പാസ്‌പോര്‍ട്ട് സേവാകേന്ദ്രം കട്ടപ്പനയില്‍ അനുവദിച്ചു
ചെറുതോണി: കട്ടപ്പനയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിച്ചതായി അഡ്വ. ജോയ്‌സ് ജോര്‍ജ് എം പി അറിയിച്ചു. ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി.
ജില്ലയില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പാസ്‌പോര്‍ട്ട് ലഭ്യമാകുന്നതിനുളള അവസരമാണ് ഇതിലൂടെ ഉണ്ടാകുന്നത്. കേരളത്തില്‍ രണ്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ മാത്രമാണ് അനുവദിച്ചത്. അതിലൊന്ന് ഇടുക്കിക്ക് നേടിയെടുക്കാന്‍ കഴിഞ്ഞത് പ്രത്യേക നേട്ടമാണെന്നും എം പി പറഞ്ഞു. കട്ടപ്പനയിലും ചെങ്ങന്നൂരുമാണ് പുതിയ സേവാകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
ഇപ്പോള്‍ തൊട്ടടുത്ത പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഉള്ളത് ആലുവയിലും കോട്ടയത്തും മാത്രമാണ്. മണ്ഡലത്തിലെ ചില സ്ഥലങ്ങളില്‍ നിന്ന് 200 ല്‍ അധികം കിലോമീറ്റര്‍ വരെ യാത്രചെയ്ത് വേണമായിരുന്നു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്താന്‍. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ മാറ്റമുണ്ടാകുന്നത്.
കട്ടപ്പന മെയിന്‍ പോസ്റ്റോഫീസിനോടു ചേര്‍ന്ന് 600 ചതുരശ്ര അടിയില്‍ നാലു കൗണ്ടറുകളിലായാണ് പുതിയ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. പൊലിസ് പരിശോധന ആവശ്യ മില്ലാത്ത അപേക്ഷകര്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കും. പൊലിസ് പരിശോധന ആവശ്യമാണെങ്കില്‍ ഇവിടെ നിന്നും നേരിട്ട് ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദ്ദേശം പോകും. പാസ്‌പോര്‍ട്ടിന്റെ പ്രിന്റിങ് മാത്രമാണ് എറണാകുളത്ത് റീജിയണല്‍ പാസ്‌പോര്‍ട്ട് സെന്ററില്‍ നടക്കുന്നത്. മറ്റെല്ലാ നടപടിക്രമങ്ങളും കട്ടപ്പനയിലെ പുതിയ ഓഫിസില്‍ ചെയ്യാനാവും. പുതുതായി അനുവദിച്ച കട്ടപ്പന പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെ ഗ്രാന്റിങ് ഓഫിസറെയും വേരിഫിക്കേഷന്‍ ഓഫിസറേയും ഉടന്‍ നിയമിക്കുമെന്നും അഡ്വ. ജോയ്‌സ് ജോര്‍ജ് എം പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."