സംഘ്പരിവാര്‍ പടച്ചുവിടുന്നത്.
കഴിഞ്ഞ നാളുകളില്‍ വെണ്മണി പഞ്ചായത്തില്‍ ആര്‍.എസ്.എസ് നടത്തുന്ന ആക്രമണങ്ങളില്‍ പൊതുജന വികാരം എതിരാകുന്നതു കണ്ടാണ് സംഘപരിവാര്‍ എന്‍.എസ്.എസിന ഇതിനു മറയാക്കാന്‍ ശ്രമിക്കുന്നത്.
മതസൗഹാര്‍ദത്തെ തകര്‍ക്കുവാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്നും എം.എച്ച് റഷീദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."