സഊദി അനുവദിച്ചത് 23,715 വിനോദസഞ്ചാര വിസകള്‍
ജിദ്ദ: സെപ്റ്റംബര്‍ 28ന് സഊദി വിദേശ വിനോദ സഞ്ചാരികള്‍ക്കായി സന്ദര്‍ശനാനുമതി നല്‍കിയ ശേഷം ഇതുവരെ നല്‍കിയത് 23,715 വിനോദസഞ്ചാര വിസകളാണെന്ന് അധികൃതര്‍ അറിയിച്ചു.
ലോക ടൂറിസം ദിനത്തോടനുബന്ധിച്ചായിരുന്നു സഊദി വിനോദസഞ്ചാര, ദേശീയ പൈതൃക കമ്മീഷന്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് സഊദിയിലേക്ക് വിനോദ സഞ്ചാരത്തിനെത്താനുള്ള വിസക്ക് അനുമതി നല്‍കിയത്. വിനോദസഞ്ചാരികള്‍ക്ക് സഊദിയില്‍ 90 ദിവസം തുടര്‍ച്ചയായി നില്‍ക്കാവുന്ന ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ വിസയാണ് നല്‍കുന്നതെന്ന് നേരത്തെ തന്നെ എസ്സിടിഎച്ച് അറിയിച്ചിരുന്നു.
ചൈനയില്‍ നിന്നുള്ള 7391 പേര്‍ പത്തു ദിവസത്തിനിടെ ടൂറിസ്റ്റ് വിസ നേടി. രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടനില്‍ നിന്ന് 6159 പേരും മൂന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ നിന്ന് 2132 പേരും പത്തു ദിവസത്തിനിടെ ടൂറിസ്റ്റ് വിസ നേടി. 1612 കാനഡക്കാരും 1107 മലേഷ്യക്കാരും 744 ഫ്രഞ്ചുകാരും 557 ജര്‍മന്‍കാരും 484 റഷ്യക്കാരും 476 ഓസ്‌ട്രേലിയക്കാരും 421 കസാഖിസ്ഥാന്‍കാരും പത്തു ദിവസത്തിനിടെ ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് പ്രവേശിച്ചു.
വിദേശ രാജ്യങ്ങളില്‍നിന്ന് ടൂറിസ്റ്റ് വിസയിലെത്തുന്ന വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിന് രാജ്യത്തെ നാലു പ്രധാന എയര്‍പോര്‍ട്ടുകളില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഇലോഞ്ചുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സര്‍വീസുകള്‍ക്ക് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളും വ്യത്യസ്ത ഭാഷകളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ബോര്‍ഡുകളും ഇവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിന് സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജിന്റെ കൗണ്ടറുകളുമുണ്ട്. ടൂറിസ്റ്റുകള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനും നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഒരുക്കി.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, മദീന പ്രിന്‍സ് മുഹമ്മദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലാണ് ഇലോഞ്ചുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
റിയാദ്, ജിദ്ദ, ദമാം, മദീന എയര്‍പോര്‍ട്ടുകളും സഊദി യു.എ.ഇ അതിര്‍ത്തിയിലെ ബത്ഹ അതിര്‍ത്തി പോസ്റ്റും സഊദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയും വഴിയാണ് ടൂറിസ്റ്റ് വിസയിലെത്തുന്ന വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കുന്നത്. ഹജ് കാലത്ത് ഹജും ഉംറയും നിര്‍വഹിക്കുന്നതിനു ടൂറിസ്റ്റ് വിസകളിലെത്തുന്നവരെ അനുവദിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."