മുസ്തഫയുടെ കുടുംബത്തെ സഹായിക്കാന്‍ ജനകീയ സമിതി
കൊച്ചി: വാടക വീട്ടില്‍ കാന്‍സറുമായി ദുരിത ജീവിതം നയിക്കുന്ന മുസ്തഫയുടെ കുടുംബത്തെ സഹായിക്കുവാന്‍ തമ്മനം ജനകീയ സമിതി ഒരുങ്ങുന്നു.
കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ വീട്ടില്‍ രോഗിയായ ഭാര്യയെയും മകനെയും കൊണ്ട് ജീവിതം തള്ളി നീക്കിയ മുസ്തഫയുടെ ദുരിതജീവിതം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് സഹായ ഹസ്തവുമായി നാട്ടുകാര്‍ ഒരുമിക്കുന്നത്. പി.ടി തോമസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ രൂപികരിച്ച ജനകീയ സമിതി മുസ്തഫയ്ക്ക് വീട് നിര്‍മിച്ച് നല്‍കുവാനുള്ള ഒരുക്കത്തിലാണ് . ഇതിനായി ജൂലൈ 9ന് തമ്മനം പ്രദേശത്തെ 2000ഓളം വീടുകള്‍ കയറി ഇറങ്ങി പണം പിരിക്കും.
ഒരുകുടുംബത്തില്‍ നിന്ന് കുറഞ്ഞത് 500 രൂപയാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 15 ലക്ഷം രൂപയാണ് സഹായമായി നല്‍കുവാനുദേശിക്കുന്നത്. സംസാര ശേഷി നഷ്ടപ്പെട്ട് തളര്‍ന്ന് കിടക്കുന്ന ഭാര്യ നബീസയുമായി ദുരിത ജീവിതം നയിക്കുകയാണ് ഓട്ടോ ഡ്രൈവറായിരുന്ന മുസ്തഫ.
പഠനം പാതി വഴിയില്‍ നിര്‍ത്തി ജോലിക്ക് പോകുന്ന 17 വയസുള്ള മകന്‍ ഷാജഹാന്റെ തുശ്ചമായ വരുമാനമാണ് ഈ കുടുംബത്തിന് ഇപ്പോള്‍ ആശ്രയം. സ്വരൂപിച്ച് കിട്ടുന്ന തുക കൊണ്ട് തമ്മനത്ത് തന്നെ സ്ഥലം വാങ്ങി മുസ്തഫയ്ക്ക് വീട് വച്ച് നല്‍കുവാനുള്ള ഒരുക്കത്തിലാണ് ജനകീയ സമിതിയെന്നും പിടി തോമസ് എം.എല്‍.എ അറിയിച്ചു.
സഹായിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ബാങ്ക് വഴിയും പണം നിക്ഷേപിക്കാം. ഇതിനായി യൂണിയന്‍ ബാങ്കിന്റെ തമ്മനം ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 423702010017991 , യു.ബി.ഐ.എന്‍ 0542377 (ഐ.എഫ്.എസ്.സി കോഡ്). കൗണ്‍സിലര്‍ അജി ഫ്രാന്‍സിസ്, മര്‍ച്ചന്റ് യൂനിയന്‍ പ്രസിഡന്റ് ടി.എച്ച് താഹ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."